
പ്രണയത്തിലായിരിക്കുമ്പോൾ നമ്മൾ നമ്മുടെ ചുറ്റുപാടും മറക്കുന്നു. പ്രണയിനി(lover)യെ കാണാൻ തീർത്തും ഭ്രാന്തമായ വഴികൾ തെരഞ്ഞെടുക്കാൻ പോലും ചിലപ്പോൾ ശ്രമിച്ചെന്നിരിക്കും. തന്റെ കാമുകിയെ കാണാൻ ആഗ്രഹിച്ച് ഒരു ബിഹാർ സ്വദേശി കാണിച്ചത് അത്തരം വിചിത്രമായ ഒരു കാര്യമാണ്. ഒരു ഇലക്ട്രീഷ്യനായ (electrician) അയാൾ രാത്രിയിൽ കാമുകിയെ കാണാനായി തന്റെ ഗ്രാമത്തിലെ വൈദ്യുതി(electricity) കണക്ഷൻ സ്ഥിരമായി വിച്‌ഛേദിക്കുമായിരുന്നു. ഒടുവിൽ കള്ളി വെളിച്ചത്താവുകയും, അയാളെ കൈയോടെ പിടികൂടുകയും ചെയ്തു. എന്നാൽ, കഥയ്ക്ക് സന്തോഷകരമായ ഒരു പരിസമാപ്തിയായിരുന്നു.
കിഴക്കൻ ബീഹാറിലെ പൂർണിയ ജില്ലയിലെ ഗണേഷ്പൂർ (Ganeshpur) ഗ്രാമത്തിലാണ് രസകരമായ സംഭവം ഉണ്ടായത്. എല്ലാ ദിവസവും രാത്രിയായാൽ ഗ്രാമത്തിൽ കറന്റ് പോകും. പിന്നെ രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞതിന് ശേഷം മാത്രമേ കറന്റ് വരികയുള്ളൂ. ആദ്യമാദ്യം ആരും അത് അത്ര ഗൗരവമായി എടുത്തില്ല. എന്നാൽ, ഇത് പതിവായപ്പോൾ ഗ്രാമവാസികൾ അസ്വസ്ഥരാകാൻ തുടങ്ങി. ഇത് മാസങ്ങളോളം തുടർന്നു. എന്നാൽ, പവർ ഗ്രിഡ് തകരാറുകളൊന്നും പവർ കമ്പനി റിപ്പോർട്ട് ചെയ്തില്ല. സമീപഗ്രാമങ്ങളിലൊന്നും സമാനമായ പ്രശ്‌നങ്ങൾ ഇല്ലാത്തതും ആളുകളിൽ സംശയം ഉണർത്തി. എന്താണ് ഇതിന് പിന്നിലെന്ന് ആർക്കും മനസ്സിലായില്ല. ഒടുവിൽ ക്ഷുഭിതരായി, ഗ്രാമങ്ങളിലെ പലരും വൈദ്യുതി മുടങ്ങുന്ന സമയം ശ്രദ്ധിക്കാൻ തുടങ്ങി. ഇരുട്ടിയതിന് ശേഷം മാത്രമാണ് എല്ലായ്പ്പോഴും വൈദ്യുതി നിലയ്ക്കുന്നതെന്ന് അവർ മനസ്സിലാക്കി. ഇത് ആരുടെയെങ്കിലും പണിയാണോ എന്നവർ സംശയിച്ചു.
ഒടുവിൽ ഒരു രാത്രി കറന്റ് പോയപ്പോൾ ഗണേഷ്‌പൂർ നിവാസികൾ സംഘങ്ങളായി പിരിഞ്ഞ് ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ശ്രമിച്ചു. തെരുവുകളിൽ ചുറ്റി നടന്ന അവർ ഒടുവിൽ ഗ്രാമത്തിലെ സ്കൂൾ അങ്കണത്തിൽ എത്തി. അവിടെ രണ്ട് പ്രണയികളെ അവർ കണ്ടെത്തി. കാമുകൻ ഒരു ഇലക്‌ട്രീഷ്യനായിരുന്നു. ഒടുവിൽ ചോദ്യം ചെയ്യലിൽ അയാൾ സത്യമെല്ലാം തുറന്ന് പറഞ്ഞു. അവർക്ക് രഹസ്യമായി തമ്മിൽ കാണാൻ വേണ്ടിയാണ് ദിവസവും രാത്രിയിൽ രണ്ട്, മൂന്ന് മണിക്കൂർ വൈദ്യുതി വിച്ഛേദിക്കുന്നത് എന്നായാൾ പറഞ്ഞു. ഇരുട്ടത്ത് ആരും കണ്ടുപിടിക്കില്ലെന്ന് അവർ കരുതി.
ഇലക്ട്രീഷ്യനെ ഒടുവിൽ ആളുകൾ മർദിക്കുകയും തുടർന്ന് തെരുവുകളിലൂടെ നടത്തിക്കുകയും ചെയ്തു. എന്നാൽ ഭാഗ്യവശാൽ, കഥയ്ക്ക് സന്തോഷകരമായ ഒരു അവസാനമാണുണ്ടായത്. ഇരുവരുടെയും രഹസ്യബന്ധം ഗ്രാമം മുഴുവൻ അറിഞ്ഞു. ഒടുവിൽ ഗ്രാമത്തിലെ മുതിർന്നവർ അവരുടെ വിവാഹം നടത്തിക്കൊടുത്തു. ഗ്രാമത്തലവന്റെയും, മറ്റ് വില്ലേജ് കൗൺസിൽ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യുവാവ് പെൺകുട്ടിയെ വിവാഹം കഴിച്ചു.
ഈ വിവാഹം ഇലക്ട്രീഷ്യനെ നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷിച്ചതായി പറയപ്പെടുന്നു. കാരണം ഇതാണ് സംഭവം എന്നറിഞ്ഞതോടെ അയാൾക്കെതിരെ പരാതി നൽകാൻ ആരും തയ്യാറായില്ല. "ഞങ്ങൾക്ക് സംഭവത്തെക്കുറിച്ച് അറിയാമെങ്കിലും, ആരിൽ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കും" ലോക്കൽ പൊലീസ് ഓഫീസർ വികാസ് കുമാർ ആസാദ് പറഞ്ഞു.
(ചിത്രം പ്രതീകാത്മകം)