യാത്രകൾക്കായി ഡ്രസ് ചുമക്കണ്ട, 'ഡിസ്പോസിബിൾ വസ്ത്രങ്ങൾ' ഹിറ്റാവുന്നു; വിടാതെ വിമർശനവും

Published : Sep 03, 2026, 09:23 PM IST
fashion

Synopsis

പ്രധാനമായും സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിലും റീലുകളിലും ആകർഷകമായി തോന്നുന്ന ഡിസൈനുകളിലാണ് ഇത്തരം വസ്ത്രങ്ങൾ പുറത്തിറങ്ങുന്നത്.

യാത്രകൾക്കിടയിൽ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന 'ഡിസ്പോസിബിൾ വസ്ത്രങ്ങൾ' ധരിക്കുന്ന പുതിയ പ്രവണത ചൈനയിലെ ചെറുപ്പക്കാർക്കിടയിൽ വൻ ജനപ്രീതി നേടുന്നു. അവധിക്കാലത്ത് ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിൽ വൻ പ്രചാരം നേടിയ ഈ രീതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായ 'ഡിസ്പോസിബിൾ ക്ലോത്തിംഗ്' എന്ന ഹാഷ്‌ടാഗിന് ഒരു പ്ലാറ്റ്‌ഫോമിൽ മാത്രം 68 ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് ലഭിച്ചത്.

ചെലവുകുറഞ്ഞ യാത്രാശീലം

യാത്രകളിൽ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് സാമ്പത്തികമായി ലാഭകരമാണെന്നാണ് ഉപയോക്താക്കളുടെ പക്ഷം. ഏഴു ദിവസത്തെ യാത്രയ്ക്കായി ആകെ 200 യുവാനിൽ താഴെ (ഏകദേശം 30 യു.എസ് ഡോളർ) മാത്രം ചെലവഴിച്ച് അഞ്ച് സെറ്റ് വസ്ത്രങ്ങൾ വാങ്ങിയതായി ഒരു യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഇവ തിരികെ കൊണ്ടുവരാതെ ഉപേക്ഷിക്കുകയാണ് പതിവ്.

പ്രധാനമായും സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിലും റീലുകളിലും ആകർഷകമായി തോന്നുന്ന ഡിസൈനുകളിലാണ് ഇത്തരം വസ്ത്രങ്ങൾ പുറത്തിറങ്ങുന്നത്. തിളക്കമാർന്ന നിറങ്ങളിലുള്ള നീളൻ സ്കർട്ടുകൾ, ഔട്ട്ഡോർ ജാക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇവ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമല്ല. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ചിലർ ഈ വസ്ത്രങ്ങൾ വലിച്ചെറിയുമ്പോൾ, മറ്റു ചിലർ ഇവ സെക്കൻഡ് ഹാൻഡ് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി വിൽപന നടത്തുന്നു.

ശക്തമായ വിമർശനവും പാരിസ്ഥിതികാഘാതവും

വിലക്കുറവ് കണ്ട് ഈ ട്രെൻഡ് പിന്തുടരുന്നവർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. 'വില കുറവാണെങ്കിലും നിർമ്മാണം, ഗതാഗതം, വിൽപന എന്നീ ഘട്ടങ്ങളിലൂടെ തന്നെയാണ് ഈ വസ്ത്രങ്ങളും ഉണ്ടാക്കപ്പെടുന്നത്. ഉപയോഗ ശേഷം ഉപേക്ഷിക്കുമ്പോൾ വൻതോതിലുള്ള മാലിന്യമാണ് നമ്മൾ സൃഷ്ടിക്കുന്നത്' എന്ന് ആളുകൾ പ്രതികരിച്ചു.

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) കണക്കനുസരിച്ച് ആഗോളതലത്തിൽ പ്രതിവർഷം 9.2 കോടി ടൺ തുണിമാലിന്യമാണ് ഉണ്ടാകുന്നത്. 2000 മുതൽ 2015 വരെയുള്ള കാലയളവിൽ വസ്ത്ര ഉത്പാദനം ഇരട്ടിയായപ്പോൾ അവയുടെ ആയുസ്സ് 36 ശതമാനം കുറഞ്ഞു. കൂടാതെ, 2023-ൽ ഉപയോഗിച്ച തുണിനൂലുകളിൽ 8 ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്തവ. പ്ലാസ്റ്റിക് മാലിന്യത്തിന്റെ 11 ശതമാനവും ടെക്സ്റ്റൈൽ ഉൽപന്നങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്.

വില കുറഞ്ഞ ഇത്തരം ഡിസ്പോസബിൾ വസ്ത്രങ്ങൾ പലപ്പോഴും കൃത്രിമ പ്ലാസ്റ്റിക് അംശങ്ങൾ അടങ്ങിയ കുറഞ്ഞ നിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ഇത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

PREV
Read more Articles on
click me!

Recommended Stories

കാശ് കൊടുത്താല്‍ ചൊറിഞ്ഞ് തരും, ബിസിനസിലൂടെ ലക്ഷങ്ങള്‍ കൊയ്‍ത് യുവാവ്
ഡ്രൈവറായി ജോലിക്ക് കയറി, ഊബർ മാനേജർ വരെയായി, കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടു; പോസ്റ്റ്