
അമ്മ(Mother)യാൽ ഉപേക്ഷിക്കപ്പെടുക എന്നാൽ കൊച്ചുകുഞ്ഞുങ്ങൾക്ക് അങ്ങേയറ്റം വേദനാജനകമായ കാര്യമാണ്. അതിപ്പോൾ മനുഷ്യരായാലും മൃഗമായാലും. പ്രത്യേകിച്ചും മുലപ്പാൽ കുടിച്ച് വളരേണ്ടുന്ന പ്രായമാണ് എങ്കിൽ. ഇവിടെ അമ്മ ഉപേക്ഷിച്ചു പോയ ഒരു കഴുത(Donkey)ക്കുട്ടിക്ക് കൂടുതൽ കൂട്ട് ഇപ്പോൾ ചുറ്റുമുള്ള തന്നെ നോക്കിയ മനുഷ്യരോടും അവൻ കൂട്ടുകൂടിയ നായകളോടും ആണ്. അവൻ സ്വയം കരുതുന്നത് താനും ഒരു നായ ആണ് എന്നാണ്.
ലിങ്കൺഷെയറിലെ ഒരു ഫാമിലാണ് ഈ കഴുതക്കുട്ടി അവനെ നോക്കുന്ന ഉടമകളായ മനുഷ്യരുമായി കൂടുതല്‍ അടുക്കുന്നത്. സ്കെഗ്നസ് ബീച്ചില്‍ കഴുതസവാരി നടത്തുന്ന ജോണ്‍ നട്ടാല്‍ പറയുന്നത് കെയ് എന്നുപേരുള്ള ആ കഴുതക്കുട്ടിയുടെ ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ്. എന്നാലും ഇപ്പോഴും അവനൊരു കുഞ്ഞിനെപ്പോലെ നട്ടാലിനെ ചുറ്റിപ്പറ്റി നടക്കുകയാണ്. തീര്‍ന്നില്ല, അമ്മക്കഴുതയില്ലാത്തതു കാരണം അവന് കൂട്ടായുണ്ടായിരുന്നത് നായകളാണ്. അവനെപ്പോഴും കൂട്ടുകൂടി നടക്കുന്നത് നായകള്‍ക്കൊപ്പമാണ്. അതുകൊണ്ട് കെയ് കരുതുന്നത് അവനും ഒരു നായ ആണെന്നാണ് എന്നും നട്ടാല്‍ പറയുന്നു.
അമ്മ ഉപേക്ഷിച്ച് പോയപ്പോള്‍ അവന് നായ വിദഗ്ദരുടെ സഹായത്തോടെ കുപ്പിയിലാക്കിയാണ് പാല്‍ നല്‍കിയത്. സുഹൃത്തിന്‍റെ സഹായത്തോടെ അവന്‍റെ എല്ലാ കാര്യങ്ങളും നട്ടല്‍ നോക്കി. ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും കുപ്പിയിലാക്കി പാല്‍ നല്‍കി. "ഒടുവിൽ ഒരു ഓട്ടോമാറ്റിക് ബോട്ടിൽ ഫീഡർ ഉപയോഗിച്ച് എനിക്ക് അവനെ പുറത്തേക്ക് കൊണ്ടുവരാനായി. ആരോഗ്യനില മെച്ചപ്പെടുത്താനായി. പക്ഷേ എനിക്ക് ഓരോ മൂന്ന് മണിക്കൂറിലും പുറത്തു വന്ന് അത് ബോട്ടില്‍ നിറയ്ക്കേണ്ടി വന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.
നട്ടാലിന്‍റെ കുടുംബം ഒരു നൂറ്റാണ്ടിലേറെയായി കഴുതകളെ വളര്‍ത്തുന്നവരാണ്. നട്ടാലിന്‍റെ കുടുംബ ഫാമിലെ 70 കഴുതകളിലൊന്നാണ് കെയ്. പക്ഷേ, അവനെപ്പോഴും കഴുതകളേക്കാള്‍ കൂടുതല്‍ മനുഷ്യരുടെ കൂടെ സമയം ചെലവഴിക്കാനും അവര്‍ക്കൊപ്പം നടക്കാനുമാണ് ഇഷ്ടപ്പെടുന്നത് എന്ന് നട്ടാല്‍ പറയുന്നു. കഴുതകള്‍ സാമൂഹ്യമായി നില്‍ക്കുന്ന മൃഗങ്ങള്‍ തന്നെയാവും. പക്ഷേ, അതിനേക്കാളൊക്കെ ഉപരിയായി എപ്പോഴും കെയ് എനിക്കൊപ്പം തന്നെ നില്‍ക്കാനിഷ്ടപ്പെടുന്നു എന്നും നട്ടാല്‍ പറയുന്നു.