
ഇരുപത് വർഷത്തിലേറെ കാലം ഫ്ലോറിഡയിൽ നിന്നുള്ള മേരി ആൻ ഫ്രാങ്കോ പൂർണ്ണമായും അന്ധകാരത്തിലാണ് ജീവിച്ചിരുന്നത്. 1993 -ൽ ഒരു വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റതിനെത്തുടർന്ന്, 70 വയസ്സുള്ളപ്പോൾ അവരുടെ കാഴ്ചശക്തി ക്രമേണ നഷ്ടപ്പെട്ടു. അവർ തന്നെ അക്കാലത്ത് പറഞ്ഞിരുന്നത് കറുപ്പ് മാത്രമാണ് തനിക്ക് കാണാൻ കഴിഞ്ഞിരുന്നതെന്നാണ്. എന്നാൽ, ഒരു മെഡിക്കൽ രഹസ്യം എന്ന് ഡോക്ടർമാർ പോലും വിശേഷിപ്പിച്ച ഒരു വീഴ്ച. അതും സ്വന്തം വീട്ടിൽ വച്ച് മേരി ഒന്ന് വീണപ്പോൾ എല്ലാം മാറിമറിഞ്ഞു.
2015 -ൽ കാഴ്ചയില്ലാത്ത മേരി ആൻ ഫ്രാങ്കോ അവരുടെ സ്വീകരണമുറിയിലെ ടൈലിൽ തട്ടി പിന്നിലേക്ക് തല അടിച്ച് വീണു. അപകടത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. മാസങ്ങളോളം കഴുത്തിൽ കോളർ ധരിക്കേണ്ടി വന്നു. പിന്നലെ കഴുത്ത് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയ ബോധക്ഷയത്തിൽ നിന്നും അവർ ഉണർന്ന് പുറത്തേക്ക് നോക്കിയപ്പോൾ 20 വർഷമായി തനിക്ക് കാണാൻ പറ്റാതിരുന്ന മരങ്ങളെയും കെട്ടിടങ്ങളെയും സൂര്യപ്രകാശവും അവർക്ക് കാണാൻ കഴിഞ്ഞു. മേരിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ന്യൂറോസർജൻ പോലും കാഴ്ച തിരിച്ച് കിട്ടിയതിനെ കുറിച്ച് വിശദീകരിക്കാൻ ബുദ്ധിമുട്ടി. പിന്നീട് ഈ കേസിനെ 'യഥാർത്ഥ അത്ഭുതം' എന്നാണ് ഡോ. ജോൺ അഫ്ഷർ വിശേഷിപ്പിച്ചത്. കഴുത്തിന് നടത്തിയ ശസ്ത്രക്രിയ അവരുടെ കാഴ്ച ശക്തി തിരിച്ച് കൊണ്ടുവരുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് ഡോ. ജോൺ അഫ്ഷർ തന്നെ ഒരു വിശദീകരണവുമായി എത്തി. മേരിയുടെ നട്ടെല്ലിന് നേരത്തെയുണ്ടായ പരിക്ക് കാഴ്ചയ്ക്ക് കാരണമായ തലച്ചോറിന്‍റെ ഭാഗത്തേക്കുള്ള രക്തപ്രവാഹത്തെ ബാധിച്ചിരിക്കാം. വീഴ്ചയോ ചിലപ്പോൾ ശസ്ത്രക്രിയയോ ഈ പ്രശ്നം പരിഹരിച്ചിരിക്കാമെന്നും, അതുവഴി രക്തചംക്രമണം പുനഃസ്ഥാപിക്കപ്പെടുകയും അവരുടെ കാഴ്ച തിരിച്ച് കിട്ടാൻ കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൃത്യമായും അതാണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്ന ശാസ്ത്രീയ തെളിവുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളോളം അന്ധനായിരുന്ന ഒരാൾക്ക് പെട്ടെന്ന് കാഴ്ച തിരിച്ച് കിട്ടുന്നത് അത്യപൂർവമാണ്. മനുഷ്യന്‍റെ തലച്ചോറും നാഡീവ്യവസ്ഥയും തമ്മിലുള്ള ബന്ധം ഇന്നും പൂർണ്ണമായും മനസിലാക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞില്ലെന്നും ഇത് വളരെ സങ്കീർണ്ണമാണെന്നും ന്യൂറോളജിസ്റ്റുകൾ പറയുന്നു. അതേസമയം തന്‍റെ കാഴ്ച തിരിച്ച് കിട്ടിയതിന് തന്‍റെ വിശ്വാസവും ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന് മേരി ആൻ ഫ്രാങ്കോ വിശ്വസിക്കുന്നു.