
ദൃഢനിശ്ചയം കൊണ്ട് ഒരു മനുഷ്യന് നേടാനാകാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് തെലങ്കാന സ്വദേശിയായ ദുഷാര്‍ള സത്യനാരായണ. കുടിവെള്ളത്തിനും, മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുമായി കോടികണക്കിന് രൂപയാണ് സര്‍ക്കാരുകള്‍ ഓരോ വര്‍ഷവും നീക്കിവയ്ക്കുന്നത്. എന്നാല്‍ പലപ്പോഴും അതൊന്നും മനുഷ്യര്‍ക്ക് ഗുണകരമാക്കാന്‍ അവര്‍ക്ക് കഴിയാറില്ല. എന്നാല്‍ സര്‍ക്കാരിന് പോലും ചെയ്യാന്‍ കഴിയാത്ത ആ ജോലി ദുഷാര്‍ള സ്വയം ഏറ്റെടുത്ത് ചെയ്തു കാണിച്ചു. ആരുടെയും സഹായമില്ലാതെ ആ 68 -കാരന്‍ തന്റെ 70 ഏക്കര്‍ ഭൂമിയെ ഒരു വനഭൂമിയാക്കി. ഇന്ന് അവിടെ ആയിരക്കണക്കിന് മരങ്ങളും ചെടികളും വളര്‍ന്ന് നില്‍ക്കുന്നു. എണ്ണമറ്റ മൃഗങ്ങളുടെയും അപൂര്‍വ്വ പക്ഷികളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഈ വനമിപ്പോള്‍.
ഗ്രാമവികസന ഓഫീസറായിരുന്ന അദ്ദേഹത്തിന് ഇതിനായി തന്റെ ജോലി വരെ ഉപേക്ഷിക്കേണ്ടി വന്നു. വെള്ളത്തിനുവേണ്ടി അദ്ദേഹം നടത്തിയ ഒറ്റയാള്‍ സമരങ്ങള്‍, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി കൈകൊണ്ട തീരുമാനങ്ങള്‍ എല്ലാം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 1954 മാര്‍ച്ച് 12 -ന് സൂര്യപേട്ട് ജില്ലയിലെ രാഘവപുരം ഗ്രാമത്തില്‍ ഭൂവുടമകളുടെ കുടുംബത്തിലാണ് ദുഷാര്‍ള ജനിച്ചത്. പ്രകൃതിയുടെ മടിത്തട്ടില്‍ കളിച്ച് വളര്‍ന്ന അദ്ദേഹത്തിന് കുട്ടിക്കാലം മുതലേ തന്റെ പച്ചപ്പ് നിറഞ്ഞ ഗ്രാമത്തോട് വല്ലാത്തൊരു അടുപ്പമായിരുന്നു. ഹൈദരാബാദിലെ ജയശങ്കര്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അഗ്രികള്‍ച്ചറില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ആദ്യം ഒരു അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റായി ജോലി ആരംഭിച്ചു. പിന്നീട് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ റൂറല്‍ ഡെവലപ്മെന്റ് ഓഫീസറായി ജോലി നോക്കി. അവിടെ വച്ചാണ് പാവപ്പെട്ട കര്‍ഷകരുടെ ദുരവസ്ഥ അദ്ദേഹത്തെ ആഴത്തില്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനായുള്ള പോരാട്ടങ്ങള്‍ക്കായി നാട്ടിലേയ്ക്ക് വണ്ടി കയറി.
നല്‍ഗൊണ്ട ജില്ലയിലെ ശുദ്ധജല ദൗര്‍ലഭ്യതക്കെതിരെ പോരാടാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ പ്രതിഷേധിക്കാന്‍ അദ്ദേഹം വാക്കത്തോണ്‍ സംഘടിപ്പിച്ചു. തന്റെ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന ജല ക്ഷാമത്തെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ അദ്ദേഹം ഡല്‍ഹിയിലും പ്രതിഷേധങ്ങള്‍ നടത്തി. എന്നാല്‍ ഇതില്‍ ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കര്‍മ്മപദ്ധതികള്‍. കുട്ടിക്കാലം മുതലെ പ്രകൃതിയുടെ പറുദീസയായി കണ്ട ഗ്രാമത്തില്‍ അദ്ദേഹത്തിന് 70 ഏക്കറോളം വരുന്ന ഒരു തരിശുഭൂമിയുണ്ടായിരുന്നു. 27-ാം വയസ്സില്‍, ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അദ്ദേഹം ഭൂമിയെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു.
