കനയ്യ കുമാറിന്റെ പ്രോസിക്യൂഷൻ തടയാൻ അരവിന്ദ് കെജ്‌രിവാളിന് സാധിക്കുമായിരുന്നോ?

By Web TeamFirst Published Mar 2, 2020, 9:26 AM IST
Highlights

രാജ്യദ്രോഹക്കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങും മുമ്പ് അതാത് സംസ്ഥാന സർക്കാരുകളുടെ അനുമതി മുൻ‌കൂർ വാങ്ങിയിരിക്കണം എന്നതാണ് കീഴ്വഴക്കം. കാരണം ഇവിടെ കുറ്റം ചെയ്യപ്പെട്ടിരിക്കുന്നത് വ്യക്തിയുടെ നേർക്കല്ല. സ്റ്റേറ്റിന്റെ നേർക്കാണ്. 

"രാജ്യദ്രോഹ നിയമത്തെക്കുറിച്ചുള്ള അജ്ഞതയുടെ കാര്യത്തിൽ കേന്ദ്രവും ദില്ലിസർക്കാരും ഒരേതൂവൽപക്ഷികളാണ്" കനയ്യ കുമാറിന്റെ മേൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായിരുന്ന കാലത്ത് ചാർജ്ജ് ചെയ്യപ്പെട്ട ഒരു രാജ്യദ്രോഹകേസിന്റെ പ്രോസിക്യൂഷന് അനുമതി നൽകിയ ദില്ലി സർക്കാരിന്റെ നടപടിയെ നിശിതമായി വിമർശിച്ചുകൊണ്ട് മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം പറഞ്ഞ വാക്കുകളാണ്.

Delhi Government is no less ill-informed than the central government in its understanding of sedition law.

I strongly disapprove of the sanction granted to prosecute Mr Kanhaiya Kumar and others for alleged offences under sections 124A and 120B of IPC.

— P. Chidambaram (@PChidambaram_IN)

ചിദംബരം മാത്രമല്ല, രാജ്യത്തിന്റെ പലകോണുകളിലുള്ള പലരിൽ നിന്നും ഈ നടപടിയുടെ പേരിൽ കടുത്ത വിമർശനം ഏറ്റുവാങ്ങുകയാണ് അരവിന്ദ് കെജ്‌രിവാൾ എന്ന ദില്ലി മുഖ്യമന്ത്രി ഇന്ന്. കഴിഞ്ഞ ഒരു വർഷമായി ഈ അനുമതി നൽകാതെ പിടിച്ചുവെച്ചിരിക്കുകയായിരുന്നു കെജ്‌രിവാൾ. ഇപ്പോൾ ഉയരുന്ന രണ്ടാമത്തെ ചോദ്യം, അനുമതി നൽകാനായിരുന്നു പ്ലാനെങ്കിൽ പിന്നെ ഇത്രനാൾ പിടിച്ചുവെച്ചത് എന്തിനായിരുന്നു? അന്നേ അങ്ങ് കൊടുത്താൽ പോരായിരുന്നോ?
 
ജെഎൻയു രാജ്യദ്രോഹക്കേസിനെപ്പറ്റി ഫെബ്രുവരി 4 -ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞത് ഇങ്ങനെ, "ഈ കേസിൽ ദില്ലി മുഖ്യമന്ത്രിക്കോ മറ്റേതെങ്കിലും മന്ത്രിമാർക്കോ യാതൊരു റോളുമില്ല. ഈ കേസിൽ പ്രൊസിക്യൂഷൻ  വിഭാഗമാണ് നൽകേണ്ടത്. അത് തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ്. കോടതിയിൽ ജഡ്‍ജിമാർ പ്രവർത്തിക്കുംപോലെയാണ് അവരുടെയും പ്രവർത്തനം. അതിൽ യാതൊരുവിധ ഇടപെടലുകളും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല."

