ഇടഞ്ഞ് അമേരിക്ക, വെന്‍റിലേറ്ററിലാവുമോ ലോകാരോഗ്യ സംഘടനയും?

By Speak UpFirst Published Apr 16, 2020, 12:55 PM IST
Highlights
ചുരുക്കി പറഞ്ഞാൽ ജനീവ ആസ്ഥാനമായ ലോകാരോഗ്യ സംഘടനക്ക് അമേരിക്കൻ സഹായമില്ലാതെ ഒരടി മുൻപോട്ടു പോവാനാകില്ല. 
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തിയതോടെ കൊറോണ രാഷ്രീയം പുകയുകയാണ്. ചൈനയിൽ നിന്നു പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ തീവ്രത സംഘടന മറച്ചുവച്ചെന്നാണ് ട്രംപ് കാരണം പറഞ്ഞിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം കാര്യക്ഷമമായി കൈകാര്യം ചെയ്തതിലും രോഗത്തിന്റെ തീവ്രത മറച്ചുവച്ചതിലും സംഘടന അമ്പേ പരാജയപ്പെട്ടെന്നാണ്‌ ട്രംപിന്റെ കണ്ടെത്തൽ.



കൊവിഡ് 19 മഹാമാരിയില്‍ ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നതോടെ ലോകനേതാക്കൾ പ്രത്യേകിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വല്ലാതെ വെപ്രാളത്തിലാണ്‌. ആദ്യം ‘വിദേശ വൈറസ്‌’ എന്നും പിന്നീട്‌ ‘ചൈന വൈറസ്‌’ എന്നും പറഞ്ഞ്‌ രോഗത്തെ അവണിച്ച ട്രംപിന്‌, ഓരോ നിമിഷത്തിലും അമേരിക്കക്കാർ മരിച്ചുവീഴാൻ തുടങ്ങിയപ്പോൾ കളി കാര്യമാകുകയാണെന്ന്‌ മനസ്സിലായി. അതോടെ ഒരു കാരണക്കാരനെ കണ്ടെത്താനുള്ള പാച്ചിലിലായി ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ജോ ബൈഡനോ ഡെമോക്രാറ്റ് പാർട്ടിയോ അല്ല കൊറോണ വൈറസായിരിക്കും ‘എതിരാളി’യെന്ന്‌ ട്രംപ്‌ മനസ്സിലാക്കിയ ഉടനെ പുതിയ വില്ലന്മാരെ അദ്ദേഹത്തിന് വേണ്ടിയിരുന്നു. അതാണ് ഒടുവിൽ ലോകാരോഗ്യ സംഘടനയെയും അതിനെ നയിക്കുന്ന ചൈനയെയും ട്രംപ് ഉന്നം വച്ച് വെടിവയ്ക്കുന്നതിന്റെ കാരണവും. 

WHO ചൈനയുടെ പക്ഷംപിടിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ഒടുവിലത്തെ ആരോപണം. ആഫ്രിക്കയില്‍ ചൈനയുമായി ഏറ്റവും സുദൃഢ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് എത്യോപ്യയെന്നത് വസ്തുതയാണ്. രാജ്യാന്തര പ്രശസ്തനായ മലേറിയ ഗവേഷകന്‍ കൂടിയായ WHO മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് ഈ മഹാമാരിയുടെ വിഷയത്തിൽ അമിതപ്രതികരണം നടത്തുന്നുവെന്നും മഹാമാരിയെ തടയുന്നതിൽ മെല്ലെപ്പോകുന്നുവെന്നും ലോകാരോഗ്യസംഘടനയ്ക്കുനേരെ ട്രംപ് ആരോപണമുയർത്തിയിരുന്നു തുടക്കത്തിൽ. “ഡബ്ല്യു.എച്ച്.ഒ. -യാണ് ശരിക്കും ഇത്‌ ആളിക്കത്തിച്ചത്. യു.എസിൽനിന്ന് പണം വാങ്ങുകയും ചൈനയ്ക്ക് അനുകൂലമായ നിലപാടെടുക്കുകയുമാണ് അവർ ചെയ്യുന്നത്'' എന്നാണ് മാർച്ച് ആദ്യവാരത്തിൽ ഇതിനെ അവഗണിച്ച് ട്രംപ് പ്രസ്താവന ഇറക്കിയത്. കറുത്ത വർഗക്കാരനായ WHO മേധാവിക്ക് നേരെ വംശീയ അധിക്ഷേപവും വധഭീഷണിയും ട്രംപ് ആരാധകരിൽ നിന്ന് ഈ പ്രസ്താവനക്ക് പിന്നാലെ ഉണ്ടായി. അമേരിക്ക 450 ദശലക്ഷം ഡോളര്‍ സംഘടനയ്ക്ക് വേണ്ടി ചെലാക്കിയപ്പോള്‍ ചൈന 45 ദശലക്ഷം മാത്രമാണ് ചെലവാക്കികൊണ്ടിരിക്കുന്നത്. എന്നിട്ടും എല്ലാം ചൈനയുടെ വഴിക്കാണ് നടക്കുന്നത് എന്നാണ് ട്രംപിന്റെ പരിഭവം. ലോകാരോഗ്യ സംഘടന കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നെങ്കില്‍ കൊറോണ വൈറസ് ബാധയില്‍ ലക്ഷം പേര്‍ മരിക്കുമായിരുന്നില്ല എന്നൊരു വാദമാണ് ട്രംപിന്‍റേത്.

