
ട്രെയിനിൽ യാത്ര ചെയ്യവെ മരുന്ന് കുത്തിവച്ച് മോഷണം നടത്തിയെന്ന് ഇൻഫ്ലുവൻസറായ യുവതിയുടെ ആരോപണം. പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ബ്രഹ്മപുത്ര മെയിലിൽ യാത്ര ചെയ്യുമ്പോൾ തന്നെയും സഹയാത്രികരെയും മയക്കുമരുന്ന് നൽകി കൊള്ളയടിച്ചു എന്നാണ് കനിക ദേവ്രാനി എന്ന യൂട്യൂബർ ആരോപിക്കുന്നത്.
വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വലിയ ആശങ്കയാണ് യാത്രയിലെ സുരക്ഷയെ കുറിച്ച് ആളുകൾ പങ്കുവയ്ക്കുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായിട്ടാണ് അധികൃതർ പറയുന്നത്.
കനിക പറയുന്നത് പ്രകാരം അവൾ ട്രെയിനിലെ സെക്കന്റ് എസിയിലാണ് യാത്ര ചെയ്തുകൊണ്ടിരുന്നത്. ആ സമയത്ത് ടിക്കറ്റ് പോലും ഇല്ലാതെ ഒരു അപരിചിതൻ ഈ സെക്കന്റ് എസി കംപാർട്മെന്റിലേക്ക് കയറി. അയാൾ അതുവഴി കടന്നു പോയി കുറച്ചുനേരത്തേക്ക് തന്റെ ബോധം മറഞ്ഞതുപോലെ തോന്നി എന്നും അവൾ പറയുന്നു. സ്വബോധം തിരികെ കിട്ടി നോക്കിയപ്പോഴേക്കും തലയണയുടെ അടിയിൽ വച്ചിരുന്ന തന്റെ ഐഫോൺ കാണാതെ പോയി എന്നാണ് അവൾ പറയുന്നത്. തന്റെ സഹയാത്രികനും ഫോൺ നഷ്ടപ്പെട്ടു എന്ന് കനിക പറയുന്നു.
ഇന്ത്യയിലെ ട്രെയിനിൽ യാത്ര സുരക്ഷിതമല്ല എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പിന്നീട്, ആർപിഎഫ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് ഒരാൾ തന്റെ അമ്മയെ വിളിച്ച് തന്റെ ഫോണിന്റെ പാസ്‌വേഡ് മാറ്റാൻ ആവശ്യപ്പെട്ടു എന്നും കനിക പറയുന്നു. പൊലീസ് തന്നെ സഹായിക്കാൻ തയ്യാറായില്ല എന്നും അവൾ ആരോപിച്ചു.
വീഡിയോയ്ക്ക് പിന്നാലെ നിരവധിപ്പേർ സംഭവത്തിൽ വിമർശനം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് വന്നു. എസി കംപാർട്മെന്റിൽ പോലും എങ്ങനെയാണ് ആളുകൾ ടിക്കറ്റില്ലാതെ കടന്നുവരുന്നത്, യാത്രക്കാരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷ എത്രമാത്രം പ്രശ്നത്തിലാണ് തുടങ്ങിയ കമന്റുകളും പലരും പങ്കുവച്ചു.
അതേസമയം, സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.