പരസ്‍പര വിരുദ്ധമായ പ്രസ്‍താവനകളിങ്ങനെ വരുമ്പോൾ ആകെ സംശയമാവും. സത്യത്തിൽ ഈ രാജ്യദ്രോഹക്കേസിന്റെ വിചാരണയുടെ നടപടിക്രമം എന്താണ്? ഇതിൽ ദില്ലി പോലീസിന്റെ റോൾ എന്താണ്? ദില്ലി സർക്കാരിന്റെ റോൾ എന്താണ്?

രാജ്യദ്രോഹ നിയമത്തിലെ നടപടിക്രമങ്ങൾ

കനയ്യ കുമാറിന് മേൽ ചാർത്തപ്പെട്ട കേസിലെ നടപടിക്രമങ്ങളെപ്പറ്റി ആദ്യമായി ചോദ്യമുയരുന്നത് കഴിഞ്ഞ വർഷം ജനുവരിയിലാണ്. അന്ന് ദില്ലി സർക്കാരിന്റെ മുൻ‌കൂർ അനുമതി വാങ്ങാതെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടുപോയതിന് ദില്ലി പൊലീസിനെ കണക്കറ്റ് ശാസിച്ചതാണ് ഹൈക്കോടതി. "സർക്കാരിന്റെ അനുമതി കൂടാതെ തന്നെ കുറ്റപത്രം സമർപ്പിക്കലും കഴിഞ്ഞോ? ഇന്നാട്ടിൽ നിയമവും കീഴ്വഴക്കങ്ങളും ഒന്നുമില്ലെന്നാണോ?"

 

രാജ്യദ്രോഹക്കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങും മുമ്പ് അതാത് സംസ്ഥാന സർക്കാരുകളുടെ അനുമതി മുൻ‌കൂർ വാങ്ങിയിരിക്കണം എന്നതാണ് കീഴ്വഴക്കം. കാരണം ഇവിടെ കുറ്റം ചെയ്യപ്പെട്ടിരിക്കുന്നത് വ്യക്തിയുടെ നേർക്കല്ല. സ്റ്റേറ്റിന്റെ നേർക്കാണ്. ക്രമസമാധാനപാലനം സ്റ്റേറ്റിന്റെ ചുമതലയായതുകൊണ്ട് പല കേസുകളിലും സ്റ്റേറ്റ് ഒരുഭാഗത്ത് കക്ഷിയാവാറുണ്ട്. രാജ്യദ്രോഹം എന്നത് സ്റ്റേറ്റിനെ വെല്ലുവിളിക്കലാണ്. ഇങ്ങനെയുള്ള കേസുകളിൽ സ്റ്റേറ്റിന്റെ അനുമതി എടുക്കുന്നത് വ്യാജമായ ആരോപണങ്ങളെ തട്ടിക്കിഴിക്കാൻ വേണ്ടിയാണ്.

ഏതെങ്കിലും ഒരു പ്രസംഗത്തിലെ പരാമർശങ്ങൾ സ്റ്റേറ്റിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നുണ്ടോ? പ്രസ്തുത പ്രസംഗം രാജ്യദ്രോഹപരമാണോ? പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടോ എന്നതൊക്കെ സംസ്ഥാനത്തെ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്, രാജ്യദ്രോഹക്കേസുകളിൽ കുറ്റപത്രം നല്കുന്നതിനൊക്കെ ഏറെ മുമ്പായി.

കെജ്‌രിവാളിന്റെ നിലപാട്

2016 ഫെബ്രുവരി 9 -നാണ് ജെഎൻയുവിൽ കനയ്യകുമാർ അടക്കമുള്ളവരുടെ വിവാദാസ്പദമായ പ്രസംഗങ്ങൾ നടക്കുന്നത്. പ്രസംഗത്തെത്തുടർന്ന് ദില്ലി പോലീസ്  അന്ന് ക്യാമ്പസിൽ പ്രസംഗിച്ച കനയ്യ കുമാർ, ഒമർ ഖാലിദ്, അനിർഭൻ ഭട്ടാചാര്യ, രാമ നാഗ, അനന്ത കുമാർ, അശുതോഷ് കുമാർ എന്നിവർക്കെതിരെ ഐപിസി 124 അഥവാ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കുന്നു. കനയ്യ കുമാർ അറസ്റ്റിലാകുന്നു, മറ്റുള്ളവർ ഒളിവിൽ പോകുന്നു. പത്തു ദിവസത്തിന് ശേഷം ഒമർ ഖാലിദും അനിർഭൻ ഭട്ടാചാര്യയും കീഴടങ്ങുന്നു. 

