പെൺകരുത്തിൽ പൊരുതുന്ന ഇടങ്ങൾ; ലോകത്തിന് മാതൃകയായി ഇവർ

By Web TeamFirst Published Apr 16, 2020, 11:54 AM IST
Highlights
ഈ സ്റ്റേജില്‍ നമുക്ക് ഏതൊക്കെ രാജ്യങ്ങളാണ്, നേതാക്കളാണ് ഏറ്റവും മികച്ച രീതിയില്‍ കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള നടപടികളെടുത്തത് എന്നൊന്നും പറയുക സാധ്യമല്ല. എന്നാല്‍, മേല്‍പ്പറഞ്ഞ വനിതാ നേതാക്കളെടുത്ത തീരുമാനങ്ങളും നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ് എന്ന് പറയാതെ വയ്യ. 
തായ്‍വാൻ: വളരെ നേരത്തെ തന്നെ നടത്തിയ ഇടപെടലിലൂടെ കൊറോണ വൈറസ് മഹാമാരിയെ വേഗത്തില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിച്ചു. ഇന്നവര്‍ ലക്ഷക്കണക്കിന് ഫെയ്സ് മാസ്കുകള്‍ മറ്റിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. 

ജര്‍മ്മനി: യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊറോണ വൈറസ് ടെസ്റ്റിംഗ് പ്രോഗ്രാമിന് മേല്‍നോട്ടം വഹിച്ചു. ഓരോ ആഴ്ചയും 350,000 പരിശോധനകളാണ് ഇവിടെ നടത്തുന്നത്. രോഗികളെ ഐസൊലേറ്റ് ചെയ്യാനും ചികിത്സിക്കാനുമാവുന്നത്രയും നേരത്തെ തന്നെ അവര്‍ വൈറസ് ബാധിച്ചവരെ‌ കണ്ടെത്തുന്നു. 

ന്യൂസിലാന്‍ഡ്: പ്രധാനമന്ത്രി നേരത്തെ തന്നെ ടൂറിസം മേഖലകളെല്ലാം അടച്ചിടുകയും രാജ്യത്താകെ ഒരു മാസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ന്യൂസിലാന്‍ഡും കൊറോണയെ നിയന്ത്രിക്കുന്നതില്‍ വിജയിച്ചു. 

ഈ മൂന്ന് സ്ഥലങ്ങളും കൊറോണ വൈറസ് നിയന്ത്രിക്കുന്ന കാര്യത്തില്‍ വിജയം കൈവരിക്കുകയും ലോകത്തിന്‍റെ ശ്രദ്ധ നേടുകയും ചെയ്തവയാണ്. മൂന്നിടങ്ങളിലായി ചിതറിക്കിടക്കുന്ന സ്ഥലങ്ങളാണിവ. ഒന്ന്, യൂറോപ്പിന്‍റെ ഹൃദയ ഭാഗത്ത്, രണ്ട് ഏഷ്യയില്‍, മൂന്ന് ദക്ഷിണ പസഫിക്കില്‍. പക്ഷേ, ഈ മൂന്ന് സ്ഥലങ്ങള്‍ക്കും ഒരു പ്രത്യേകതയുണ്ട്. അവയെല്ലാം നയിക്കുന്നത് സ്ത്രീകളാണ്. 

ലോകനേതാക്കളില്‍ വെറും ഏഴ് ശതമാനത്തില്‍ താഴെ മാത്രമാണ് സ്ത്രീകളുള്ളത്. അതിനാല്‍ തന്നെ ഈ ആഗോളമാരിയെ നേരിടുന്നതില്‍ ഈ സ്ത്രീകള്‍ നയിക്കുന്ന സ്ഥലങ്ങൾ കൈവരിച്ച നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. 

