
സ്കൂൾ മുറ്റത്ത് കളിക്കുന്നതിനിടയിൽ എട്ടുവയസ്സുകാരന് സാൻഡ്‌ബോക്‌സിൽ നിന്നും കിട്ടിയത് ആയിരം വർഷത്തിലധികം പഴക്കമുള്ള നാണയം. ജർമ്മനിയിലാണ് സംഭവം. സാൻഡ് ബോക്സിൽ നിന്നും മണൽ വരുന്നതിനിടയിലാണ് അപൂർവ്വമായ വെള്ളിനാണയം കുട്ടിക്ക് കിട്ടിയത്. ബ്രെമെനിൽ നിന്നുള്ള ബ്ജാർൺ എന്ന ബാലനാണ് ഈ നാണയം കിട്ടിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വീട്ടിലെത്തിയ കുട്ടി നാണയം മാതാപിതാക്കളെ കാണിച്ചപ്പോഴാണ് ഇതൊരു അപൂർവ്വ നാണയമാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സ്കൂൾ അധികൃതരെയും പുരാവസ്തു ഗവേഷകരെയും വീട്ടുകാര്‍ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാണയം റോമൻ സാമ്രാജ്യത്തിന്‍റെ ഭരണകാലത്ത് ഉപയോഗത്തിൽ ഉണ്ടായിരുന്നതാണെന്ന് കണ്ടെത്തിയത്. എഡി 161 മുതൽ 181 വരെ ഭരണം നടത്തിയ ചക്രവർത്തി മാർക്കസ് ഔറേലിയസ് അന്‍റോണിയസിന്‍റെ ഭരണകാലത്ത് പുറത്തിറക്കിയ റോമൻ ഡെനാറിയസ് എന്ന നാണയമാണിതെന്ന് തിരിച്ചറിഞ്ഞു. '
ഏകദേശം 2.4 ഗ്രാം ഭാരമാണ് നാണയത്തിനുള്ളത്. പണപ്പെരുപ്പത്തിന്‍റെ ഫലമായി റോമൻ സാമ്രാജ്യം അതിന്‍റെ നാണയങ്ങളിലെ വെള്ളിയുടെ അളവ് കുറച്ച കാലഘട്ടത്തിലുള്ള നാണയമാണ് ഇതെന്നാണ് പുരാവസ്തു ഗവേഷകനായ ഉട്ട ഹാലെ വിശദീകരിക്കുന്നത്. ഹാലെ ഈ കണ്ടെത്തലിനെ "വളരെ സവിശേഷമായ ഒന്ന്" എന്നാണ് വിശേഷിപ്പിച്ചത്. പുരാതന ജർമ്മൻ ഗോത്രം, പുരാതന റോമാക്കാരുമായി വ്യാപാരം നടത്തിയിരുന്നു. ഇങ്ങനെയാകാം പുരാതന റോമന്‍ നാണയം ജർമ്മനിയിൽ നിന്നും കണ്ടെത്താൻ സാധിച്ചതെന്നാണ് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നത്.
ഏതായാലും ബ്രെമെൻ സ്മാരക സംരക്ഷണ നിയമം അനുസരിച്ച്, താൻ കണ്ടെത്തിയ പുരാതന നാണയം സൂക്ഷിക്കാൻ ബ്ജാർണിന് കഴിയില്ല, സംസ്ഥാന പുരാവസ്തു ഗവേഷകർ കുട്ടിയുടെ ജാഗ്രതയ്ക്കും ജിജ്ഞാസയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ട് രണ്ട് പുരാവസ്തു പുസ്തകങ്ങൾ പ്രതിഫലമായി നൽകി നാണയം ഏറ്റെടുക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ബ്രെമനിലെ ഫോക്ക് മ്യൂസിയത്തിൽ ഡെനാറിയസ് നാണയം സൂക്ഷിക്കാനാണ് പുരാവസ്തു വകുപ്പിന്‍റെ തീരുമാനം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഈ നാണയം കണ്ടെത്തിയതെങ്കിലും ഇപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക