Drishyam model : 'ദൃശ്യം' മോഡലിൽ തട്ടിപ്പിനിറങ്ങി, ആദ്യതവണ വിജയം, രണ്ടാം തവണ പാളി, കയ്യോടെ പിടിച്ച് പൊലീസ്!

Published : Jan 31, 2022, 01:04 PM ISTUpdated : Jan 31, 2022, 01:07 PM IST
Drishyam model : 'ദൃശ്യം' മോഡലിൽ തട്ടിപ്പിനിറങ്ങി, ആദ്യതവണ വിജയം, രണ്ടാം തവണ പാളി, കയ്യോടെ പിടിച്ച് പൊലീസ്!

Synopsis

തുടർന്ന് പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. എല്ലാവരും ദൃശ്യം സിനിമയിലേതു പോലെ മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ ഉത്തരവും പറഞ്ഞു. എന്ത് ചോദിച്ചാലും എല്ലാവരും ഒന്ന് തന്നെ പറയണം എന്ന് അവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. 

ആളുകൾ സിനിമ(Film) കണ്ട് അതിലെ ഡയലോഗുകൾ, വസ്ത്രധാരണം തുടങ്ങിയവയൊക്കെ അനുകരിക്കാറുണ്ട്. എന്നാൽ, മറ്റ് ചിലരാകട്ടെ അതിൽ കാണുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കും. ബെംഗളൂരു(Bengaluru)വിൽ നിന്നുള്ള ഒരു കുടുംബം ഇതുപോലെ ദൃശ്യം(Drishyam) എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തട്ടിപ്പ് നടത്തി ഇപ്പോൾ വെട്ടിലായിരിക്കയാണ്.

കുടുംബത്തിലെ ഓരോ അംഗവും ഒരേ കഥ വീണ്ടും വീണ്ടും പറഞ്ഞ് അത് സത്യമാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കുന്നതാണ് ദൃശ്യത്തിന്റെ കഥ. ഒടുവിൽ കുടുംബം കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടുന്നതും സിനിമയിൽ കാണാം. ഇതേ തന്ത്രമാണ് ബാംഗ്ലൂർ കുടുംബവും പരീക്ഷിച്ചു നോക്കിയത്. ആനേക്കലിൽ നിന്നുള്ള ഈ അഞ്ചംഗ കുടുംബം തങ്ങളുടെ രണ്ട് സഹായികൾക്കൊപ്പം ചേർന്ന് സ്വർണത്തട്ടിപ്പ് നടത്തുകയായിരുന്നു. ആദ്യശ്രമത്തിൽ അവർ ആരുടേയും കണ്ണിൽ പെടാതെ രക്ഷപ്പെട്ടു. ഇതോടെ രണ്ടാമതും അത് ചെയ്യാനുള്ള ആത്മവിശ്വാസം അവരിൽ വളർന്നു. എന്നാൽ, രണ്ടാം തവണ ഭാഗ്യം അവരെ പിന്തുണച്ചില്ല, അവർ പിടിക്കപ്പെട്ടു. കുടുംബനാഥനായ 55 -കാരനായ രവിപ്രകാശാണ് മാസ്റ്റർപ്ലാൻ തയ്യാറക്കിയത്.  

അദ്ദേഹത്തിന്റെ 30 -കാരനായ മകൻ മിഥുൻ കുമാർ, മരുമകൾ സംഗീത, മകൾ ആശ, മരുമകൻ നല്ലു ചരൺ എന്നിവരും ഇതിൽ പങ്കുചേർന്നു. അവരെ സഹായിക്കാനായി മിഥുൻ കുമാറിന്റെ ഡ്രൈവർ ദീപക്കും സുഹൃത്ത് അസ്മയുമുണ്ടായിരുന്നു. രണ്ട് മാസം മുമ്പ് ഇവർ വീട്ടിലെ സ്വർണം മുഴുവൻ എടുത്ത് യശ്വന്ത്പൂരിലെ ഒരു പണയമിടപാടുകാരന്റെ പക്കൽ പണയപ്പെടുത്തി. തുടർന്ന് സ്വർണം കവർന്നതായി കാണിച്ച് ഇവർ പൊലീസിൽ പരാതി നൽകി. അവരുടെ പദ്ധതി അറിയാതെ പൊലീസ് സ്വർണ്ണത്തിനായി എല്ലായിടത്തും തിരച്ചിൽ നടത്തി. ഒടുവിൽ ആ പണയക്കാരനിൽ നിന്ന് തന്നെ പൊലീസ് സ്വർണം കണ്ടെത്തി, വീട്ടുകാരുടെ കൈയിൽ ഭദ്രമായി തിരികെ ഏല്പിച്ചു. അങ്ങനെ പണ്ടവും പണവും അവരുടെ കൈയിൽ തന്നെ ഇരുന്നു.  

