
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച തുകയിൽ നിന്ന് ഏകദേശം 6.5 മില്ല്യൺ ഡോളർ അതായത്, ഏകദേശം 61 കോടിയിലധികം രൂപ തട്ടിയെടുത്ത സന്നദ്ധ സംഘടനയുടെ ഭാരവാഹികൾക്കെതിരെ നിയമനടപടി. അമേരിക്കയിലെ മിനസോട്ടയിലാണ് സംഭവം. 'വി പുഷ് ഫോർ പീസ്' എന്ന എൻജിഒയുടെ ഡയറക്ടർമാരായ ട്രഹേൺ പൊള്ളാർഡ്, ജാക്ലിൻ മക്ഗുയിഗൻ എന്നിവർക്കെതിരെയാണ് മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ സിവിൽ കേസ് ഫയൽ ചെയ്തത്.
കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്, അക്രമ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സർക്കാർ നൽകിയ കരാറുകളിലൂടെ ലഭിച്ച വൻതുകയാണ് ഇവർ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ലാസ് വെഗാസിലേക്ക് വിനോദയാത്രകൾ നടത്തുകയും, ആഡംബര കാറുകൾ വാങ്ങുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
ട്രഹേൺ പൊള്ളാർഡ് തന്റെ കാർ ഡീലർഷിപ്പിലേക്കും മദ്യശാലയിലേക്കും ചാരിറ്റി ഫണ്ട് വകമാറ്റി. കൂടാതെ തന്റെ ടാക്സ് കുടിശ്ശിക തീർക്കാനും ചൈൽഡ് സപ്പോർട്ട് നൽകാനും ഈ തുക ഉപയോഗിച്ചു. സംഘടനയുടെ ട്രഷററായിരുന്ന ജാക്ലിൻ മക്ഗുയിഗൻ ആഴ്ചയിൽ 1,000 ഡോളർ വീതം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിക്കൊണ്ടിരുന്നു. അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസ് എന്ന വ്യാജേന സർക്കാർ ഗ്രാന്റുകളിൽ നിന്ന് വലിയൊരു തുകയും ഇവർ കൈക്കലാക്കി.
അന്വേഷണം തുടങ്ങിയതോടെ അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ പൊള്ളാർഡ് വ്യാജ രേഖകൾ സമർപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി നൽകിയ പണം 'ഓവർഹെഡ് എക്സ്പെൻസ്' എന്നും, സുഹൃത്തുക്കൾക്ക് നൽകിയ 35,000 ഡോളർ 'ജീവനക്കാരുടെ ശമ്പളം' എന്നുമാണ് ഇയാൾ രേഖപ്പെടുത്തിയത്. 'സമൂഹത്തെ സഹായിക്കുന്നതിന് പകരം, സമൂഹത്തിന് ലഭിക്കേണ്ട മില്ല്യൺ കണക്കിന് ഡോളർ ഇവർ സ്വന്തം ആവശ്യങ്ങൾക്കായി കവർന്നു' എന്ന് അറ്റോർണി ജനറൽ കീത്ത് എലിസൺ പ്രസ്താവനയിൽ പറഞ്ഞു. വൻതോതിൽ പണം ലഭിച്ചിട്ടും, ഒരു പ്രധാന സുരക്ഷാ ദൗത്യത്തിൽ സഹായിക്കാൻ നഗരസഭ ആവശ്യപ്പെട്ടപ്പോൾ ഈ സംഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.