
ജോലിക്കായിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന എല്ലാവർക്കും ജോലി കിട്ടണം എന്നില്ല. ചിലപ്പോൾ, എക്സ്പീരിയൻസ് കുറവ്, ചോദിക്കുന്ന ശമ്പളം കൂടുതൽ, ജോലിയിലെ മികവ് കുറവ് തുടങ്ങി പല കാരണങ്ങളും അതിനുണ്ടാകാം.
എന്നാൽ, ഇതൊന്നുമല്ലാത്ത, വളരെ വിചിത്രം എന്ന് തോന്നുന്ന കാരണങ്ങൾ കൊണ്ടും ഒരാൾക്ക് ജോലി കിട്ടാതിരിക്കാം. എന്തിനേറെ പറയുന്നു, നമ്മുടെ വേഷവും ചിരിയും വരെ ജോലി കിട്ടാതിരിക്കാൻ കാരണമായിത്തീർന്നാൽ എന്താവും അല്ലേ അവസ്ഥ? എന്നാൽ, അതും സംഭവിക്കാം എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്.
ഒരാളെ ജോലിക്കെടുക്കാതിരിക്കാനുള്ള വിചിത്രമായ ചില കാരണങ്ങൾ പങ്കുവയ്ക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ. ഹയറിംഗ് മാനേജർമാർ ആളുകളെ ജോലിക്ക് എടുക്കാതെ ഒഴിവാക്കുന്നതിനുള്ള വിചിത്രമായ കാരണങ്ങളാണ് പോസ്റ്റിൽ പറയുന്നത്. ഒരു വലിയ കമ്പനിയിൽ ഹയറിംഗ് മാനേജരായിരുന്ന തന്റെ കസിനാണ് കഴിവുണ്ടായിട്ടും ചിലരെ ജോലിക്കെടുക്കാത്തതിന്റെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത് എന്നും ഈ യൂസർ കുറിക്കുന്നു.
അതിൽ പ്രധാനമായും എട്ട് കാരണങ്ങളാണ് പറയുന്നത്.
ഓവർ കോൺഫിഡൻസ്.
കൂടുതൽ ആകർഷകമായിരിക്കുക.
ഇന്റർവ്യൂവിന് യോജിച്ച വസ്ത്രം ധരിക്കാതിരിക്കുക.
നിരാശയുള്ളവരെ പോലെ എത്തുക.
ഫ്രണ്ട്‍ലിയായി തോന്നാൻ ഒരുപാട് ചിരിക്കുക.
സംസാരത്തിനിടയിൽ ഫില്ലർ വേർഡ്സ് ഒരുപാട് ഉപയോഗിക്കുക.
ഹാൻഡ്ഷേക്ക് ചെയ്യാതിരിക്കുക/ ദുർബലമായ ഹാൻഡ്ഷേക്ക്.
ഇന്റർവ്യൂ ചെയ്യാനിരിക്കുന്നവരോട് കൃത്യമായ ചോദ്യം ചോദിക്കുന്നതിൽ പരാജയപ്പെടുക.
ഇതൊക്കെയാണ് ആ എട്ട് കാരണങ്ങൾ. എന്നാൽ, പോസ്റ്റിട്ടയാൾ പറയുന്നത്, ഇത് ശരിയല്ലെന്നും ഇക്കാര്യത്തിൽ താൻ തന്റെ കസിനോട് വിയോജിക്കുന്നു എന്നുമാണ്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. വെറുതെയല്ല, ഇന്ന് അർഹിക്കുന്ന പലർക്കും ജോലി കിട്ടാതെ പോകുന്നത് എന്നായിരുന്നു പലരുടേയും അഭിപ്രായം. അതുപോലെ ഒരാളുടെ ലുക്കും ചിരിയും ഒക്കെ എങ്ങനെയാണ് അയാൾക്ക് ജോലി കിട്ടാനും കിട്ടാതിരിക്കാനും കാരണമായിത്തീരുന്നത് എന്നും പലരും ചോദിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം