കടലില്‍ മുങ്ങിത്താഴുന്ന കുട്ടിയെ രക്ഷപ്പെടുത്തി ഡ്രോണ്‍!

Published : Jul 25, 2022, 07:09 PM IST
കടലില്‍ മുങ്ങിത്താഴുന്ന കുട്ടിയെ  രക്ഷപ്പെടുത്തി  ഡ്രോണ്‍!

Synopsis

സ്‌പെയിനിലെ വലന്‍സിയയിലുള്ള ഒരു ബീച്ചില്‍ കുളിക്കുന്നതിനിടെ കടല്‍ത്തിരകളില്‍ പെട്ടുപോയി മുങ്ങിക്കൊണ്ടിരിക്കുകയായിരുന്ന 14-കാരനെയാണ്, ഡ്രോണ്‍ വഴി രക്ഷപ്പെടുത്തിയത്. 

ജീവിതത്തിന്റെ സര്‍വ്വതുറകളിലും ഇപ്പോള്‍ ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്. ആളില്ലാതെ പറക്കുന്ന ഈ ഉപകരണം ഇപ്പോഴൊരു ജീവന്‍ രക്ഷിച്ചിരിക്കുകയാണ്. സ്‌പെയിനിലാണ്, ജീവന്‍ രക്ഷാ  ഡ്രോണ്‍ ഒരു  14 -കാരന്റെ ജീവന്‍ രക്ഷിച്ചത്. സ്‌പെയിനിലെ വലന്‍സിയയിലുള്ള ഒരു ബീച്ചില്‍ കുളിക്കുന്നതിനിടെ കടല്‍ത്തിരകളില്‍ പെട്ടുപോയി മുങ്ങിക്കൊണ്ടിരിക്കുകയായിരുന്ന 14-കാരനെയാണ്, ഡ്രോണ്‍ വഴി രക്ഷപ്പെടുത്തിയത്. 

ഈ മാസാദ്യമാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇവിടെ ജീവന്‍ രക്ഷാ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജനറല്‍ ഡ്രോണ്‍സ് എന്ന കമ്പനിയാണ് സ്‌പെയിനിലെ വിവിധ ബീച്ചുകളിലായി ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യ ആറു മാസത്തിനുള്ളില്‍ 140 പേരാണ് ഇവിടെയുള്ള ബീച്ചുകളില്‍ അപകടത്തില്‍ പെട്ട് മുങ്ങിമരിച്ചത്. അതിനു തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനത്തിന്റെ വര്‍ദ്ധനയാണിത്. 

വലന്‍സിയയിലുള്ള ബീച്ചില്‍ കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ 14-കാരന്‍ അപകടത്തില്‍ പെട്ടത്. പൊങ്ങി നില്‍ക്കാന്‍ പറ്റാത്തത്ര അവശനായിരുന്നു ഈ കൗമാരക്കാരനെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. തിരകളില്‍ പെട്ട് അകലേക്ക് പോവുന്നതിനിടെ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും അതിനു കഴിയുന്നുണ്ടായിരുന്നില്ല. അതിനിടയിലാണ് ജീവന്‍ രക്ഷാ ഡ്രോണുകളിലൊന്ന് രക്ഷകനായി എത്തിയത്. ഡ്രോണ്‍ കൗമാരക്കാരനു മുകളിലൂടെ പറന്നുചെന്ന് അവന് ലൈഫ് ജാക്കറ്റിട്ടു കൊടുക്കാനാണ് ശ്രമിച്ചത്. പല വട്ടം പറന്നശേഷം ആ ശ്രമം വിജയിച്ചു. അങ്ങനെ അവനാ ലൈഫ് ജാക്കറ്റിന്റെ സഹായത്താല്‍ വെളളത്തിനു മുകളില്‍ പൊങ്ങി കിടക്കാന്‍ കഴിഞ്ഞു. അല്‍പ്പ സമയത്തിനകം തന്നെ ബീച്ചിലെ ജീവന്‍ രക്ഷാ സംഘത്തില്‍ പെട്ടവര്‍ സ്ഥലത്തെത്തി. അവര്‍ ഈ 14-കാരനെ രക്ഷപ്പെടുത്തി. കടലില്‍നിന്നും കരയിലെത്തിച്ച കൗമാരക്കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഈ 14-കാരന്റെ നില ഭദ്രമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

'ഞങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ ഒരു കുട്ടി കടല്‍ തീരകളില്‍ മുങ്ങിപ്പോവുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ലൈഫ് ജാക്കറ്റുമായി ഒരു ഡ്രോണിനെ അങ്ങോട്ടേക്ക് അയച്ചു.'-ഡ്രോണിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്ന ജനറല്‍ ഡ്രോണ്‍സ് കമ്പനിയുടെ പൈലറ്റ് മിഗുവല്‍ ഏയ്ഞ്ചല്‍ പെഡ്രോ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ''ശക്തമായ തിരകളായിരുന്നു അവിടെ ഉണ്ടായിരുന്നു. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു. എങ്കിലും എങ്ങനെയൊക്കെയോ കുട്ടിക്ക് ലൈഫ് ജാക്കറ്റ് എത്തിക്കാനും ലൈഫ് ഗാര്‍ഡുകള്‍ വരുന്നത് വരെ അവനെ ജീവനോടെ നിലനിര്‍ത്താനും കഴിഞ്ഞു.''

വലന്‍സിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2017 മുതലാണ് ജീവന്‍ രക്ഷാ ഡ്രോണുകള്‍ ഇവിടെയുള്ള ബീച്ചുകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. വലന്‍സിയയുടെ അടുത്തുള്ള തീരദേശ നഗരമായ സഗുന്‍േറായിലാണ് ഇതാദ്യം തുടങ്ങിയത്.  ഇപ്പോള്‍ സ്‌പെയിനിലാകെയുള്ള 22 ബീച്ചുകളിലായി 30 ജീവന്‍ രക്ഷാ ഡ്രോണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