
കൊവിഡ് കാലത്തിന് പിന്നാലെയാണ് ആളുകൾക്ക് 'വർക്ക് ഫ്രം ഹോം' എന്ന സാധ്യത കൂടുതൽ പരിചിതമായത്. കൊവിഡ് സമയത്ത് തുടങ്ങിയ വർക്ക് ഫ്രം ഹോം സമ്പ്രദായം പല കമ്പനികളും അതിനുശേഷവും തുടരുകയായിരുന്നു. അതോടെ ഓഫീസിൽ പോയി ജോലി ചെയ്യാൻ പല കാരണങ്ങൾ കൊണ്ടും സാധിക്കാത്ത ആളുകൾക്ക് അതൊരു അവസരമായി മാറി. എന്നാലിപ്പോൾ പല കമ്പനികളും വർക്ക് ഫ്രം ഹോം നിർത്തലാക്കുകയും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
പല കമ്പനികളും ഇതൊരു തന്ത്രമായിക്കൂടി പ്രയോഗിക്കുന്നുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരെ പരമാവധി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. വർക്ക് ഫ്രം ഹോം മാത്രം ചെയ്യാനാവുന്ന തൊഴിലാളികൾ ഇതുവഴി കൊഴിഞ്ഞു പോയ്ക്കോളും എന്നാണത്രെ ഇത്തരം കമ്പനികളുടെ മനോഭാവം.
എന്തായാലും, തന്റെ അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവാവ്. തനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട് എന്നാണ് യുവാവ് പറയുന്നത്. ഭിന്നശേഷിക്കാരനായ താൻ കമ്പനിയിൽ ആദ്യം തന്നെ തന്റെ അവസ്ഥ അറിയിച്ചിരുന്നു. വർക്ക് ഫ്രം ഹോം മാത്രമേ ചെയ്യാനാവൂ എന്നും പറഞ്ഞതാണ്. എന്നാൽ, ഇപ്പോൾ കമ്പനിയിൽ നിന്നും തന്നോട് നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് യുവാവ് പറയുന്നത്.
തന്റെ ജോലി വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കുന്നതാണ് എന്നും യുവാവ് പറയുന്നുണ്ട്. എന്തായാലും, താൻ ഇതങ്ങനെ വിട്ടുകൊടുക്കില്ല എന്നും കമ്പനിയോട് തിരികെ പോരാടാൻ തന്നെയാണ് തീരുമാനം എന്നുമാണ് യുവാവ് പറയുന്നത്. അതിനായി തങ്ങളുടെ യൂണിയൻ പ്രതിനിധിയുടേയും ഡോക്ടറുടേയും ഒക്കെ സഹായം തേടി. അവർ സഹായിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തനിച്ച് പോരാടുക സാധ്യമല്ലാത്തിടത്ത് ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടത് എന്നും യുവാവ് പറയുന്നു.
വളരെ പെട്ടെന്നാണ് യുവാവിന്റെ പോസ്റ്റിന് അനേകം കമന്റുകൾ വന്നത്. പോരാട്ടം തുടരാനാണ് പലരും യുവാവിനോട് പറഞ്ഞത്.
(ചിത്രം പ്രതീകാത്മകം)
ജീവനക്കാർക്ക് പകരം എഐ; തൊഴിലാളികളെ അവർപോലുമറിയാതെ ഒഴിവാക്കുന്നതിങ്ങനെ, 'സയലൻ്റ് ഫയറിംഗ്' രീതി