
വർഷങ്ങളോളം പഠനത്തിനും പരിശീലനത്തിനും വേണ്ടി സമയം ചെലവഴിച്ചിട്ടും വരുമാനം എത്ര കുറവ് മാത്രമേയുള്ളൂ എന്ന് കാണിക്കുന്ന ഒരു ഡോക്ടറുടെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. എക്സിലാണ് (ട്വിറ്റർ) ഡോ. വംശി കൃഷ്ണ എന്ന യുവാവ് തന്റെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ശമ്പളത്തെ കുറിച്ചാണ് വംശി കൃഷ്ണ പോസ്റ്റിൽ പറയുന്നത്. പഠനം ഇത്ര പ്രയാസകരമാണെങ്കിലും വരുമാനത്തിൽ അതിന്റെ മെച്ചം കാണാനില്ല എന്നാണ് യുവാവിന്റെ പോസ്റ്റിൽ സൂചിപ്പിക്കുന്നത്.
1.57 ലക്ഷം രൂപയിൽ നിന്നും ശമ്പളം 61,300 രൂപയായി. പിന്നീടത് 54500 രൂപയായി എന്ന് ഡോ. വംശി കുറിച്ചിരിക്കുന്നു. 'യുജിക്ക് വേണ്ടി 2 വർഷം ചെലവഴിച്ചു, ഇപ്പോൾ 2 വർഷം കൂടിയായി. എനിക്ക് ഏറ്റവും മികച്ചത് എന്ന് തോന്നുന്നതെല്ലാം നൽകി. എന്നിട്ടും ഞാൻ ഏറ്റവും മോശം എന്ന് കരുതിയതിനും അപ്പുറത്താണ് സംഭവിച്ചത്' എന്നും പോസ്റ്റിൽ പറയുന്നു.
കൂടുതലെന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന് അറിഞ്ഞിട്ടും ഇങ്ങനെ തകർന്നുപോകുന്നത് ബുദ്ധിമുട്ടാണ് എന്നാണ് വംശി പറയുന്നത്. താൻ ഈ പോസ്റ്റ് ഇടുന്നത് സഹതാപത്തിന് വേണ്ടിയല്ല. മറിച്ച് ഇത് ഒരു പരാജയമായിട്ടാണ് തോന്നുന്നത്, അതുകൊണ്ടാണ് എന്നും വംശി തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
ഒരുപാടുപേർ ഡോ. വംശിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തി. പലരും വംശിയെ ഉപദേശിക്കുകയാണ് ചെയ്തത്. കരുത്തോടെ തുടരാനും നിരാശനാവാതിരിക്കാനും വംശിയോട് പലരും കമന്റിൽ പറഞ്ഞു. 'സ്ട്രോങ്ങായിരിക്കൂ, കാര്യങ്ങൾ മെച്ചപ്പെടും' എന്നും പലരും പറഞ്ഞു. 'കരുത്തോടെയിരിക്കൂ, നിങ്ങളുടെ അവസ്ഥ എന്താണ് എന്ന് മനസിലാകും' എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം തന്നെ ഇപ്പോൾ തന്നെ കരിയറിലെ മറ്റൊരു വഴി കണ്ടെത്തൂ എന്ന് ഉപദേശിച്ചവരും ഉണ്ട്. അത് യുവാവിന്റെ പരിഗണനയിലുണ്ട് എന്നാണ് മനസിലാവുന്നത്.