'ഡ്രിങ്ക് ഫ്രം ടാപ്പ്' പദ്ധതിയുമായി പുരി, ടാപ്പിൽ നിന്നുമെടുക്കുന്ന വെള്ളം അതുപോലെ കുടിക്കാം

By Web TeamFirst Published Jul 27, 2021, 1:12 PM IST
Highlights

നഗരത്തിൽ 24 മണിക്കൂറും ടാപ്പിൽ നിന്ന്  ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാകുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാണ്.  

മിക്ക വികസിത രാജ്യങ്ങളിലും പൊതുവിടങ്ങളിൽ ലഭിക്കുന്ന വെള്ളം ശുദ്ധമാണ്. അതിനി വഴിയരികിലെ ടാപ്പിൽ നിന്നായാലും പോലും ധൈര്യമായി നമ്മുക്ക് കുടിക്കാം, അസുഖം വരുമെന്ന ഭയം വേണ്ട. എന്നാൽ, ഇന്ത്യയിലെ സ്ഥിതി അതല്ല. വഴിയരികിലെ ടാപ്പിൽ നിന്നോ, മറ്റ് പൊതുവിടങ്ങളിൽ നിന്നോ ശേഖരിക്കുന്ന വെള്ളം അതേപടി കുടിക്കാൻ നമ്മൾ ധൈര്യപ്പെടാറില്ല. അത് അത്രകണ്ട് ശുദ്ധീകരിച്ചതായിരിക്കില്ല മിക്കപ്പോഴും. എന്നാൽ,
ഒഡീഷയിലെ പുരിയിൽ ഇനി മുതൽ വിദേശരാജ്യങ്ങളിലേതുപോലെ ജനങ്ങൾക്ക് ധൈര്യമായി ടാപ്പിൽ നിന്ന് നേരിട്ട്  വെള്ളമെടുത്ത് കുടിക്കാം. അവിടെയുള്ള  ടാപ്പുകളിൽ കുടിക്കാൻ യോഗ്യമായ ശുദ്ധീകരിച്ച വെള്ളമാണ് ഇനി മുതൽ ലഭ്യമാവുക.  

ഡ്രിങ്ക്-ഫ്രം-ടാപ്പ് സൗകര്യമുള്ള സംസ്ഥാനത്തെ ആദ്യത്തെ നഗരമായി പുരി മാറിയിരിക്കുന്നു. ഇനി മുതൽ തിളപ്പിച്ചും, ഫിൽറ്റർ ചെയ്തും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ടാപ്പിൽ നിന്ന് നേരിട്ട് എടുത്ത് പാചകം ചെയ്യാനും, കുടിക്കാനും സാധിക്കും. ‘സുജൽ’ അഥവാ ഡ്രിങ്ക്-ഫ്രം-ടാപ്പ് എന്നാണ് ആ പദ്ധതി പേര്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് തിങ്കളാഴ്ചയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നഗരത്തിൽ 24 മണിക്കൂറും ടാപ്പിൽ നിന്ന്  ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാകുന്ന രാജ്യത്തെ ആദ്യത്തെ പദ്ധതിയാണ്.  

മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “ദിവസം മുഴുവൻ മുനിസിപ്പൽ ടാപ്പുകളിൽ ശുദ്ധജലം ലഭ്യമാകുന്ന കാര്യത്തിൽ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങൾക്കൊപ്പമാണ് പുരി ഇപ്പോൾ." പുരിയിലെ രണ്ടര ലക്ഷത്തോളം പേർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു. “പുരിയുടെ മാത്രമല്ല, ഒഡീഷയുടെയും ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാണ് ഇന്ന്. ഇനി മുതൽ എല്ലാ കുടുംബങ്ങൾക്കും 24 മണിക്കൂർ ടാപ്പിൽ നിന്ന് ശുദ്ധമായ കുടിവെള്ളം ലഭ്യമാകും. സുജൽ പദ്ധതി പ്രകാരം ടാപ്പിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കാം. സംഭരണമോ, ഫിൽട്ടറോ ആവശ്യമില്ല” മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി പട്നായിക് പറഞ്ഞു.  

click me!