വിവാഹമോചിതരായ ദമ്പതികൾ വീണ്ടും വിവാഹിതരായി; വഴിത്തിരിവായത് ഒരു ഇമെയിൽ സന്ദേശം

Published : Nov 12, 2022, 03:21 PM IST
വിവാഹമോചിതരായ ദമ്പതികൾ വീണ്ടും വിവാഹിതരായി; വഴിത്തിരിവായത് ഒരു ഇമെയിൽ സന്ദേശം

Synopsis

മറ്റൊരു പങ്കാളിക്കായി ഇരുവരും ശ്രമം നടത്തിയെങ്കിലും മനസ്സിനിണങ്ങിയ പങ്കാളികളെ കണ്ടെത്താൻ അവർക്ക് ഇരുവർക്കും സാധിച്ചില്ല. വർഷങ്ങൾ അങ്ങനെ കഴിഞ്ഞുപോകവേ വിവാഹബന്ധം വേർപെടുത്തിയിട്ടും തങ്ങളുടെ മക്കളെ പരിപാലിക്കാൻ ടിം കാണിക്കുന്ന മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് ഡാനിയേല ഒരു ഇമെയിൽ സന്ദേശം അദ്ദേഹത്തിന് അയച്ചു.

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതാണ് എല്ലാ പ്രണയവും. എത്രയൊക്കെ പിണങ്ങിയാലും ഉള്ളിലെ പ്രണയം ആത്മാർത്ഥമാണെങ്കിൽ  വീണ്ടും വീണ്ടും അടുക്കാനുള്ള ആഗ്രഹം ഓരോ പ്രണയിതാക്കളുടെ മനസ്സിലും ഉണ്ടായിക്കൊണ്ടിരിക്കും. അത്തരത്തിൽ മനോഹരമായ ഒരു പ്രണയമാണ് ഓസ്ട്രേലിയൻ ദമ്പതികളായ ഡാനിയല കർട്ടിസിന്റെയും ടിം കർട്ടിസിന്റെയും. വളരെ കൗതുകം നിറഞ്ഞതാണ് ഇവരുടെ പ്രണയകഥ. ഏറെനാളത്തെ പ്രണയത്തിനുശേഷം ഇരുവരും വിവാഹിതരായി. വിവാഹശേഷമുണ്ടായ ചില സൗന്ദര്യ പിണക്കങ്ങളെ തുടർന്ന് അവർ വിവാഹമോചിതരായി. എന്നാൽ, ചെറിയൊരു ഇടവേളക്കുശേഷം ഇപ്പോഴിതാ അവർ വീണ്ടും വിവാഹിതരായിരിക്കുകയാണ്.

ന്യൂസ് കോർപ് ഓസ്‌ട്രേലിയയുടെ റിപ്പോർട്ട് പ്രകാരം 2002 ജനുവരിയിൽ ഒരു ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ഡാനിയേല കർട്ടിസും ടിം കർട്ടിസും പരസ്പരം കണ്ടുമുട്ടിയത്. നീണ്ട നാളത്തെ സൗഹൃദ സംഭാഷണങ്ങൾക്കും കണ്ടുമുട്ടലുകൾക്കും ഒടുവിൽ 2003 -ൽ തനിക്ക് ടിമ്മിനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഡാനിയേല പറഞ്ഞു. 

അങ്ങനെ ഇരുവരും തമ്മിൽ വിവാഹിതരായി. വിവാഹിതയാകുന്ന സമയത്ത് ഡാനിയേലയ്ക്ക് തൻറെ മുൻ ബന്ധത്തിൽ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് 18 മാസങ്ങൾ പൂർത്തിയായപ്പോൾ ടീം ആ രണ്ടു കുഞ്ഞുങ്ങളെയും ഔദ്യോഗികമായി ദത്തെടുത്തു. അതിനുശേഷം അവർക്ക് മൂന്നു കുട്ടികൾ കൂടി ഉണ്ടായി. അങ്ങനെ വളരെ സന്തോഷകരമായ അവരുടെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് 2012 -ലെ ആ​ഗോള മാന്ദ്യം അവരെയും പിടിച്ചുലച്ചത്. അതോടെ ബിസിനസ് തകർന്ന ടീം മറ്റൊരു കമ്പനിയിൽ ജോലിക്ക് പോകാൻ നിർബന്ധിതനായി. ജോലിഭാരം കൂടിയതോടെ കുടുംബവുമായി ചെലവഴിക്കാൻ കിട്ടുന്ന ടീമിൻറെ സമയം കുറഞ്ഞു. അത് അവരുടെ കുടുംബ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടാക്കി. ചെറിയ ചെറിയ അസ്വാരസ്യങ്ങൾക്കൊടുവിൽ 2015 -ൽ ഇരുവരും വിവാഹമോചിതർ ആകാൻ തീരുമാനിച്ചു.
 
മറ്റൊരു പങ്കാളിക്കായി ഇരുവരും ശ്രമം നടത്തിയെങ്കിലും മനസ്സിനിണങ്ങിയ പങ്കാളികളെ കണ്ടെത്താൻ അവർക്ക് ഇരുവർക്കും സാധിച്ചില്ല. വർഷങ്ങൾ അങ്ങനെ കഴിഞ്ഞുപോകവേ വിവാഹബന്ധം വേർപെടുത്തിയിട്ടും തങ്ങളുടെ മക്കളെ പരിപാലിക്കാൻ ടിം കാണിക്കുന്ന മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് ഡാനിയേല ഒരു ഇമെയിൽ സന്ദേശം അദ്ദേഹത്തിന് അയച്ചു. ഇമെയിൽ ലഭിച്ച് ആറുമാസങ്ങൾക്കുശേഷമാണ് ടിം ഒരു മറുപടി ഡാനിയേലയ്ക്ക് അയച്ചത്. എന്തുകൊണ്ട് ഈ കാര്യം നമുക്ക് നേരിട്ട് സംസാരിച്ചുകൂടാ എന്നായിരുന്നു ടിമിൻറെ മറുപടി ചോദ്യം. 

അങ്ങനെ കുട്ടികൾ പോലും അറിയാതെ അവർ വീണ്ടും കണ്ടുമുട്ടി. ആ കണ്ടുമുട്ടൽ അവരുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന പ്രണയത്തെ വീണ്ടും തൊട്ടുണർത്തി. അങ്ങനെ അവർ ഇരുവരും വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചു. ഇപ്പോൾ തങ്ങളുടെ അഞ്ചു മക്കളോട് ഒപ്പം സന്തോഷകരമായി ജീവിക്കുകയാണ് ഇവർ.

PREV
Read more Articles on
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു