
വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബസ്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ ആണ് അപകടമുണ്ടായത്. മീററ്റിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തിൽ പെട്ടത്.
വാഹനം ഓടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബസ്സിന്റെ ഡ്രൈവർക്ക് വാഹനത്തിൻറെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുകയും
വാഹനം റോഡിൽ നിന്നും തെന്നി മാറി സുരക്ഷാ വേലി തകർത്ത് ഇടിച്ചുമറിയുകയും ആയിരുന്നു.
അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു അജ്ഞാത ഉപയോക്താവാണ് വീഡിയോ റെഡ്ഡിറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഞെട്ടലോടെയാണ് ആളുകൾ വീഡിയോ കാണുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ബസ്സിൽ ആകെ 50 യാത്രക്കാർ ആണ് ഉണ്ടായിരുന്നത്. ഇവരിൽ 20 പേർക്ക് പരിക്കേറ്റതായി ആണ് മസൂരി എസിപി നരേഷ് കുമാർ നൽകുന്ന വിവരം.
ദിവാരിയിലെ ഹവാ ഹവായ് റെസ്റ്റോറന്റിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. സ്ഥലത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടമായ സമയത്ത് റോഡിൽ അധികം വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.
അപകടം സംഭവിച്ച ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് അപകടത്തിൽ പെട്ട യാത്രക്കാരെയും ഡ്രൈവറെയും ബസ്സിനുള്ളിൽ നിന്നും പുറത്തിറക്കി. തുടർന്ന് പൊലീസിൻറെ സഹായത്തോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെങ്കിലും വാഹനം കസ്റ്റഡിയിൽ എടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.