ലോകത്തെ മാറ്റിമറിച്ച ഒരൊറ്റ സിദ്ധാന്തം ; 166 വർഷം മുൻപ് സംഭവിച്ചത്

Published : Nov 24, 2025, 12:33 PM IST
 On the origin of species

Synopsis

ചരിത്രത്തിലെ സുപ്രധാന ദിനങ്ങളിൽ ഒന്നായ ഇന്ന്, ചാൾസ് ഡാർവിൻ്റെ ലോകപ്രശസ്ത ഗ്രന്ഥമായ 'ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്' 1859-ൽ പ്രസിദ്ധീകരിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നു. ജീവലോകത്തെക്കുറിച്ചുള്ള മനുഷ്യൻ്റെ ധാരണകളെ സമൂലമായി മാറ്റിമറിച്ച ഈ പുസ്തകം…

ഡാർവിന്റെ 'ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്' ഗ്രന്ഥം പ്രസിദ്ധീകരിച്ചതിൻ്റെ ഓർമ്മകളിലൂടെ…

ജീവലോകത്തെക്കുറിച്ചുള്ള മനുഷ്യൻ്റെ സങ്കൽപ്പങ്ങളെ തലകീഴായി മറിച്ചുകൊണ്ട്, ചാൾസ് റോബർട്ട് ഡാർവിൻ്റെ വിഖ്യാത ഗ്രന്ഥം ' ഓൺ ദി ഒറിജിൻ ഓഫ് സ്പീഷീസ്'( On the origin of species)പ്രസിദ്ധീകരിച്ചിട്ട് ഇന്ന് 166 വർഷം തികയുന്നു. 1859 നവംബർ 24-ന് പുറത്തിറങ്ങിയ ഈ പുസ്തകം, പ്രകൃതിനിർദ്ധാരണത്തിലൂടെയുള്ള പരിണാമ സിദ്ധാന്തം (Theory of Evolution by Natural Selection) എന്ന ആശയത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ചു. ശാസ്ത്രത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഈ സംഭവം, ജീവശാസ്ത്രത്തിൻ്റെ അടിസ്ഥാനശിലയായി ഇന്നും നിലകൊള്ളുന്നു.

ഒരു കപ്പൽ യാത്രയിൽ പിറന്ന സിദ്ധാന്തം

ഈ സിദ്ധാന്തത്തിന് രൂപം നൽകിയത് ഡാർവിൻ എച്ച്എംഎസ് ബീഗിൾ എന്ന കപ്പലിൽ നടത്തിയ അഞ്ചുവർഷത്തെ (1831-1836) ലോക സഞ്ചാരമാണ്. യാത്രയ്ക്കിടെ, പ്രത്യേകിച്ച് ഗാലപ്പഗോസ് ദ്വീപുകളിൽ അദ്ദേഹം നടത്തിയ പഠനങ്ങൾ, ജീവിവർഗ്ഗങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ അസാധാരണമായ പൊരുത്തപ്പെടുത്തലിനെക്കുറിച്ചുമുള്ള പുതിയ ചിന്തകൾക്ക് വഴിതുറന്നു. മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരു പൊതുപൂർവ്വികൻ (Common Ancestor) ഉണ്ടെന്നും, അതിൽനിന്ന് പരിസ്ഥിതിക്ക് അനുയോജ്യമായ മാറ്റങ്ങൾ സംഭവിച്ചവ മാത്രം അതിജീവിച്ച് (Survival of the Fittest) പുതിയ സ്പീഷീസുകളായി രൂപപ്പെടുന്നുവെന്നുമാണ് ഡാർവിൻ സമർഥിച്ചത്. ഇതിനെയാണ് അദ്ദേഹം പ്രകൃതിനിർദ്ധാരണം (Natural Selection) എന്ന് വിളിച്ചത്.

വിവാദങ്ങളുടെ കൊടുങ്കാറ്റ്

'ഒറിജിൻ ഓഫ് സ്പീഷീസ്' പ്രസിദ്ധീകരിച്ചതിന് ശേഷം ശാസ്ത്രലോകത്തും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് ഇത് തിരികൊളുത്തി. അക്കാലത്ത് നിലനിന്നിരുന്ന സൃഷ്ടിവാദപരമായ വിശ്വാസങ്ങൾക്ക് ഇത് വിരുദ്ധമായിരുന്നു. മനുഷ്യൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള മതപരമായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത ഡാർവിൻ, യാഥാസ്ഥിതിക സമൂഹത്തിൽനിന്ന് വലിയ വിമർശനങ്ങൾ നേരിട്ടു. എന്നാൽ, കാലക്രമേണ, ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തിൽ ഡാർവിൻ്റെ സിദ്ധാന്തം സ്വീകരിക്കപ്പെടുകയും ആധുനിക ജീവശാസ്ത്രത്തിൻ്റെ അടിത്തറയായി മാറുകയും ചെയ്തു.

ഇന്നും പ്രസക്തം

166 വർഷങ്ങൾക്കിപ്പുറവും പരിണാമ സിദ്ധാന്തം ശാസ്ത്ര പഠനങ്ങളുടെ പ്രധാന കേന്ദ്രബിന്ദുവായി തുടരുന്നു. ജീനുകളുടെ കണ്ടെത്തലോടെ, ഡാർവിൻ്റെ സിദ്ധാന്തത്തിന് കൂടുതൽ വ്യക്തതയും ശക്തിയും ലഭിച്ചു. ഇന്ന്, കെവിഡ് വൈറസിൻ്റെ രൂപാന്തവും, ആന്‍റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളായാലും, പരിണാമ സിദ്ധാന്തം ഈ പ്രതിഭാസങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഡാർവിൻ്റെ കണ്ടെത്തലുകൾ, പ്രകൃതിയുടെ അത്ഭുതലോകത്തെയും അതിലെ ജീവികളുടെ പരസ്പരബന്ധത്തെയും കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ലോകത്തെ പ്രേരിപ്പിച്ചു. അതുകൊണ്ട് തന്നെയാണ്, 1859 നവംബർ 24 എന്ന ആ ദിവസം ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്