
രണ്ട് ദിവസത്തിലധികമായി ബാഡ്ജറുകളുടെ മാളത്തിൽ(badger sett) കുടുങ്ങിപ്പോയ ഒരു നായയെ ഒടുവിൽ രക്ഷപ്പെടുത്തി. ലെസ്റ്റർഷെയറിലാണ് സംഭംവം. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് നായയെ രക്ഷിക്കണം എന്നും പറഞ്ഞ് വിളി വന്നതെന്ന് ലെസ്റ്റർഷയർ(Leicestershire) ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അറിയിച്ചു.
60 മണിക്കൂറായിട്ടും ബാഡ്ജറുകൾ കുഴിച്ച തുരങ്കത്തിൽ നിന്നും ഈ കോക്കർ സ്പാനിയൽ ഇനത്തിൽ പെട്ട വളർത്തുനായയ്ക്ക് പുറത്ത് വരാൻ കഴിയാത്തതിനെ തുടർന്നാണ് ഉടമകൾ സഹായം തേടുന്നത്. നായയെ കണ്ടെത്തി രക്ഷപ്പെടുത്താൻ പ്രത്യേകം ഉപകരണങ്ങൾ തന്നെ ഉപയോഗിച്ചു. ശനിയാഴ്ചയാണ് വിൻസ്റ്റൺ എന്ന നായയെ തുരങ്കത്തിൽ കാണാതായി എന്ന് കോൾവില്ലിൽ നിന്നുള്ള ഉടമകളായ ഹീതറും അലക്‌സ് പീക്കും വിളിച്ചറിയിക്കുന്നത് എന്ന് ആർഎസ്പിസിഎ അറിയിച്ചു.
ബാഡ്ജർ സെറ്റുകൾ സുരക്ഷിതമാണ്. അതിനാൽ 48 മണിക്കൂർ നായയെ തനിച്ച് തന്നെ വിടാം എന്നാണ് പറയുന്നത്. പിന്നീട് നായയെ അതിൽ നിന്നും പുറത്തെടുക്കാനായി നാച്ചുറൽ ഇംഗ്ലണ്ടിനോട് കുഴിക്കുന്നതിനുള്ള ലൈസൻസ് നേടണം. വിൻസ്റ്റൺ കുടുങ്ങിയ ആ രണ്ട് ദിവസം കടന്നുപോകുന്നത് കഠിനമായിരുന്നു' എന്നാണ് ഉടമകൾ പറയുന്നത്. 'രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം തുടങ്ങിയപ്പോഴെല്ലാം അവനെ പൂർണമായി നഷ്ടപ്പെട്ടു എന്നാണ് കരുതിയത്. ഏറ്റവും മോശം വാർത്തക്കായി തന്നെ മനസിനെ ഒരുക്കുകയായിരുന്നു. ചെളിയിലൂടെ അവന്റെ മുഖത്തിന്റെ കുറച്ച് ഭാഗം കണ്ടപ്പോൾ തന്നെ തങ്ങൾ കരയുകയായിരുന്നു' എന്നും ഉടമകൾ പറയുന്നു.
രണ്ട് സംഘം ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അഗ്നിശമനസേന അറിയിച്ചു. കോൾവില്ലിൽ നിന്നുള്ള ഒന്നും മറ്റൊന്ന് സാങ്കേതിക രക്ഷാസംഘവും. അഞ്ച് മണിക്കൂറിന്റെ പ്രയത്നത്തിനൊടുവിലാണ് അവർക്ക് നായയെ പുറത്തെടുക്കാനായത്. ആ തുരങ്കം ബാഡ്ജറുകൾ ഉപേക്ഷിച്ചതാണ് എന്നാണ് കരുതുന്നത് എന്നും രക്ഷാപ്രവർത്തകർ പറയുന്നു.
രക്ഷാപ്രവർത്തനം ശ്രമകരം തന്നെയായിരുന്നു എന്നും ഒടുവിൽ നായയെ രക്ഷിക്കാനായപ്പോഴുണ്ടായ സന്തോഷം വളരെ അധികമായിരുന്നു എന്നും രക്ഷാപ്രവർത്തകർ പറയുന്നു. വിൻസ്റ്റൺ ആ അപകടത്തിന്റെ ഷോക്കിലാണ് എന്നും എന്നാൽ ഉടൻ തന്നെ അതിൽ നിന്നും പുറത്ത് കടക്കുമെന്നാണ് കരുതുന്നത് എന്നും ഉടമകൾ പറയുന്നു.