
ഡിഎൻഎ ടെസ്റ്റിൽ കുഞ്ഞ് തങ്ങളുടേതല്ല എന്ന് തിരിച്ചറിഞ്ഞു, ചികിത്സിച്ച ഐവിഎഫ് ക്ലിനിക്കിനെതിരെ പരാതിയുമായി ദമ്പതികൾ. ഡിഎൻഎ പരിശോധന പ്രകാരം കുട്ടിക്ക് ദമ്പതികളിൽ രണ്ടുപേരുമായും ഒരു ബന്ധവും ഇല്ല എന്നാണ് തെളിഞ്ഞത്. ടിഫാനി സ്കോർ ഭർത്താവായ സ്റ്റീവൻ മിൽസ് എന്നിവരാണ് ക്ലിനിക്കിനെതിരെ കേസുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇവർ ഫ്ലോറിഡയിലെ ലോങ്‌വുഡിലെ ഒർലാൻഡോയിലെ ഫെർട്ടിലിറ്റി സെന്ററിൽ ചികിത്സയ്ക്കായി എത്തിയത്. അവരുടെ ചികിത്സയിൽ പങ്കാളിയായിരുന്ന മിൽട്ടൺ മക്നിക്കോളിനെതിരെയും അവർ പരാതി നൽകിയിട്ടുണ്ട്. ഐവിഎഫ് ചികിത്സയിലൂടെ ഈ ദമ്പതികൾ അതിജീവന ശേഷിയുള്ള മൂന്ന് ഭ്രൂണങ്ങൾ ഉത്പാദിപ്പിക്കുകയും അവ മരവിപ്പിച്ചു സൂക്ഷിക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ, സ്കോർ ആ ഭ്രൂണങ്ങളിൽ ഒന്നാണെന്ന് അവർ വിശ്വസിച്ച ഒരു ഭ്രൂണം ഇംപ്ലാന്റ് ചെയ്തു. ആദ്യമായി മാതാപിതാക്കളാകുന്ന പലരെയും പോലെ, അവരും തങ്ങളുടെ കുഞ്ഞിന്റെ വരവിനായി തയ്യാറെടുക്കുകയും ഡിസംബർ 11 -ന് ഒരു മകളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഷിയ സ്കോർ മിൽസ് എന്ന് അവൾക്ക് പേരും നൽകി. എന്നാൽ, ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. കുഞ്ഞ് തങ്ങളെ ഇരുവരെയും പോലെ അല്ല എന്ന് അവർക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് അവർ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം ഇവർ തിരിച്ചറിഞ്ഞത്. ഷിയ തങ്ങളുടെ മകളല്ല.
ആ സത്യം അറിഞ്ഞതോടെ ദമ്പതികൾ തകർന്നുപോയി. ഷിയയെ തങ്ങൾ ഒരുപാട് സ്നേഹിക്കുന്നു എന്ന് അവർ പറയുന്നു. എന്നാൽ, അവളുടെ യഥാർത്ഥ മാതാപിതാക്കളിൽ നിന്നും അവളെ അകറ്റുന്നത് ശരിയല്ലല്ലോ എന്നതാണ് തങ്ങളുടെ ആകുലത, എന്നെങ്കിലും അവളെ പിരിയേണ്ടി വരുമോ എന്നതും തങ്ങളെ വേദനിപ്പിക്കുന്നു എന്നും അവർ പറയുന്നു. എന്തായാലും, ക്ലിനിക്കിനെതിരെ കേസ് കൊടുത്തിരിക്കയാണ് ഇപ്പോൾ ദമ്പതികൾ.