
മദ്യപിച്ച യാത്രക്കാരൻ വിമാനത്താവളത്തിലെ ഗോൾഫ് കാർട്ട് കൈക്കലാക്കി. തുടർന്ന് ഇയാൾ വിമാനത്താവളത്തിനുള്ളിലൂടെ വാഹനം ഓടിച്ചു കളിക്കുകയും നിരവധി നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
ജൂലൈ 28 -ന് പുലർച്ചെയാണ് ന്യൂയോർക്കിലെ ബഫല്ലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വിചിത്രമായ സംഭവം നടന്നത്. ആദ്യം ഇയാളുടെ പ്രവൃത്തി എല്ലാവരും കൗതുകത്തോടെയാണ് വീക്ഷിച്ചതെങ്കിലും തുടർന്ന് വിമാനത്താവളത്തിനുള്ളിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതോടെ പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 29 -കാരനായ കെവിൻ സിന്നിംഗ് എന്ന വ്യക്തിയാണ് മദ്യപിച്ചെത്തി വിമാനത്താവളത്തിനുള്ളിൽ അതിക്രമം കാണിച്ചത്. ഇയാളെ നയാഗ്ര ഫ്രോണ്ടിയർ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (എൻഎഫ്‌ടിഎ) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലും ഇയാൾ വാഹനം അശ്രദ്ധയോടെ ഓടിക്കുന്നതും വിമാനത്താവളത്തിലെ ഗ്ലാസ് ഡോറുകൾ വാഹനം ഇടിച്ച് തകരുന്നതും കാണാം. ചുറ്റും നിൽക്കുന്നവർ വാഹനം നിർത്താൻ ഇയാളോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും മദ്യലഹരിയിൽ അതൊന്നും ശ്രദ്ധിക്കാതെ കൂടുതൽ ആവേശത്തോടെ ഇയാൾ ഗോൾഫ് കാർട്ട് ഓടിക്കുകയായിരുന്നു.
വ്യോമിംഗ് സ്വദേശിയായ ഇയാളുടെ പേരിൽ മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത് എന്ന് എൻഎഫ്‌ടിഎ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോൾഫ് കാർട്ടിനും, നടപ്പാതയ്ക്കും, ഗ്ലാസ് പാർട്ടീഷനുകൾക്കും സിന്നിംഗ് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരില്ലാതെ നിർത്തിയിട്ടിരുന്ന വാഹനമാണ് ഇയാൾ കൈക്കലാക്കിയത്. വിമാനത്താവളങ്ങൾക്കുള്ളിൽ ആളുകളെയും സാധനങ്ങളെയും കൃത്യമായ ഇടങ്ങളിൽ എത്തിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ചെറുവാഹനങ്ങളാണ് ഗോൾഫ് കാർട്ട്.