വളരെ നേരത്തെ തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ 

ഈ രാജ്യങ്ങളെല്ലാം ജനാധിപത്യ രാജ്യങ്ങളും ജനങ്ങള്‍ അവരുടെ സര്‍ക്കാരില്‍ വളരെയധികം വിശ്വാസമര്‍പ്പിക്കുന്ന രാജ്യങ്ങളുമാണ്. ശാസ്ത്രീയമായ രീതിയില്‍ തുടക്കത്തിലേ തന്നെ മഹാമാരി നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യങ്ങള്‍ നടത്തി. വ്യാപകമായ പരിശോധന, പെട്ടെന്ന് ചികിത്സ ലഭ്യമാക്കല്‍, രോഗികളുമായി സമ്പര്‍ക്കത്തിലിരുന്നവരെ പെട്ടെന്ന് കണ്ടെത്തല്‍, സാമൂഹിക നിയന്ത്രണങ്ങള്‍ എന്നിവയെല്ലാം ഈ രാജ്യങ്ങളില്‍ തുടക്കത്തിലേ തന്നെ നടപ്പിലാക്കി. 

തായ്‍വാൻ

തായ്‍വാൻ എടുത്തു പരിശോധിച്ചാല്‍ 24 ദശലക്ഷം ജനങ്ങളുള്ള ജനാധിപത്യ ദേശമാണ് തായ്വാന്‍. ബെയ്ജിംഗിന്‍റെ പ്രദേശമാണ് എന്ന അവകാശവാദത്തിനുമേല്‍ ലോകാരോഗ്യ സംഘടനയുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥലമാണിത്. ചൈനയില്‍ നിന്നുത്ഭവിച്ച മഹാമാരിയെന്ന നിലയില്‍ ഏറ്റവും എളുപ്പത്തില്‍ കൊവിഡ് 19 തായ്‍വാനെ ബാധിക്കാനുള്ള സാധ്യത നിലവിലുണ്ടായിരുന്നുവെങ്കിലും മികച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് തായ്വാനതിനെ നിയന്ത്രിച്ചത്. 



ഒരു പ്രത്യേകതരം വൈറസ് ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട് എന്ന് കേട്ടയുടനെ തന്നെ ഡിസംബര്‍ അവസാനം തായ്വാന്‍ പ്രസിഡണ്ട് സായ്​ ഇങ്​ വെൻ വുഹാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും പരിശോധിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. തുടർന്ന് അവർ ഒരു പകർച്ചവ്യാധി കമാൻഡ് സെന്റർ സ്ഥാപിച്ചു. ഫെയ്സ് മാസ്കുകൾ പോലുള്ള സംരക്ഷണ ഉപകരണങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ചു. കൂടാതെ, ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. 

ഇത്തരത്തില്‍ തുടക്കത്തിലേ തന്നെയുള്ള നിയന്ത്രണങ്ങളും പ്രവര്‍ത്തനങ്ങളും ആ മഹാമാരിയെ 393 പൊസിറ്റീവ് കേസുകളും ആറ് മരണങ്ങളുമായി പരിമിതപ്പെടുത്തി.

ജര്‍മ്മനി

ജര്‍മ്മനിയിലുള്ളത് 83 ദശലക്ഷം പൗരന്മാരാണ്. 132,000 കേസുകളാണ് ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ ബാധിച്ചുള്ള മരണം ജര്‍മ്മനിയില്‍ കുറവായിരുന്നു. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ക്വാണ്ടം കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് ഉള്ളയാളാണ്. കൊറോണ നിയന്ത്രണത്തിനായി നടത്തിയ ഇടപെടലുകളിലൂടെ നിരവധി അഭിനന്ദനമേറ്റുവാങ്ങിയ ആളാണ് ആംഗല. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പരിശോധനാസംവിധാനവും തീവ്രപരിചരണ സംവിധാനവുമെല്ലാം ജര്‍മ്മനിയുടേതാണ്. 



"ജർമ്മനിയിലെ ഞങ്ങളുടെ ഏറ്റവും വലിയ കരുത്ത് ഗവൺമെന്റിന്റെ ഉയർന്ന തലത്തിലുള്ള യുക്തിസഹമായ തീരുമാനമെടുക്കലാണ്. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസവുമായി കൂടിച്ചേർന്നതാണിത്" എന്നാണ് ഹൈഡൽബർഗിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ വൈറോളജി വിഭാഗം മേധാവി ഹാൻസ്-ജോർജ്ജ് ക്രൂസ്ലിച്ച്, ന്യൂ യോർക്ക് ടൈംസിനോട്  പറഞ്ഞത്. 

