
തോന്നുന്നിടത്തെല്ലാം മാലിന്യം വലിച്ചെറിയുക, അതിനി പൊതുനിരത്തുകളിലായിക്കോട്ടെ, ബസിലായിക്കോട്ടെ, ട്രെയിനിലായിക്കോട്ടെ... ഇങ്ങനെ ചെയ്യുന്ന അനേകം പേരെ നാം കണ്ടിട്ടുണ്ടാവും. എത്രയൊക്കെ പറഞ്ഞാലും എത്രയൊക്കെ മാലിന്യക്കുട്ടകൾ സ്ഥാപിച്ചാലും അതൊന്നും ശ്രദ്ധിക്കാതെ പിന്നെയും പിന്നെയും പേപ്പറും പ്ലാസ്റ്റിക്കും അടക്കമുള്ള മാലിന്യം തോന്നുന്നിടത്ത് വലിച്ചെറിയുന്ന അനേകങ്ങൾ. അങ്ങനെയുള്ളവർ ഈ വീഡിയോ കാണുന്നത് നല്ലതായിരിക്കും. ബെംഗളൂരുവിൽ നിന്നും പകർത്തിയിരിക്കുന്നതാണ് ഈ വീഡിയോ. വീഡിയോയിൽ കാണുന്നത് ഡോ. ശാന്തി തുമ്മാല എന്ന സ്ത്രീയെയാണ്. നേരത്തെ ഒരു ഡെന്റൽ ഡോക്ടറായിരുന്ന ഇവർ ഇപ്പോഴൊരു പരിസ്ഥിതി പ്രവർത്തകയാണ്. മാലിന്യം വലിച്ചെറിഞ്ഞാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് ബോധ്യപ്പെടുത്താനായിട്ടാണ് ഇന്നിവർ പ്രവർത്തിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു ബസിൽ കയറിയിറങ്ങി മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്ന ഡോ. ശാന്തിയെയാണ്. സംരംഭകയായ കിരൺ മജുംദാർ-ഷായാണ് എക്സിൽ (ട്വിറ്റർ) വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ടിക്കറ്റുകളോ മിഠായി കടലാസുകളോ പാൻപരാഗിന്റെ പാക്കറ്റുകളോ ഒന്നും തന്നെ ബസിന്റെ ജനാല വഴി പുറത്തേക്ക് വലിച്ചെറിയരുത് എന്നാണ് ഡോ. ശാന്തി പറയുന്നത്. ആദ്യം കന്നഡയിലാണ് അവർ ഇക്കാര്യം പറയുന്നത്. പിന്നീട് അത് തന്നെ അവർ ഹിന്ദിയിലും പറയുന്നത് കാണാം.
അവരവരുടെ മാലിന്യം അവരവരുടെ തന്നെ ഉത്തരവാദിത്തമാണ് എന്നും ഡോ. ശാന്തി പറയുന്നു. കിരൺ മജുംദാർ ഷായുടെ പോസ്റ്റിന് മറുപടിയായി ഡോ. ശാന്തി പറയുന്നത്, "നന്ദി മാഡം. ഒരു ഡോക്ടർക്ക് സുസ്ഥിരതയാണ് ഏറ്റവും പ്രധാനം എന്നാണ് എനിക്ക് തോന്നുന്നത്. പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്. പരിസ്ഥിതിയും മണ്ണും ആരോഗ്യകരമെങ്കിൽ മാത്രമേ മനുഷ്യർക്ക് അതിജീവിക്കാൻ സാധിക്കൂ. ഇത് ഷെയർ ചെയ്തതിന് നന്ദി. ഒരു മാറ്റം കൊണ്ടുവരാൻ മാത്രം ആവേശവും അഭിനിവേശവും തനിക്കുണ്ട്" എന്നാണ്.