ഇതിനായി അമ്പത് വര്‍ഷത്തോളം അദ്ദേഹം പരിശ്രമിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് അപൂര്‍വയിനം വനവൃക്ഷങ്ങളുടെ വിത്തുകളും തൈകളും ശേഖരിച്ച് തന്റെ ഭൂമിയില്‍ അദ്ദേഹം നട്ടുപിടിപ്പിച്ചു. മഴവെള്ളം ശേഖരിക്കാന്‍ ഒരു കനാല്‍ കുഴിച്ചു. ചെക്ക് ഡാമുകളുള്ള ഏഴ് കുളങ്ങള്‍ കുഴിച്ചു. ഈ കുളങ്ങളിലെ വെള്ളം ഒരിക്കലും വറ്റിപ്പോകാതിരിക്കാന്‍ ഒരു കുഴല്‍ക്കിണറും നിര്‍മ്മിച്ചു. ഈ കുളങ്ങളില്‍ ഇപ്പോള്‍ നിറയെ താമരകള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഇവിടെ മത്സ്യങ്ങളും ആമകളും തവളകളും മറ്റ് ജലജീവികളും സൈ്വര്യമായി വിഹരിക്കുന്നു. കൂടാതെ, ഇന്ത്യന്‍ ബര്‍ത്ത്വോര്‍ട്ട്, ഡെവിള്‍സ് ഹോഴ്വിപ്പ്, ഇന്ത്യന്‍ സ്‌ക്രൂ ട്രീ, സ്പാനിഷ് ജാസ്മിന്‍, ഇന്ത്യന്‍ പുളി, മനില പുളി, പേരക്ക, മാമ്പഴം, ജാമുന്‍, ക്ലസ്റ്റര്‍ അത്തി, വേപ്പ്, ഈന്തപ്പന, മുള തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത സസ്യ ജാലങ്ങളുമുണ്ട്.
പഴങ്ങള്‍ ഒരിക്കലും അദ്ദേഹം വിളവെടുക്കാറില്ല. അത് വനത്തിലുള്ള പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അതുപോലെ മരത്തിന്റെ ചില്ലകള്‍ കോതി ഒതുക്കാറില്ല. വനത്തിലെ പക്ഷികള്‍ക്ക് ഭക്ഷണം ലഭ്യമാക്കാന്‍, തിനയും ധാന്യങ്ങളും കൃഷി ചെയ്യുന്നു. മുയല്‍, കുരങ്ങ്, മയില്‍, അണ്ണാന്‍, പാമ്പ്, കാട്ടുപന്നി, കാട്ടുപൂച്ച, മംഗൂസ്, പോത്ത് തുടങ്ങിയ മൃഗങ്ങളെയും കാട്ടില്‍ കാണാം. കാടിനുള്ളിലെ കുടിലിലാണ് ദുഷാര്‍ളയുടെ താമസം. വേലിയോ, മതിലോ ഇല്ലാത്ത തന്റെ കാടിനെ 360 വാതിലുകളും 660 ജനലുകളുമുള്ള വീട് എന്നാണ് അദ്ദേഹം വിളിക്കുന്നത്.
കാട്ടില്‍ വളരുന്നതൊന്നും വിളവെടുക്കുകയോ പറിക്കുകയോ ചെയ്യാറില്ലെന്ന് അദ്ദേഹം പറയുന്നത്. വനത്തില്‍ വളരുന്നതെല്ലാം അവിടെ മണ്ണില്‍ തന്നെ വീണ് വിഘടിച്ച് മണ്ണിനെ പോഷകങ്ങളാല്‍ സമ്പുഷ്ടമാക്കുന്നു. വനത്തിനുള്ളില്‍ ഒരു കുന്നുമുണ്ട്. തലമുറകളായി കൈമാറി വന്ന ഈ വിശാലമായ ഭൂമി കുടുംബം മറ്റാര്‍ക്കും വിട്ടു കൊടുക്കാതെ സംരക്ഷിച്ച് വരുകയാണ്. ''നല്ല വിലകൊടുത്ത് ഭൂമി വാങ്ങാന്‍ തയ്യാറായി പലരും വന്നു. പക്ഷേ പണം കൊടുത്ത് ഒരു കാട് വാങ്ങാന്‍ കഴിയില്ലല്ലോ?'' അദ്ദേഹം പറഞ്ഞു.