
ബെംഗളൂരുവിലെ വീട്ടുവാടക എപ്പോഴും ചർച്ചയാകുന്ന ഒന്നാണ്. കുറഞ്ഞ വാടകയ്ക്ക് ഒരു വീട് കിട്ടുക എന്നത് വലിയ പ്രതിസന്ധി തന്നെ. അതുപോലെ, നഗരത്തിൽ വീടുകൾക്ക് അമിതമായി വാടക വർദ്ധിക്കുന്നതിനെ കുറിച്ച് ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. കാർത്തിക് നഗർ മെട്രോ സ്റ്റേഷന് സമീപം താമസിക്കുന്ന ഒരാളാണ് തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ബെഡ്റൂമുള്ള വീടിന് നിലവിൽ 33,000 രൂപയാണ് ഇയാൾ വാടകയായി നൽകുന്നത്. ഇതിന് പുറമെ 2,500 രൂപ മെയിന്റനൻസ് ചാർജായും, വൈദ്യുതിക്കും വെള്ളത്തിനുമായി ഏകദേശം 6,000 രൂപയും അധികമായി നൽകേണ്ടി വരുന്നുണ്ട്. ഇതിനിടയിൽ ഉടമ ഓരോ വർഷവും നിർബന്ധിതമായി 10 ശതമാനം വാടക വർധിപ്പിക്കും എന്ന് അറിയിച്ചതായിട്ടാണ് യുവാവ് പറയുന്നത്.
'രണ്ട് വർഷം കൂടി ഇവിടെ തുടർന്നാൽ വാടക 40,000 രൂപയാകും. നിലവിലെ ഐടി മേഖലയിലെ സാഹചര്യം പരിഗണിക്കുമ്പോൾ എല്ലാ ഉടമകളും ഇത്തരത്തിൽ 10 ശതമാനം വാടക കൂട്ടാൻ നിർബന്ധം പിടിക്കാറുണ്ടോ' എന്നാണ് യുവാവിന്റെ ചോദ്യം. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ആളുകൾ കമന്റുകളുമായി എത്തി.
എല്ലാ വർഷവും ഇങ്ങനെ 10 ശതമാനം വാടക കൂട്ടണമെന്ന് യാതൊരു നിർബന്ധവുമില്ല എന്നും വീട്ടുടമയോട് ചോദിച്ച ശേഷം അതിൽ ഒരു തീരുമാനമാകാം എന്നുമാണ് ചിലർ അഭിപ്രായപ്പെട്ടത്. അതേസമയം, സാധാരണയായി അഞ്ച് ശതമാനമാണ് ഇങ്ങനെ വാടക കൂട്ടാറുള്ളത് എന്നും 10 ശതമാനം വർധിപ്പിക്കുന്നത് പലപ്പോഴും വാടകക്കാർക്ക് താങ്ങാൻ സാധിക്കില്ല എന്നും പലരും ചൂണ്ടിക്കാട്ടി. മാത്രമല്ല, അവിടെ നിന്നും താമസം മാറുന്നതായിരിക്കും നല്ലത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.