ഇന്ത്യയിലെ ആദ്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ഗാൽഗോട്ടിയാസ് സർവകലാശാല വലിയ വിവാദത്തിൽപ്പെട്ടു. ചൈനീസ് നിർമ്മിത റോബോട്ടിക് നായയെ ഇന്ത്യൻ ഉത്പന്നമായും, തെർമോക്കോൾ കൊണ്ട് നിർമ്മിച്ച ഡ്രോണും പ്രദർശിപ്പിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
ഇന്ത്യയിലെ ആദ്യ എഐ ഇംപാക്ട് ഉച്ചകോടി പരിഹാസങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. എഐ ഇംപാക്ട് ഉച്ചകോടിയിൽ ചൈനീസ് നിർമ്മിത റോബോട്ടിക് നായയെ ഇന്ത്യൻ ഉത്പന്നം എന്ന നിലയിൽ പ്രദർശിപ്പിച്ച ദില്ലിയിലെ ഗാൽഗോട്ടിയാസ് സ്വകാര്യ സർവകലാശാലയുടെ നടപടി വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. ഇതിന് പിന്നാലെ ഉച്ചകോടിയിൽ നിന്നും സർവകലാശാലയെ പുറത്താക്കിയതായി വാർത്തകൾ വന്നു. എന്നാൽ സമൂഹ മാധ്യമ ഉപയോക്താക്കൾ സർവകലാശാലയെ വെറുതെ വിടാൻ തയ്യാറല്ല.
'വിനാശകാരിയായ' തെർമോക്കോൾ ഡ്രോണ്‍
റോബോട്ടിക് നായയ്ക്ക് പിന്നാലെ സർവകലാശാല പ്രദർശിപ്പിച്ച ഡ്രോണാണ് പുതിയ വിഷയം. പ്ലാസ്റ്റിക് ഫിലിമിൽ പൊതിഞ്ഞ് റബ്ബർ ബാൻഡുകൾ ഉപയോഗിച്ച് ഉറപ്പിച്ചിരിക്കുന്ന തെർമോക്കോൾ കൊണ്ട് നിർമ്മിച്ച ഡ്രോൺ മോഡലാണ് സർവകലാശാല തങ്ങളുടെ പവലിയനിൽ പ്രദർശിപ്പിച്ചത്. ഒരു വീഡിയോയിൽ സർവകലാശാല പ്രതിനിധി പാക് മണ്ണിൽ സർവനാശം വിതയ്ക്കുന്ന ഡ്രോണ്‍ എന്ന് അതിനെ വിശേഷിപ്പിക്കുന്നതും കാണാം.
'യുജിസി അക്രഡിറ്റേഷൻ റദ്ദാക്കണം'
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ബ്രസീലിയൻ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ഒരു അന്താരാഷ്ട്ര ഉച്ചകോടിയിൽ പ്രദർശിപ്പിച്ച മോഡലിൽ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാക്കിയത്. "ഗാൽഗോട്ടിയയിലെ എന്‍റെ സുഹൃത്തുക്കൾ ഒരു അന്താരാഷ്ട്ര എഐ ഉച്ചകോടിയിൽ ഒരു തെർമോക്കോൾ നിർമ്മിത ഡ്രോൺ കൊണ്ടുവന്നു. ആ സർവകലാശാലയുടെ യുജിസി അക്രഡിറ്റേഷൻ റദ്ദാക്കൂ. അവർ അവിടുത്തെ വിദ്യാർത്ഥികളുടെ ജീവിതം നശിപ്പിക്കുകയാണെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഗാൽഗോട്ടിയ ഡ്രോൺ മോഡൽ നാലാം ക്ലാസ് കുട്ടികൾ സ്കൂൾ പ്രോജക്ടുകൾക്കായി ഉണ്ടാക്കുന്നവയാണെന്ന് പത്രപ്രവർത്തകനായ അശുതോഷ് മിശ്ര ട്വീറ്റ് ചെയ്തു.
ചൈനീസ് റോബോട്ട് നായ
ഉച്ചകോടിയുടെ തുടക്കത്തിൽ കോടിക്കണക്കിന് രൂപ എഐ പഠനത്തിനായി മാറ്റി വച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ഗാൽഗോട്ടിയാസ് സർവകലാശാല പ്രൊഫസർ നേഹ സിംഗ് തങ്ങൾ വികസിപ്പിച്ചെടുത്താണെന്ന അവകാശവാദത്തോടെ കാണിച്ച റോബോർട്ട് ചൈനീസ് നിർമ്മിതിയാണെന്ന വ്യക്തമായതോടെ കേന്ദ്ര സർക്കാറിനും ഗാൽഗോട്ടിയാസ് സർവകലാശാലയ്ക്കും എതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് തെർമോകോൾ ഡ്രോൺ വൈറലായത്. ഗാൽഗോട്ടിയാസ് സർവകലാശാലയുടെ മിക്ക എഐ ഉത്പന്നങ്ങളും വ്യാജമാണെന്ന് വ്യക്തമായതോടെ എഐ ഇംപാക്ട് ഉച്ചകോടിയിലെ സർവകലാശാല പവലിയൻ അടച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