 

കേസ് പട്യാല കോടതിയിൽ എത്തുമ്പോൾ കനയ്യ കുമാർ അടക്കമുള്ളവർക്കെതിരെ കോടതി പരിസരത്തുവെച്ച് ആക്രമണം ഉണ്ടാകുന്നു. മാർച്ച് രണ്ടാം തീയതി കനയ്യക്ക് ജാമ്യം കിട്ടുന്നു. നാലാം തീയതി കനയ്യ ദില്ലിയിൽ റാലി നടത്തി പ്രസംഗിക്കുന്നുണ്ട്. അന്ന് ദില്ലി മുഖ്യമന്ത്രിയായിരുന്ന കെജ്‌രിവാൾ മാർച്ച് 3 -നും 4 -നും  കനയ്യയുടെ പ്രസംഗത്തിന്റെ സുവ്യക്തതയെയും മഹത്വത്തെയും പ്രശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്യുകയുണ്ടായി. ദൈവാനുഗ്രഹമുണ്ടാവട്ടെ കനയ്യയ്ക്ക് എന്നും അദ്ദേഹം തന്റെ ട്വീറ്റിൽ പറഞ്ഞിരുന്നു.

Heard Kanhaiya's speech many times. Amazing clarity of thought expressed wonderfully.He said wat most people have been feeling.God bless him

— Arvind Kejriwal (@ArvindKejriwal)

എന്നാൽ അതേ കെജ്‌രിവാളിന് നിന്ന് കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള നടപടിയും ഉണ്ടായതോടെ അദ്ദേഹത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് അനുരാഗ് കശ്യപ് അടക്കമുള്ള പലരും രംഗത്തെത്തി. "അല്ലയോ മഹാനുഭാവാ... അങ്ങയോട് ഇത്തരുണത്തിൽ എന്താണ് പറയേണ്ടത്? നട്ടെല്ലില്ലാത്തവനേ എന്നങ്ങയെ വിളിച്ചാൽ ചിലപ്പോൾ അതൊരു പ്രശംസയായിപ്പോകും. എത്ര ഉറുപ്പികയ്ക്കാണ് അങ്ങും ആം ആദ്മി പാർട്ടിയും വിലയ്‌ക്കെടുക്കപ്പെട്ടത് എന്നുമാത്രം അറിഞ്ഞാൽ മതി"

"ദില്ലിയിലെ പ്രോസിക്യൂഷൻ വിഭാഗം വളരെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഏജൻസി ആണ്. ദില്ലി സർക്കാർ അതിന്റെ തീരുമാനങ്ങളിൽ ഇടപെടാറില്ല" എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കാൻ കെജ്‌രിവാളിന് സ്വാതന്ത്ര്യമുണ്ട് എങ്കിലും, സത്യത്തിൽ അതുതന്നെയാണോ അവസ്ഥ? ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്, നിയമിക്കപ്പെട്ട ശേഷം പബ്ലിക് പ്രോസിക്യൂട്ടറിന് പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യമുണ്ട് എങ്കിലും, ഇത്തരത്തിലുള്ള കേസുകളിലെ പ്രോസിക്യൂഷൻ അനുമതി ഒരു രാഷ്ട്രീയ തീരുമാനമാണ്. സാങ്കേതികമായി പറഞ്ഞാൽ ഇക്കാര്യത്തിൽ കെജ്‌രിവാൾ സർക്കാരിന് ഉത്തരവാദിത്തമില്ല എങ്കിൽ കൂടിയും, ഇതേ തീരുമാനം അനുമതി നിഷേധിച്ചു കൊണ്ടോ ഇക്കാര്യത്തിൽ 'സ്റ്റാറ്റസ് ക്വൊ' പിന്തുടർന്നുകൊണ്ടുപോയോ ഒക്കെ കൃത്യമായ രാഷ്ട്രീയ നിലപാടെടുക്കാനും ആം ആദ്മി പാർട്ടിക്കും അരവിന്ദ് കെജ്രിവാളിനും കഴിയുമായിരുന്നു. അതുകൊണ്ട് അത്ര എളുപ്പത്തിൽ കൈകഴുകി ഒഴിയാൻ എന്തായാലും ഇക്കാര്യത്തിൽ കെജ്‌രിവാളിന് കഴിയില്ല.

