
രാജ്യത്ത് പൊലീസി(Police)ന്റെ അടിയന്തിര സേവനങ്ങൾ(Emergency services) ലഭ്യമാകാൻ ഹെൽപ്പ്‌ലൈൻ നമ്പറായ 112 -ൽ വിളിച്ചാൽ മതി എന്ന് നമുക്കറിയാം. എന്നാലും, അതിൽ വിളിച്ചാൽ പൊലീസ് ഉടനെ തന്നെ എത്തുമോ എന്നൊരു സംശയം പലർക്കും ഉണ്ടായിട്ടുണ്ടാകാം. ഹരിയാനയിലെ പഞ്ച്കുള(Panchkula)യിൽ നരേഷ് കുമാറും(Naresh Kumar) കുറേ കാലമായി ഈ സംശയവും കൊണ്ട് നടക്കുകയായിരുന്നു. ഒടുവിൽ ഒരു ദിവസം അതിൽ ഒന്ന് വിളിച്ച് നോക്കി സംശയം തീർക്കാൻ തന്നെ അയാൾ തീരുമാനിച്ചു. പക്ഷേ, അതിൽ ഒരു പ്രശ്നമുണ്ടായിരുന്നു. നട്ടപ്പാതിരക്കാണ് അയാൾ തന്റെ സംശയം തീർക്കാൻ പൊലീസ് എമർജൻസി നമ്പറായ 112 ഡയൽ ചെയ്തത്. പോരാതെ, മദ്യലഹരിയിലായിരുന്നു ഇയാൾ ഈ സാഹസത്തിന് മുതിർന്നത്. പൊലീസുകാർ വരുമോ ഇല്ലയോ എന്നറിയാൻ വേണ്ടിയായിരുന്നു അയാൾ ആ നമ്പറിൽ വിളിച്ചതെങ്കിലും, അതിനെ തുടർന്ന് വളരെ രസകരമായ കാര്യങ്ങളാണ് അവിടെ അരങ്ങേറിയത്.
42 -കാരനായ നരേഷിന് കൂലിപ്പണിയാണ്. വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിയോടെയാണ് അദ്ദേഹം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. വിളിച്ച് 15 മിനിറ്റിനുള്ളിൽ പൊലീസ് സ്ഥലത്ത് എത്തി. എന്നാൽ, അവിടെ എത്തിയ പൊലീസ് എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം പെട്ടുപോയത്. മോർണിയിൽ നിന്നുള്ള വൈകുന്നേരത്തെ ബസ് മിസ്സായതിനെ തുടർന്ന്, വീട്ടിലേക്ക് താൻ നടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. യാത്രാമധ്യേ, ബിയർ കഴിച്ചുവെന്നും, താൻ വിളിച്ചാൽ ഈ രാത്രിയിലും പൊലീസ് വരുമോ എന്നറിയാൻ 112 നമ്പർ ഡയൽ ചെയ്തതാന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ ഉത്തരമൊന്നും പൊലീസിന് ബോധിച്ചില്ല.
അവർ വീണ്ടും വീണ്ടും നരേഷിനെ ചേദ്യം ചെയ്തു. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് പൊലീസ് ഉദ്യോഗസ്ഥർ പലതവണ ചോദിച്ചു. എന്നാൽ, താൻ അറിയാതെ നമ്പർ ഡയൽ ചെയ്‌തതാണെന്നും, പ്രശ്‌നങ്ങളൊന്നും ഇല്ലായെന്നും അയാൾ ആണയിട്ടു പറഞ്ഞു. സംഭവത്തിന്റെ ഒരു വീഡിയോയും പൊലീസ് പങ്കുവച്ചു. ഇത് ഇപ്പോൾ വൈറലായിരിക്കുകയാണ്. ഹരിയാനയുടെ ഐപിഎസ് സ്‌പോർട്‌സ് ഡയറക്ടർ പങ്കജ് നൈനും ഈ വ്യക്തിയുടെ വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കിട്ടു. മദ്യപിച്ചു കഴിഞ്ഞാൽ പൊതുജനം പൊലീസിനെ ഓർക്കുന്നു. 2 ദിവസത്തേക്ക് പൊലീസ് വാഹനം കാണാതായപ്പോൾ, 112 -ൽ വിളിച്ചിരിക്കുന്നു. പഞ്ച്കുളയിലാണ് സംഭവം എന്നാണ് ഐപിഎസ് പങ്കജ് നൈൻ വീഡിയോയുടെ അടിക്കുറിപ്പിൽ കുറിച്ചത്. പൊലീസുകാർ ഇപ്പോൾ കുറവാണ്. അത് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വൈറലായ വീഡിയോയിൽ, മദ്യപിച്ച അദ്ദേഹത്തോട് നിങ്ങൾ 112 എന്ന നമ്പറിൽ വിളിച്ചോ എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നു. വൈകിട്ടുള്ള ബസ് വന്നില്ലെന്നും തുടർന്ന് താൻ നടന്നുവെന്നും അദ്ദേഹം പറയുന്നത് വീഡിയോയിൽ കാണാം. വഴിയിൽ പൊലീസ് വണ്ടിയൊന്നും കണ്ടില്ല. അതിനാലാണ് പൊലീസിൽ വിളിച്ച് നോക്കിയതെന്നും നരേഷ് പറയുന്നു. മൂന്നു ദിവസമായി പൊലീസ് വണ്ടി ഈ വഴി വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിച്ചാൽ മതിയെന്നും 15 മുതൽ 20 മിനിറ്റിനുള്ളിൽ സഹായത്തിനായി പൊലീസ് എത്തുമെന്നും പൊലീസ് അദ്ദേഹത്തോട് വിശദീകരിക്കുന്നതും വീഡിയോയിൽ കാണാം.