
വിൻഡോസ് എക്സ്പി (Windows XP) യിൽ ഡിഫോൾട്ട് വാൾപേപ്പറായി വരുന്ന ചിത്രം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? തെളിഞ്ഞ ആകാശവും വിശാലമായ പച്ചപ്പുൽത്തകിടിയും ഉള്ള ഓരോ തവണ കാണുമ്പോഴും ഗൃഹാതുരത്വം ഉണർത്തുന്ന ഈ ചിത്രം കാണാത്തവർ കുറവായിരിക്കും. എത്ര നേരം വേണമെങ്കിലും മടുക്കാതെ നോക്കിയിരിക്കാൻ സാധിക്കുന്ന എന്തോ ഒരു ഭംഗി ഒളിഞ്ഞിരിക്കുന്ന ചിത്രമാണ് ഇത്. ബ്ലിസ് എന്നറിയപ്പെടുന്ന ഈ ഡെസ്ക്ടോപ്പ് വാൾപേപ്പർ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫോട്ടോയാണെന്നും പറയപ്പെടുന്നു. പക്ഷെ ഈ ഫോട്ടോ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയതിന് പിന്നിൽ ഒരു കഥയുണ്ട്. അത് എന്താണെന്ന് അറിയാമോ?
1996 ജനുവരിയിൽ കാലിഫോർണിയയിൽ തന്റെ ഭാവി ഭാര്യയെ കാണാൻ പോകുന്ന വഴിയാണ് നാഷണൽ ജിയോഗ്രാഫിക്കിൽ ജോലി ചെയ്തിരുന്ന ചക്ക് ഒ റിയറിന്റെ കണ്ണിൽ ആ പ്രകൃതിരമണീയ ദൃശം പതിഞ്ഞത്. യാത്രകളിലെല്ലാം തന്നോടൊപ്പം സന്തത സഹചാരിയായി തന്റെ പ്രിയപ്പെട്ട ക്യാമറകൂടി കരുതുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പുല്ല് പച്ചപിടിച്ചുവരുന്നതും ആകാശത്ത് മനോഹരമായ വെളുത്ത മേഘങ്ങളുള്ളതുമായ ആ മനോഹരകാഴ്ച കണ്ട അദ്ദേഹം തന്റെ വണ്ടി നിർത്തി. പ്രകൃതി സ്വയം വരച്ച ഒരു ചിത്രം പോലെ തോന്നിപ്പിച്ച ആ കാഴ്ച തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു ലക്ഷ്യം. രണ്ട് ചിത്രങ്ങൾ തന്റെ ക്യാമറിയിൽ പകർത്തി മടങ്ങുകയായിരുന്നു ലക്ഷ്യം. പക്ഷെ, അപ്പോഴൊന്നും ചക്ക് ഒ റിയർ അറിഞ്ഞിരുന്നില്ല തന്റെ ചിത്രം മൈക്രോസോഫ്റ്റ് വാങ്ങുമെന്നും ലോകത്തെങ്ങുമുള്ള കോടാനുകോടി ആളുകളുടെ ഡെസ്ക്ടോപ്പിൽ അത് കാലങ്ങളോളം നിറഞ്ഞു നിൽക്കുമെന്നും.
തന്റെ Mamiya RZ67 ഫിലിം ക്യാമറയിൽ ആണ് ചക്ക് ഒ റിയർ ആ ചിത്രം പകർത്തിയത്. പിന്നീട് അദ്ദേഹം തന്റെ ഫോട്ടോ സ്റ്റോക്ക് ഫോട്ടോ ഏജൻസിയായ കോർബിസിന് സമർപ്പിച്ചു. കോർബിസിന്റെ സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രം മൈക്രോസോഫ്റ്റിന്റെ ശ്രദ്ധയിൽ പെടുകയും എന്തു മോഹവില കൊടുത്തും അത് സ്വന്തമാക്കണമെന്ന തീരുമാനത്തിൽ ടെക് ഭീമൻ ഉറച്ചു നിൽക്കുകയും ചെയ്തു. അങ്ങനെ ആ ചിത്രം മൈക്രോസോഫ്റ്റ് സ്വന്തമാക്കുകയും ബ്ലിസ് എന്ന പേരിടുകയും ചെയ്തു. ഫോട്ടോ വാങ്ങിക്കാനായി മൈക്രോസോഫ്റ്റ് നൽകിയ തുക ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കരാർ നിലനിൽക്കുന്നതിനാൽ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ഒരു ഫോട്ടോയ്ക്ക് ഇതുവരെ നൽകിയ ഏറ്റവും വലിയ തുകയാണിത്.
ബ്രീട്ടീഷ് ഡിജിറ്റൽ പബ്ലിഷിങ്ങ് ഗ്രൂപ്പായ ലാഡ്‌ബൈബിൾ റിപ്പോർട്ട് അനുസരിച്ച്, മൈക്രോസോഫ്റ്റിന്റെ ബ്ലിസ് ഫോട്ടോയ്‌ക്കായി ചക്ക് ഒ റിയറിന് 100,000 ഡോളർ ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട Autumn wallpaper ഉം ടെക് ഭീമൻ വാങ്ങിയതാണ്. പീറ്റർ ബുറിയൻ എന്ന ഫോട്ടോഗ്രാഫറാണ് ഇത് ക്ലിക്ക് ചെയ്തത്. അദ്ദേഹവും ചക്ക് ഒ റിയറിനെപ്പോലെ ഫോട്ടോ കോർബിസിൽ അപ്‌ലോഡ് ചെയ്തു. ചിത്രം ഇഷ്ടപ്പെട്ട മൈക്രോസോഫ്റ്റ് 45 ഡോളർ നൽകിയാണ് പീറ്റർ ബുറിയനിൽ നിന്ന് ചിത്രം സ്വന്തമാക്കിയത്.