ന്യൂസിലാന്‍ഡ്

അഞ്ച് ദശലക്ഷം പേരുള്ള ഒരു ദ്വീപുരാഷ്ട്രമാണ് ന്യൂസിലാന്‍ഡ്. ടൂറിസം വളരെയേറെ ശക്തമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥലം കൂടിയാണിത്. പക്ഷേ, മാര്‍ച്ച് 19 മുതല്‍ക്ക് പ്രസിഡണ്ട് ജസീന്ത ആര്‍ഡെന്‍  ഇവിടെ അതിര്‍ത്തികള്‍ അടച്ചുപൂട്ടുകയും വിദേശികളെ നിയന്ത്രിക്കുകയും ചെയ്തു. പിന്നാലെ, മാര്‍ച്ച് 23 -ന് നാലാഴ്ചത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അത്യാവശ്യമല്ലാത്ത എല്ലാ ജോലികള്‍ ചെയ്യുന്നവരോടും കര്‍ശനമായി വീട്ടില്‍ തന്നെയിരിക്കാന്‍ നിര്‍ദ്ദേശിച്ചു. 



രാജ്യത്താകെ പരിശോധനകള്‍ നടത്തി. 1300 പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍, മരണം വളരെ കുറവായിരുന്നു. ഒമ്പതുപേരാണ് മരിച്ചത്. മരണസംഖ്യ നിയന്ത്രിക്കാന്‍ ജസീന്ത ആര്‍ഡെന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കായി. ലോക്ക് ഡൗണ്‍ നേരത്തെ അവസാനിപ്പിക്കില്ല എന്ന തീരുമാനവും ഇവരെടുത്തു. 

നോര്‍ഡിക് രാജ്യങ്ങള്‍

അഞ്ച് നോര്‍ഡിക് രാജ്യങ്ങളില്‍ നാലെണ്ണവും നയിക്കുന്നത് സ്ത്രീകളാണ്. ആ ഓരോ രാജ്യങ്ങളിലെയും കൊറോണ ബാധിച്ചുള്ള മരണനിരക്ക് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ഉദാഹരണത്തിന്, ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി 34 വയസ്സുള്ള സന മരിന്‍ ലോകനേതാക്കളില്‍ തന്നെ പ്രായം കുറഞ്ഞയാളാണ്. 5.5 ദശലക്ഷം ജനസംഖ്യയുള്ള ഇവിടെ 59 മരണങ്ങളാണ് കൊവിഡിനെ തുടര്‍ന്നുണ്ടായത്. 



ഐസ്ലാന്‍ഡ് പ്രധാനമന്ത്രിയാണ് കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ. വെറും 360,000 ആണ് ഇവിടുത്തെ ജനസംഖ്യ. പക്ഷേ, ആഗോള മഹാമാരിയെ തടയാന്‍ രാജ്യത്താകെ വളരെ പെട്ടെന്നുള്ള പരിശോധനകള്‍ നടത്തി. പകുതിപ്പേരിലും ലക്ഷണങ്ങളും കണ്ടു. എന്നാല്‍, ഇവരോട് സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയടക്കം കണ്ടെത്തുന്നതിലും ഐസൊലേഷനിലാക്കുന്നതിലുമടക്കം മികച്ച പ്രവര്‍ത്തനങ്ങളാണ് ഐസ്ലാന്‍ഡ് കാഴ്ചവച്ചത്. 



കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികളെടുത്തതിലൂടെ മറ്റ് വനിതാ മേധാവികളും തലക്കെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. സിന്‍റ് മാർട്ടനിലെ പ്രധാനമന്ത്രി സിൽ‌വേറിയ ജേക്കബ്സ് വെറും 41,000 പേരുള്ള കരീബിയൻ ദ്വീപാണ് ഭരിക്കുന്നത്. പക്ഷേ, രണ്ടാഴ്ചത്തേക്ക് പുറത്തിറങ്ങി സഞ്ചരിക്കുന്നത് നിര്‍ത്താന്‍ പൗരന്മാരോട് പറയുന്ന അവരുടെ വീഡിയോ ലോകമെമ്പാടും വൈറലായിരുന്നു.

