
വിമാനത്തിനുള്ളിൽ വെച്ച് നടക്കുന്ന നിരവധി കുറ്റകൃത്യങ്ങളാണ് ഇപ്പോൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്തിടെ വാഷിംഗ്ടണിലെ സിയാറ്റിലിൽ നിന്ന് അലാസ്കയിലെ ആങ്കറേജിലേക്കുള്ള വിമാനത്തിലും അത്തരമൊരു സംഭവം ഉണ്ടായി. ആദം ഡേവിഡ് സെയ്‌മോർ എന്ന യാത്രക്കാരൻ വിമാനത്തിനുള്ളിൽ വെച്ച് അമിതമായി മദ്യപിക്കുകയും സഹയാത്രക്കാരിയോട് മോശമായി പെരുമാറുകയുമായിരുന്നു. തങ്ങൾ ഇപ്പോൾ മരിച്ച് പോകുമെന്ന് പറഞ്ഞ് ഇയാൾ വിമാനത്തിൽ തന്റെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യുവതിയോട് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു.
ആദ്യമൊക്കെ ഇയാൾ തന്നോട് സൗഹാർദ്ദപരമായി ആണ് പെരുമാറിയതെന്നും എന്നാൽ മൂന്ന് കുപ്പി മദ്യം മുഴുവൻ കുടിച്ചതോടെ ഇയാളുടെ സ്വഭാവം മാറിയെന്നുമാണ് മോശം പെരുമാറ്റത്തിന് ഇരയാക്കപ്പെട്ട യുവതി പൊലീസിനോട് പറഞ്ഞത്. മൂന്ന് കുപ്പി മദ്യം കുടിച്ചതിന് പുറമേ ഇയാൾ വീണ്ടും രണ്ട് കുപ്പി മദ്യം കൂടി ഓർഡർ ചെയ്തതായും അവർ പറഞ്ഞു. അമിത അളവിൽ മദ്യം കുടിച്ചതോടെ ഇയാൾ പാതി മയക്കത്തിലായെന്നും തന്റെ അനുവാദമില്ലാതെ തന്റെ തോളിൽ തലചായ്ച്ച് കിടന്നെന്നും യുവതി പരാതിയിൽ പറയുന്നു. ഇതിനിടയിലാണ് വിമാനം ഇപ്പോൾ തകരുമെന്നും എല്ലാവരും മരിക്കാൻ പോകുകയാണെന്നും അതിന് മുമ്പ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും ഇയാൾ സഹയാത്രികയോട് ആവശ്യപ്പെട്ടത്.
ഇതിനു പുറമേ വിമാനത്തിനുള്ളിൽ വെച്ച് ഒരു ജീവനക്കാരനെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും മദ്യം നൽകാൻ മടിച്ച ഫ്ലൈറ്റ് അറ്റൻഡന്റുമാരുമായി ബഹളംവെച്ച് ഇയാൾ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായും വിമാനത്തിലെ ജീവനക്കാർ പൊലീസിന് മൊഴി നൽകി.
പിന്നീട് വിമാനത്താവളത്തിലിറങ്ങിയ ഇയാളെ എയർപോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബ്രീത്ത് അനലൈസർ പരിശോധന നടത്താൻ ഇയാൾ തയ്യാറായില്ല. ആങ്കറേജ് ഫെഡറൽ കോടതി കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണത്തിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.