
പലതരം തട്ടിക്കൊണ്ടുപോകലുകളും നാം കേട്ടിട്ടുണ്ട്. എന്നാൽ, ഇത് വളരെ വിചിത്രം എന്ന് തോന്നുന്ന ഒരു കിഡ്നാപ്പിംഗ് ആണ്. നായയെ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തിന് നായയെ കിട്ടിയില്ല. ഒടുവിൽ, വീട്ടിലെ ഒരാളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് നായയെ. 1.5 ലക്ഷം വിലയുള്ള നായയെ ആണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. ഏതായാലും നായയെ തട്ടാനുള്ള സംഘത്തിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു.
ഡിസംബർ 14 -നാണ് ഗ്രേറ്റർ നോയിഡയിലെ യുണിടെക് ഹൊറൈസണിൽ ഈ സംഭവങ്ങളെല്ലാം നടന്നത്. ശുഭം പ്രതാപ് സിങ്ങ് എന്നയാളുടെ വീട്ടിൽ ആറ് മാസം മുമ്പ് അദ്ദേഹം വാങ്ങിയ ഒരു ഡോഗോ അർജന്റീനോ ഉൾപ്പെടെ രണ്ട് നായകളാണ് ഉള്ളത്. ഈ നായകളെ പരിപാലിക്കാൻ ശുഭത്തിന്റെ സഹോദരനായ മുപ്പതുകാരൻ രാഹുലും ഉണ്ട്.
സംഭവം നടന്ന ദിവസം വിശാൽ കുമാർ എന്നൊരാൾ മോണ്ടി, ലളിത് എന്നീ രണ്ടു പേർക്കൊപ്പം ചേർന്ന് ശുഭത്തിന്റെ അപാർട്‍മെന്റിലെത്തി. വിശാൽ കുമാർ, ഡോഗോ അർജന്റീനോയെ കടത്തി കൊണ്ടുപോകാനുള്ള ശ്രമം നടത്തി. എന്നാൽ, ഇത് കണ്ട രാഹുൽ അവരെ തടഞ്ഞുകൊണ്ട് നായയെ സംരക്ഷിച്ചു. എന്നാൽ, സംഘം ചെയ്തത് എന്താണ് എന്നോ? രാഹുലിനെ തട്ടിക്കൊണ്ടുപോയി.
പിന്നീട്, വിശാൽ ശുഭത്തിനെ വിളിച്ചു. സഹോദരനെ തങ്ങൾ വണ്ടിയിലിട്ട് കൊണ്ടുവന്നിട്ടുണ്ടായിരുന്നു എന്നാണ് ആദ്യം പറഞ്ഞത്. പിന്നാലെ, വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തി. രാഹുലിനെ വിടണമെങ്കിൽ പകരമായി നായയെ നൽകണം എന്നായിരുന്നു ആവശ്യം.
ഏതായാലും ശുഭം പൊലീസിനെ സമീപിച്ചു. പൊലീസ് വരുന്നു എന്നറിഞ്ഞ സംഘം രാഹുലിനെ ഒരിടത്തിറക്കി വിട്ട് സ്ഥലം വിട്ടു. രാഹുൽ ലൊക്കേഷൻ ഷെയർ ചെയ്‍ത് വീട്ടുകാരെ വിവരം അറിയിച്ചു. രാഹുലിനെ കിട്ടിയെങ്കിലും വിശാലിനെയും സംഘത്തേയും കിട്ടിയില്ല. ഇപ്പോഴും പൊലീസ് സംഘത്തിന് വേണ്ടി അന്വേഷിക്കുകയാണ്.