ചവറ്റുകൂനയില്‍ മൃതദേഹഭാഗങ്ങള്‍, പിടിയിലായത് മുന്‍ പൊലീസുകാരന്‍, ഞെട്ടിക്കുന്ന കഥ!

By Web TeamFirst Published Jul 25, 2022, 5:54 PM IST
Highlights

മയക്കുമരുന്നിന് അടിമയായ മകനെ അമ്മിക്കല്ല് കൊണ്ടടിച്ച് കൊന്ന് ശരീരം ആറായി മുറിച്ച് ചവറ്റുകൂനയില്‍ നിക്ഷേപിച്ച ഗുജറാത്തിലെ മുന്‍ പൊലീസുകാരന്‍ പിടിയില്‍

ജുലൈ 20-ന് അഹമ്മദാബാദിലെ വസ്‌നയിലുള്ള അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ ചവറ്റുകുട്ടയിലാണ് ആദ്യം അതു കണ്ടെത്തിയത്. അവിടെ ആരോ നിക്ഷേപിച്ച പ്ലാസ്റ്റിക് സഞ്ചികളില്‍ മനുഷ്യന്റെ ജീര്‍ണിച്ച ശരീരഭാഗങ്ങള്‍!

തൊട്ടുപിന്നാലെ സമീപപ്രദേശത്തുള്ള എലിസ് പാലത്തിനു സമീപവും അത്തരമൊരു സഞ്ചി കിട്ടി. ഒരു മനുഷ്യന്റെ ശരീര ഭാഗങ്ങളായിരുന്നു അതിലുമുണ്ടായിരുന്നത്. കണ്ടവര്‍ കണ്ടവര്‍ പരിഭ്രാന്തരായി. അതിവേഗം നഗരമാകെ ആ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പടര്‍ന്നു. രണ്ടു ദിവസത്തിനു ശേഷം പാലത്തിനടുത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു കാര്യം പൊലീസ് കണ്ടെത്തി. ഒരു മധ്യവയസ്‌കന്‍ സ്‌കൂട്ടറില്‍ വന്നാണ് ഈ സഞ്ചി പാലത്തിനടുത്ത് വലിച്ചെറിയുന്നത്. സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഒരു മുന്‍പൊലീസുകാരന്റെ നമ്പര്‍! 

അതോടെ അന്വേഷണം അയാളിലെത്തി. അയാളെ കണ്ടെത്താന്‍ വീട്ടില്‍ ചെന്നപ്പോള്‍ വീട് അടച്ചുപൂട്ടിയിരുന്നു. അയാള്‍ എങ്ങോട്ടോ പോയതാണെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. തുടര്‍ന്ന് പൊലീസ് മൊബൈല്‍ ടവറുകള്‍ പരിശോധിച്ചപ്പോള്‍ അയാളെ ഒരു റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍നിന്നും കണ്ടെത്തി. അയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ഒരു കഥയാണ്. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ വെട്ടിക്കൊന്ന് പല കഷണങ്ങളായി പലയിടങ്ങളില്‍ വലിച്ചെറിഞ്ഞ ഒരു പിതാവിന്റെ ജീവിതകഥ. 

ഗുജറാത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. 65-കാരനായ നിലേഷ് ജോഷി എന്ന മുന്‍ പൊലീസ് കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്. അയാള്‍ കൊല ചെയ്തത് സ്വയം എന്ന 21-കാരനായ മകനെയായിരുന്നു. ദീര്‍ഘനാളായി ഇരുവരും തമ്മില്‍ നിലനിന്ന വഴക്കും പ്രശ്‌നങ്ങളുമാണ് കൊലയില്‍ കലാശിച്ചത്. മകനെ കൊലചെയ്തശേഷം വീട്ടില്‍നിന്നിറങ്ങിയ ജോഷി നേപ്പാളിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. അതിനു മുമ്പായി, ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുള്ള ശ്രമമാണ്, അയാളെ പിടികൂ2ാന്‍ പൊലീസിനെ സഹായിച്ചത്. 

അഹമ്മദാബാദ് പൊലീസില്‍നിന്ന് വിരമിച്ച നിലേഷ് ജോഷി അംബാവാഡിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. അയാളുടെ ഭാര്യ മകള്‍ക്കൊപ്പം വിദേശത്തായിരുന്നു. മകന്‍ സ്വയം ആയിരുന്നു ജോഷിക്കൊപ്പമുണ്ടായിരുന്നത്. ചെറുപ്പത്തിലേ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന മകനുമായി അതിനെ ചൊല്ലി ജോഷി എന്നും വഴക്കായിരുന്നു. ജുലൈ 18-ന് മകനുമായി ജോഷി വലിയൊരു വഴക്കുണ്ടായി. മയക്കുമരുന്ന് വാങ്ങാന്‍ പണം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു വഴക്ക് എന്നാണ് പൊലീസ് പറയുന്നത്. 

പൊലീസ് പറയുന്നത് ഇങ്ങനെ: 

വഴക്കിനെ തുടര്‍ന്ന് അടുക്കളയില്‍ വെച്ച അമ്മിക്കല്ല് എടുത്ത് ജോഷി മകന്റെ തലയില്‍ പല തവണ അടിച്ചു വീഴ്ത്തി. മകന്റെ മരണം ഉറപ്പായതോടെ അയാള്‍ പുറത്തേക്കു പോയി പ്ലാസ്റ്റിക് കവറുകളും ഇലക്‌ട്രോണിക് കട്ടറും വാങ്ങിവന്നു. അതിനുശേഷം മകന്റെ ശരീരം ആറായി മുറിച്ച് ഈ പ്ലാസ്റ്റിക് കവറുകളില്‍ നിക്ഷേപിച്ചു. പിന്നീട് സ്‌കൂട്ടറില്‍ പല ഇടങ്ങളിലായി ഇത് നിക്ഷേപിച്ചു. മൂന്ന് കവറുകള്‍ പുഴയില്‍ ഒഴുക്കി. ബാക്കിയുള്ളവ ചവറ്റുകൂനയിലിട്ടു. ഇതാണ് ചീഞ്ഞു നാറിയതിനെ തുടര്‍ന്ന് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. 

യുപിയിലെ ഗോരക്പൂര്‍ വഴി നേപ്പാളിലേക്ക് കടക്കുകയായിരുന്നു ജോഷിയുടെ ലക്ഷ്യം. ഇതിനായി വീടുവിട്ടിറങ്ങിയ ജോഷി, അങ്ങോട്ടുള്ള യാത്രാ മധ്യേയാണ് രാജസ്താനിലെ സവായി മധോപൂരിലുള്ള റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട അവധ് എക്‌സ്പ്രസില്‍ വെച്ച് പൊലീസ് സംഘത്തിന്റെ പിടിയിലായത്. 

click me!