ഇനിയും നമുക്ക് വനിതാ നേതാക്കളെ വേണം

ഈ സ്റ്റേജില്‍ നമുക്ക് ഏതൊക്കെ രാജ്യങ്ങളാണ്, നേതാക്കളാണ് ഏറ്റവും മികച്ച രീതിയില്‍ കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള നടപടികളെടുത്തത് എന്നൊന്നും പറയുക സാധ്യമല്ല. എന്നാല്‍, മേല്‍പ്പറഞ്ഞ വനിതാ നേതാക്കളെടുത്ത തീരുമാനങ്ങളും നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ് എന്ന് പറയാതെ വയ്യ. ഇങ്ങനെയൊരു ആ​ഗോളമാരി രാജ്യത്തെ അപകടത്തിലാക്കാന്‍ പോകുന്നുവെന്ന് തോന്നിയ ഉടനെ തന്നെ ഉണര്‍ന്നു പ്രവർത്തിച്ചവരാണിവർ. 

എന്നിട്ടും, 2020 ജനുവരി 1 -ന് തിരഞ്ഞെടുക്കപ്പെട്ട 152 രാഷ്ട്രത്തലവന്മാരിൽ 10 പേർ മാത്രമാണ് സ്ത്രീകളെന്ന് ഇന്റർ പാർലമെന്ററി യൂണിയനും ഐക്യരാഷ്ട്രസഭയും അഭിപ്രായപ്പെടുന്നു. പുരുഷന്മാരിൽ 75% പാർലമെന്റ് അംഗങ്ങളും, 73% തീരുമാനമെടുക്കാനാവുന്ന പദവികളിലും, 76% മുഖ്യധാരാ വാർത്താ മാധ്യമങ്ങളിലുമുണ്ട്.

തീരുമാനമെടുക്കാനും നടപ്പിലാക്കാനുമാവുന്ന സ്ഥാനങ്ങളിലുള്ളത് വെറും 25 ശതമാനം മാത്രം സ്ത്രീകള്‍ മാത്രമാണ്. നാലിലൊന്ന് ഭാ​ഗം മാത്രമാണിത്. അതുപോരായെന്നും ഇനിയും സ്ത്രീകൾ ഇത്തരം സ്ഥാനങ്ങളിലെത്തിപ്പെടേണ്ടതുണ്ട് എന്നും യു എൻ വിമൺ എക്സിക്യൂട്ടീവ് ഡയറക്ടർ  Phumzile Mlambo-Ngcuka പറയുന്നു. 

ലോകത്തിന് കൂടുതൽ വനിതാ നേതാക്കളെ വേണമെന്നും രാഷ്ട്രീയത്തിലായാലും സാമൂഹിക തലത്തിലായാലും തുല്യ അവസരം വേണമെന്നും നാം പറയാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഈ ആ​ഗോളമാരിയെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനിതാ നേതാക്കൾ കാണിച്ച ഈ നേതൃപാടവം ആന്താരാഷ്ട്ര സുരക്ഷയിലും ആരോ​ഗ്യകാര്യങ്ങളിലും കൂടുതൽ ഫലപ്രദമായ തീരുമാനങ്ങളെടുക്കാൻ സ്ത്രീകളുടെ പ്രാതിനിധ്യം ഉയർത്തണമെന്ന് തെളിയിക്കുന്നതാണ്.

ശൈലജ ടീച്ചറും കേരളവും

കൊവിഡ് 19 എന്ന മഹാമാരിയെ നിയന്ത്രിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിന്റെ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. അവിടെ എടുത്തുപറയേണ്ട പേരാണ് ആരോ​ഗ്യ മന്ത്രി കെ. കെ ശൈലജയുടേത്. നിപ്പ പ്രതിരോധത്തിലും അവർ നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടുന്നതാണ്. ഈ മഹാമാരിയെ നിയന്ത്രിക്കുന്നതിൽ എടുത്തുപറയത്തക്ക പ്രവർത്തനങ്ങൾ നടത്തിയ ലോകത്തിലെ ഈ പ്രധാന നേതാക്കൾക്കൊപ്പം നിൽക്കുന്ന പേര് തന്നെയാണ് കേരളത്തിന്റെ പ്രിയപ്പെട്ട ആരോ​ഗ്യമന്ത്രിയുടേതും. 



ഇനിയും, കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തെവിടെയായാലും തീരുമാനമെടുക്കാനും പ്രാവർത്തികമാക്കാനും ശേഷിയുള്ള ഇടങ്ങളില്‍, രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉയരട്ടെ. 
click me!