ഈ വിഷയത്തിൽ എഫ്‌ഐആർ ഇട്ടത് നാലു വർഷം മുമ്പാണ്. മൂന്നുവർഷത്തോളം കേസ് അന്വേഷിച്ച ശേഷം 2019 തുടക്കത്തിലാണ് ചാർജ്ജ് ഷീറ്റ് ഇടുന്നതും, കോടതി കുറ്റപത്രം സമർപ്പിക്കും മുമ്പ് സംസ്ഥാന സർക്കാരിന്റെ അനുമതി എന്തുകൊണ്ടെടുത്തില്ല എന്നതിന്റെ പേരിൽ നിശിതമായി വിമർശിക്കുന്നതും.  വിഷയത്തിൽ കോടതിയുടെ വിമർശനം വന്നിട്ട് ഒരു വർഷമായി. അന്നൊന്നും അരവിന്ദ് കെജ്‌രിവാൾ മറുപടി കൊടുക്കുകയോ പ്രോസിക്യൂഷന് അനുമതി നൽകുകയോ ഉണ്ടായില്ല. ഇന്നിപ്പോൾ ഈ നടപടി ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഒരു ഐബി ഓഫീസറെ വധിച്ച കേസിൽ ആം ആദ്മി പാർട്ടി നേതാവായ താഹിർ ഹുസൈനെതിരെ എഫ്‌ഐആർ ഇട്ടതോടെ പ്രതിരോധത്തിലായ ആം ആദ്മി പാർട്ടി മുഖം രക്ഷിക്കാൻ വേണ്ടി കൈക്കൊണ്ട നിലപാടാണ് എന്നും വിമർശനമുണ്ട്. 

दिल्ली सरकार को सेडिशन केस की परमिशन देने के लिए धन्यवाद। दिल्ली पुलिस और सरकारी वक़ीलों से आग्रह है कि इस केस को अब गंभीरता से लिया जाए, फॉस्ट ट्रैक कोर्ट में स्पीडी ट्रायल हो और TV वाली ‘आपकी अदालत’ की जगह क़ानून की अदालत में न्याय सुनिश्चित किया जाए। सत्यमेव जयते।

— Kanhaiya Kumar (@kanhaiyakumar)

ദില്ലി സർക്കാർ ഇപ്പോൾ ഈ വൈകിയ വേളയിൽ കൈക്കൊണ്ട നയപരമായ തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ട് കനയ്യ കുമാറും ട്വീറ്റ് ചെയ്തിരുന്നു. "രാജ്യദ്രോഹക്കേസിൽ വിചാരണയ്ക്ക് അനുമതി നൽകിയ കെജ്‌രിവാൾ ഗവൺമെന്റിന് നന്ദി. ഈ കേസ് ഗൗരവമുള്ളതാണ് എന്ന് സർക്കാരിന്റെ പബ്ലിക് പ്രോസിക്യൂട്ടർക്ക് തോന്നുണ്ടെങ്കിൽ ഇത് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ, ടെലിവിഷനിലെ ജനകീയ കോടതിയിലല്ല, എത്രയും പെട്ടെന്ന് വിചാരണ നടക്കട്ടെ. സത്യമേവ ജയതേ..!"  എന്നായിരുന്നു ട്വീറ്റ്.
 

click me!