ഗബ്രിയേസൂസ് തന്നെ പിന്നീട്, താൻ കറുത്ത വർഗക്കാരനാണെന്നതിൽ അഭിമാനമേയുള്ളൂവെന്നും നീഗ്രോയെന്നു വിളിക്കുന്നതിനെ താൻ ശ്രദ്ധിക്കുന്നില്ലെന്നും പറയുകയുണ്ടായി. കൊവിഡ് മരുന്നുപരീക്ഷണത്തിന് ആഫ്രിക്കയും ആഫ്രിക്കക്കാരുമാണ് മികച്ചതെന്ന രണ്ടു ശാസ്ത്രജ്ഞരുടെ പ്രസ്താവനയ്ക്കെതിരെ WHO മേധാവി  രംഗത്തെത്തിയതിനായിരുന്നു കടുത്ത വംശീയ ആക്രമണം അദ്ദേഹം നേരിട്ടത്‌. ആഫ്രിക്കക്കാർ ഗിനിപ്പന്നികളല്ലെന്നായിരുന്നു ഗബ്രിയേസൂസ് പറഞ്ഞത്. അതേസമയം ആഫ്രിക്കയിലെ 16 രാജ്യങ്ങളില്‍ സാമൂഹ്യ വ്യാപനം ഉള്‍പ്പടെ ഭയപ്പെടുത്തുന്ന വേഗതയില്‍ വ്യാപനം ഉണ്ടായി' എന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഗബ്രിയേസൂസ് പറയുന്നുണ്ട്.

വസൂരി, പോളിയോ എന്നിവ നിർമാർജനം  ചെയ്യുന്നതിൽ WHO വഹിച്ച പങ്ക് ചെറുതല്ല. ‘എല്ലാ ജനങ്ങള്‍ക്കും ഏറ്റവും ഉന്നത നിലവാരത്തിലുള്ള ആരോഗ്യം ഉറപ്പുവരുത്തണമെന്ന’ ലക്ഷ്യത്തോടെ യുഎന്‍ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ സംഘടന (WHO) സ്ഥാപിതമായത് 72 വർഷങ്ങൾക്ക് മുൻപാണ്,1948 -ൽ. സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായുള്ള ഈ സംഘടനയാണ് അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി.

WHO -യിലേക്ക്‌ ഏറ്റവും കൂടുതൽ തുക നൽകുന്ന രാജ്യമാണ്‌ അമേരിക്ക. 5.8 കോടി ഡോളറാണ്‌ അമേരിക്ക നൽകുന്നത്‌. ചൈനയാകട്ടെ 45 ലക്ഷം ഡോളർ മാത്രവും. ചില സമയങ്ങളിൽ ഈ തുകയിൽ കൂടുതൽ ലോകാരോഗ്യ സംഘടനക്ക് നൽകാറുണ്ടെന്നും ട്രംപ്‌ പറഞ്ഞു. സംഘടനയ്ക്ക്‌ ചൈനാ പക്ഷപാതമുണ്ടെന്നും കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച അമേരിക്കയുടെ പരാതികൾ കേട്ടില്ലെന്നും ആരോപിച്ചാണ്‌ ട്രംപ് ഇപ്പോൾ WHO -യെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്ക്‌ നൽകേണ്ട പണം നിർത്തിവയ്ക്കുമെന്നാണ്‌ ട്രംപിന്റെ ഭീഷണി. "ഭാഗ്യവശാല്‍ ഞങ്ങളുടെ അതിര്‍ത്തികള്‍ ചൈനക്ക് തുറന്നിടണമെന്ന അവരുടെ ഉപദേശം ഞാന്‍ നേരത്തെ തള്ളി. എന്തുക്കൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് തെറ്റായ ഉപദേശം നല്‍കിയത്?" ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 

ഇതിനിടെ വുഹാനിൽ നിന്ന് ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ ഇരുപതുലക്ഷം പേരെ രോഗികളാക്കിയിരിക്കുകയാണ്. ചൈനയോട് മുട്ടിയുള്ള, അവരുടെ ശത്രുവായ തായ്‌വാന് ഒരു മുന്നറിയിപ്പ് നൽകാനും ലോകാരോഗ്യ സംഘടനയോ ചൈനയോ തയ്യാറായില്ല എന്നതിനെ ചൊല്ലിയും ട്രംപ് വിമർശനം ഉയർത്തുന്നുണ്ട്‌. ചുരുക്കി പറഞ്ഞാൽ ജനീവ ആസ്ഥാനമായ ലോകാരോഗ്യ സംഘടനക്ക് അമേരിക്കൻ സഹായമില്ലാതെ ഒരടി മുൻപോട്ടു പോവാനാകില്ല. വാര്‍ഷിക ബജറ്റിന്‍റെ 15 ശതമാനമാണ് അമേരിക്ക നൽകുന്നത്. ഇപ്പോൾ തന്നെ അമേരിക്ക സാമ്പത്തിക സഹായം വെട്ടിക്കുറച്ച യുനെസ്കോ, UN, WTO ഇവയെല്ലാം ജീവനോട് മല്ലടിക്കുകയാണ് കൊറോണ രോഗിയെപോലെ. അമേരിക്കൻ സഹായമില്ലെങ്കിൽ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരും ലോകാരോഗ്യ സംഘടനയെയും. 

(പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‍സിറ്റി സെന്‍റര്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)
click me!