
ഡോക്ടർമാരുടെ സേവനം നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഡോക്ടർമാരുടെ സേവനം ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. ജോലി എന്നതിന് പകരം സേവനം എന്നാണ് നമ്മൾ വിശേഷിപ്പിക്കുന്നത് എങ്കിലും അവർക്ക് നല്ല ശമ്പളം നൽകുക എന്നത് പ്രധാനമാണ്. എന്നാൽ, പലപ്പോഴും പലയിടങ്ങളിലും ഡോക്ടർമാർക്കും നഴ്സുമാർക്കും അത്ര നല്ല ശമ്പളമൊന്നും നൽകാറില്ല. അത് തെളിയിക്കുന്നൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്.
ഒരു ഡോക്ടറാണ് 19 വർഷം മുമ്പുള്ള തന്റെ ശമ്പളം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2004 -ൽ തനിക്ക് കിട്ടിയിരുന്ന ശമ്പളമാണ് ഡോക്ടറുടെ പോസ്റ്റിൽ സൂചിപ്പിക്കുന്നത്. ഒരു പ്രൈവറ്റ് ആശുപത്രിയിൽ ലീഡിംഗ് ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറയുന്നത് തനിക്ക് 2004 -ൽ കിട്ടിയിരുന്ന ശമ്പളം 9000 രൂപയാണ് എന്നാണ്. ഒരു യുവ ഡോക്ടർ സാമൂഹിക സേവനം നടത്തുകയും അതുപോലെ വരുമാനം നേടുകയും വേണം എന്നതിനെ കുറിച്ചുള്ള ആശങ്ക പങ്കു വച്ചതിന് മറുപടി നൽകുകയായിരുന്നു സുധീർ കുമാർ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു യുവ പ്രാക്ടീഷണർക്ക് സാമൂഹിക സേവനം ചെയ്യുന്നത് അത്ര എളുപ്പമല്ല എന്നായിരുന്നു പോസ്റ്റ്.
"ഞാൻ നിങ്ങളോട് യോജിക്കുന്നു. 20 വർഷം മുമ്പ് ഞാനും ഒരു യുവ പ്രാക്ടീഷണറായിരുന്നു. DM ന്യൂറോളജി (2004) കഴിഞ്ഞ് നാല് വർഷം എന്റെ ശമ്പളം പ്രതിമാസം 9000 രൂപയായിരുന്നു. എംബിബിഎസിന് ചേർന്ന് 16 വർഷത്തിന് ശേഷമായിരുന്നു ഇത്. സിഎംസി വെല്ലൂരിൽ, എന്റെ പ്രൊഫസർമാരെ നിരീക്ഷിച്ചപ്പോഴാകട്ടെ, ഡോക്ടറുടെ ജീവിതം കുറച്ച് ചെലവാക്കിക്കൊണ്ടുള്ളതാകണം എന്നും ചുരുങ്ങിയത് കൊണ്ട് ജീവിക്കാൻ പഠിക്കണമെന്നും ഞാൻ മനസ്സിലാക്കി" എന്നാണ് അദ്ദേഹം കുറിച്ചത്.
ഏതായാലും നിരവധിപ്പേരാണ് ഇതിനോട് പ്രതികരിച്ചത്. ചിലർ ഇത് വിശ്വസിക്കാൻ പ്രയാസമുണ്ട് എന്ന് പറഞ്ഞപ്പോൾ മറ്റ് ചിലർ ഇതിൽ അതിശയോക്തി ഒന്നും തന്നെ ഇല്ല എന്നാണ് പറഞ്ഞത്. എങ്കിലും വളരെ അധികം പേർ ഇതിൽ അവിശ്വാസം പ്രകടിപ്പിച്ചു. അതേ സമയം തനിക്ക് ഈ ശമ്പളത്തിൽ പ്രശ്നം അനുഭവപ്പെട്ടില്ല. താൻ പിന്നെയും അവിടെ തന്നെ കുറേ നാൾ ജോലി ചെയ്തു. കാരണം തനിക്ക് സംതൃപ്തി ഉണ്ടായിരുന്നു എന്നും അദ്ദേഹം എഴുതി. എന്നാൽ, തന്റെ ശമ്പളം കുറവായതിൽ അമ്മയ്‍ക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.