ആദ്യശ്രമം വിജയം കണ്ടതോടെ രണ്ടാം തവണവും ഇത് തന്നെ പരീക്ഷിക്കാൻ അവർ തീരുമാനിച്ചു. ഇത്തവണ 1,250 ഗ്രാം സ്വർണമാണ് ഇവർ ഇതിനായി കണ്ടെത്തിയത്. ഈ സ്വർണ്ണം അല്പാല്പമായി വിവിധ പണയ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി. രവിപ്രകാശിന്റെ ഡ്രൈവറായ ദീപക്കായിരുന്നു സ്വർണ്ണം പലയിടത്തായി പണയപ്പെടുത്തിയത്. ഒന്നുകൊണ്ടും ഭയപ്പെടേണ്ടെന്നും, കേസിൽ പെട്ടാൽ രക്ഷപ്പെടുത്താമെന്നും കുടുംബം അയാൾക്ക് ഉറപ്പ് നൽകി. അയാൾ ഇതെല്ലാം വിശ്വസിച്ച് കുടുംബത്തോടൊപ്പം തട്ടിപ്പിൽ പങ്കുചേരുകയും ചെയ്തു. തുടർന്ന് കുടുംബാംഗമായ ആശ 2021 സെപ്റ്റംബർ 19 -ന് സർജാപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഷോപ്പിംഗിനിടെ തന്റെ ബാഗ് ഒരു അജ്ഞാതൻ മോഷ്ടിച്ചുവെന്നും, ബാഗിൽ 1,250 ഗ്രാം സ്വർണവും 30,000 രൂപയും ഉണ്ടായിരുന്നുവെന്നും അവർ പൊലീസിനോട് പറഞ്ഞു. കള്ളക്കഥയാണെന്നറിയാതെ ഇത്തവണവും പൊലീസ് രംഗത്തിറങ്ങി അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ദീപക്കിനെ കസ്റ്റഡിയിലെടുത്തു.  

തുടർന്ന് പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. എല്ലാവരും ദൃശ്യം സിനിമയിലേതു പോലെ മുൻകൂട്ടി പ്ലാൻ ചെയ്തതുപോലെ ഉത്തരവും പറഞ്ഞു. എന്ത് ചോദിച്ചാലും എല്ലാവരും ഒന്ന് തന്നെ പറയണം എന്ന് അവർ മുൻകൂട്ടി തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യലിൽ, ആഭരണങ്ങൾ പണയപ്പെടുത്തിയ സ്ഥലങ്ങൾ ദീപക് പൊലീസിന് പറഞ്ഞു കൊടുത്തു. 500 ഗ്രാമോളം സ്വർണമാണ് പൊലീസ്‌ കണ്ടെടുത്തത്. സ്വർണം പിടിച്ചെടുത്ത് വീട്ടുകാരെ കാണിക്കുകയും വീട്ടുകാർ സ്വർണ്ണം തങ്ങളുടേതാണെന്ന് പറയുകയും ചെയ്തു. എന്നാൽ, പൊലീസിന് ഇതിൽ ആകെമൊത്തം എന്തോ പന്തികേട് തോന്നി. ഡ്രൈവർ ദീപക്കിനെ അവർ വീണ്ടും ചോദ്യം ചെയ്യുകയും യഥാർത്ഥ സത്യം വെളിപ്പെടുകയും ചെയ്തു. ഇതോടെയാണ് വീട്ടുകാർ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പൊളിഞ്ഞത്. തുടർന്ന് രവിപ്രകാശിനെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കേസെടുത്ത് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.

 

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു