കടലിൽ കുടുങ്ങിപ്പോയ യുവാവിന് കൂട്ടുപോയി ഡോൾഫിനുകൾ, രക്ഷാപ്രവർത്തകരുടെ ശ്രദ്ധയാകർഷിച്ചു, രക്ഷപ്പെടാൻ സഹായിച്ചു

By Web TeamFirst Published Sep 7, 2021, 9:50 AM IST
Highlights

കടൽത്തീരത്ത് അയാളുടെ വസ്ത്രങ്ങൾ കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അയർലണ്ടിലെ മഞ്ഞുപാളികൾക്കിടയിൽ നീന്തുന്നതിനിടെ ശരീര താപനില അപകടകരമാംവിധം താഴ്ന്നിരുന്നു.

കടലിൽ പെട്ടുപോയ ഒരു യുവാവ് തന്നെ ഒരു കൂട്ടം ഡോൾഫിനുകൾ എങ്ങനെയാണ് രക്ഷപ്പെടാൻ സഹായിച്ചത് എന്ന അവിശ്വസനീയമായ കഥ പറയുകയാണ്. 24 -കാരനായ റുവെയർ മക്സോർലിയാണ് നീണ്ട 12 മണിക്കൂർ കടലിൽ കുടുങ്ങിപ്പോയത്. അവൻ ആദ്യം വിചാരിച്ചത് തന്നെ ജീവനോടെ ഭക്ഷണമാക്കാനെത്തിയ സ്രാവുകളാണ് അത് എന്നാണ്. എന്നാല്‍, അവനെ സംരക്ഷിക്കാൻ വേണ്ടി എത്തിയ ഡോള്‍ഫിനുകളുടെ കൂട്ടമാണ് അതെന്ന് അവന് പിന്നീടാണ് മനസിലായത്. 

കൗണ്ടി കെറിയുടെ തീരത്ത് നിന്ന് രണ്ടര മൈൽ അകലെയായിട്ടാണ് മക്സോർലി കടലില്‍ കുടുങ്ങിപ്പോയത്. ഫെനിറ്റ് ആർഎൻഎൽഐ വളണ്ടിയർമാർ രാത്രി 8.30 ഓടെ അവനെ രക്ഷപ്പെടുത്തി. മങ്ങിയ വെളിച്ചത്തില്‍ മക്സോർലിയെ ചുറ്റിക്കറങ്ങുന്ന ഡോൾഫിനുകളുടെ ഒരു കൂട്ടത്തെ കണ്ടതോടെയാണ് അവന്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുന്നത്. ആ ഡോൾഫിനുകളുടെ കൂട്ടം കടലിൽ തന്നെ അനു​ഗമിച്ചു എന്നും രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ആകർഷിച്ച് തന്നെ രക്ഷപ്പെടാൻ സഹായിച്ചു എന്നുമാണ് യുവാവ് പറയുന്നത്.

 

'നീന്തുന്നതിനിടയിലാണ് ഞാന്‍ കറുത്ത നിറത്തിലെന്തോ വരുന്നത് കണ്ടത്. ഞാൻ ആദ്യം ചിന്തിച്ചത് നാശം, ദക്ഷിണ അയർലണ്ടിൽ സ്രാവുകൾ ഉണ്ടോ എന്ന് ഞാൻ ഗൂഗിൾ ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നാണ്? ഞാൻ വിചാരിച്ചു, അവ സ്രാവുകളാണെങ്കിൽ, ഈ സമയത്ത് ഞാൻ ശിക്ഷിക്കപ്പെടും, അല്ലെങ്കിൽ അവയ്ക്ക് വിശപ്പുണ്ടാകരുത്' അദ്ദേഹം ദ സണ്ണിനോട് പറഞ്ഞു. 

കാസിൽഗ്രിഗറി ബീച്ചിന്റെ തീരത്ത് നിന്ന് മുക്ലാഗ്മോർ റോക്കിലേക്ക് അഞ്ച് മൈലിലധികം ദൂരം നീന്താൻ മക്സോർലി പദ്ധതിയിട്ടിരുന്നു. കടൽത്തീരത്ത് അയാളുടെ വസ്ത്രങ്ങൾ കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അയർലണ്ടിലെ മഞ്ഞുപാളികൾക്കിടയിൽ നീന്തുന്നതിനിടെ ശരീര താപനില അപകടകരമാംവിധം താഴ്ന്നിരുന്നു. അതിനാല്‍ തന്നെ അവനെ കണ്ടെത്താന്‍ അര മണിക്കൂര്‍ കൂടി വൈകിയിരുന്നുവെങ്കില്‍ ജീവന്‍ അപകടത്തിലായേനെ എന്ന് രക്ഷാപ്രവർത്തകർ വെളിപ്പെടുത്തി. 

പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് അവനെ കടലില്‍ നിന്നും രക്ഷിച്ചത്. 'അത്ഭുതകരമായ രക്ഷപ്പെടലെ'ന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഏതായാലും രക്ഷാപ്രവർത്തകരുടെ ശ്രദ്ധയാകർഷിച്ച് തന്നെ രക്ഷപ്പെടാൻ സഹായിച്ച ഡോൾഫിൻ കൂട്ടത്തോട് നന്ദി പറയുകയാണ് അദ്ദേഹം. 

(ആദ്യചിത്രം പ്രതീകാത്മകം)

click me!