
പതിറ്റാണ്ടുകൾക്ക് മുമ്പ് ബീജദാനം നടത്തിയതിലൂടെ ജനിച്ച രണ്ട് മക്കളെ ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടി ഒരു 87 -കാരൻ. സതാംപ്ടണിൽ നിന്നുള്ള സാം സിമ്മണ്ട്സ് 1990 -കളുടെ അവസാനത്തിൽ ഓസ്‌ട്രേലിയയിൽ താമസിക്കുമ്പോഴാണ് ബീജദാനം നടത്തുന്നത്. സിഡ്‌നിയിലെ ഒരു ലെസ്ബിയൻ ദമ്പതികളായിരുന്നു ആ ബീജം ഉപയോഗിച്ചത്. അതിലൂടെ ആഷർ, റൂബൻ എന്നീ രണ്ട് ആൺമക്കളും ജനിച്ചു.
ആഷറിന് 18 വയസ്സ് തികഞ്ഞപ്പോൾ, അവന് ബീജദാതാവിന്റെ പേര് നൽകി. അതോടെയാണ് അവൻ സിമ്മണ്ട്സിനെ തിരയാൻ തുടങ്ങിയത്. സിമ്മണ്ട്സ് സ്വയം പ്രസിദ്ധീകരിച്ച ആത്മകഥ ആ അന്വേഷണത്തിനിടെ ആഷർ കണ്ടെത്തി. ഓസ്‌ട്രേലിയയിൽ ആയിരുന്ന കാലത്ത് താൻ ഒരു ബീജദാതാവായിരുന്നുവെന്ന് പുസ്തകത്തിൽ സിമ്മണ്ട്സ് എഴുതിയിരുന്നു. അങ്ങനെ ആഷർ അച്ഛനെ തേടി സിഡ്നിയിൽ എത്തി.
ഒരു കത്തിലൂടെയാണ് സിമ്മണ്ട്സുമായി ബന്ധപ്പെടുന്നത്. പിന്നീട് നമ്പർ കൈമാറുകയും വീഡിയോകോൾ വിളിക്കുകയും ചെയ്തു. അങ്ങനെ, സതാംപ്ടണിൽ കണ്ടുമുട്ടാം എന്ന് തീരുമാനിച്ചു. അമ്മമാരായ റെബേക്കയും ഫിയോണയും രണ്ട് ആൺമക്കൾ ജനിച്ചിട്ടുണ്ട് എന്നെഴുതിയ അജ്ഞാതമായ ഒരു കത്ത് സിമ്മണ്ട്സിന് അയച്ചിരുന്നു. ബീജദാനത്തിന് ശേഷം മക്കളെ കുറിച്ച് കൂടുതലൊന്നും അറിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
'വളരുമ്പോഴെല്ലാം എന്നെങ്കിലും തന്റെ പിതാവ് ആരാണ് എന്ന് അറിയുമെന്നും അദ്ദേഹത്തെ കണ്ടുമുട്ടുമെന്നും താൻ പ്രതീക്ഷിച്ചിരുന്നു, അതിനുവേണ്ടി കാത്തിരുന്നു' എന്നും ആഷർ പറയുന്നു. '18 വയസുവരെ തനിക്ക് അച്ഛൻ ആരാണ് എന്ന് അറിയാൻ അനുവാദമുണ്ടായിരുന്നില്ല. ഒടുവിൽ, അദ്ദേഹത്തെ കണ്ടെത്തി എന്നത് ഏറെ മനോഹരമാണ്. വിശ്വസിക്കാൻ സാധിക്കുന്നില്ല' എന്നും ആഷർ ബിബിസിയോട് പറഞ്ഞു. 'അദ്ദേഹം എന്റെ ഡാഡ് ആയിരിക്കില്ല. പക്ഷേ, അദ്ദേഹം എന്റെ അച്ഛനാണ്. അദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ്' എന്നും ആഷർ പറഞ്ഞു. ഫിയോണയും റെബേക്കയും മക്കൾക്കൊപ്പം സിമ്മണ്ട്സിനെ കാണാനെത്തിയിരുന്നു.
2005 മുതൽ യുകെയിൽ അജ്ഞാത ബീജദാനം നിരോധിച്ചിരിക്കുകയാണ്. കുട്ടികൾക്ക് 18 വയസാകുമ്പോൾ അവരുടെ അച്ഛനാരാണ് എന്ന് അവരെ അറിയിക്കണം എന്നാണ് നിയമം. അതേസമയം, ബീജദാതാക്കൾക്ക് അവരുടെ കുട്ടികളോട് നിയമപരമായ ബാധ്യതകളൊന്നുമില്ല.