
വിവാഹമോചനം എന്ന ആശയം ജപ്പാന് പരിചിതമല്ലാത്ത ഒരു കാലത്ത് സ്ത്രീകൾക്ക് അഭയകേന്ദ്രമായി ജപ്പാനിൽ ഒരു ക്ഷേത്രം ഉയര്‍ന്നു. ഭർത്താക്കന്മാരില്‍ നിന്നും അനന്തമായി ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്ന നിരവധി സ്ത്രീകൾക്ക് സുരക്ഷിതമായ അഭയകേന്ദ്രമായി അന്ന് ഈ ക്ഷേത്രം മാറി. ജപ്പാനിലെ കാമകുര നഗരത്തിൽ സ്ഥിതി ചെയ്യുന്ന മാറ്റ്സുഗോക്ക ടോകെജി ക്ഷേത്രമാണ് ഇത്തരത്തിൽ ആയിരങ്ങൾക്ക് അഭയമായത്. 600 വർഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രമാണ് ഇത്. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്ത്രീകൾക്ക്, തങ്ങളെ പീഡിപ്പിക്കുന്ന ഭർത്താക്കന്മാരെ ഉപേക്ഷിക്കാൻ നിയമപരമായ അവകാശമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ആരംഭിച്ചത്.
1285 -ൽ ബുദ്ധ സന്യാസിനിയായിരുന്ന കക്വാസൻ ഷിദ്-നിയാണ് കാമകുര നഗരത്തിൽ മാറ്റ്സുഗോക ടോകെജി ക്ഷേത്രം പണിതത്. 1185 നും 1333 നും ഇടയിൽ, ജപ്പാനിലെ സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ നേടാനുള്ള പരിമിതമായ അവസരങ്ങളുള്ള നിരവധി സാമൂഹിക നിയന്ത്രണങ്ങൾ നിലനിന്നിരുന്നു. അസന്തുഷ്ടമായ ദാമ്പത്യജീവിതത്തിൽ നിരവധി സ്ത്രീകൾക്ക് ആ കാലഘട്ടത്തിൽ ഗാർഹിക പീഡനത്തിന് ഇരയാകേണ്ടി വന്നു. അതേസമയം നിയമപരമായ പരിരക്ഷ അവർക്ക് എവിടെ നിന്നും ലഭിച്ചിരുന്നുമില്ല. അത്തരത്തിൽ ഭർത്താക്കന്മാരിൽ നിന്നും രക്ഷപ്പെട്ട് ഓടി വന്നിരുന്ന നിരവധി സ്ത്രീകൾക്ക് അവരുടെ രണ്ടാമത്തെ വീടായി ഈ ക്ഷേത്രം മാറി.
അധികം വൈകാതെ ഈ ക്ഷേത്രം 'വിവാഹമോചന ക്ഷേത്രം' എന്ന് അറിയപ്പെടാൻ തുടങ്ങി. കാലക്രമേണ ബുദ്ധക്ഷേത്രം, തങ്ങളുടെ പങ്കാളികളെ എന്നന്നേക്കുമായി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഔദ്യോഗിക വിവാഹ മോചന സർട്ടിഫിക്കറ്റ് നൽകാനുള്ള പ്രവർത്തനം ആരംഭിച്ചു. ഇത്തരത്തിലുള്ള വിവാഹമോചന സർട്ടിഫിക്കറ്റ് സുഇഫുകു-ജി എന്നാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകളെ, അവരുടെ ഭർത്താക്കന്മാരിൽ നിന്ന് നിയമപരമായി വേർപെടുത്താൻ ഈ സർട്ടിഫിക്കറ്റ് സഹായിച്ചു.
എന്നാൽ പിന്നീട് വിവാഹമോചനം നിയമപരമായി ലഭ്യമായി തുടങ്ങിയതോടെ ഈ ക്ഷേത്രത്തിലേക്കുള്ള സ്ത്രീകളുടെ പലായനം കുറഞ്ഞു. ഇന്ന് വിവാഹമോചനവുമായി ബന്ധപ്പെട്ട യാതൊരു നിയമപരമായ കാര്യങ്ങളിലും ഈ ക്ഷേത്രം ഇടപെടുന്നില്ല. എന്നാൽ, ഒരുകാലത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു അഭയ കേന്ദ്രമായി മാറിയ ഈ ക്ഷേത്രത്തെ ഇന്നും പരിപാവനമായ ഒരിടമായാണ് ഇവിടുത്തുകാർ കാണുന്നത്. മനോഹരമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട മാറ്റ്‌സുഗാവോക ടോകെജി ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യയും ഏറെ അതിശയിപ്പിക്കുന്നതാണ്. സ്ത്രീ ശാക്തീകരണത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമായി ഇന്നും ക്ഷേത്രം നിലകൊള്ളുന്നു.
കറങ്ങുന്ന ഫാനില്‍ നിന്നും താഴെയ്ക്ക് ഇറങ്ങാന്‍ ശ്രമം നടത്തുന്ന പാമ്പ്; പിന്നീട് സംഭവിച്ചത്