കഴുത്തിൽ കുടുങ്ങിയ ടയറിന്റെ ഭാരവുമായി രണ്ട് വർഷം, ഒടുവിൽ എൽക് സ്വതന്ത്രനായി...

By Web TeamFirst Published Oct 13, 2021, 10:28 AM IST
Highlights

ടയർ, കൊമ്പുകൾ, ടയറിനുള്ളിലെ അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്തുകൊണ്ട് എൽക്ക് ഏകദേശം 35 പൗണ്ട് (16 കിലോഗ്രാം) കുറഞ്ഞതായി മർഡോക്കും സഹ ഓഫീസർ ഡോസൺ സ്വാൻസണും കണക്കാക്കുന്നു.

രണ്ട് വര്‍ഷമായി കഴുത്തില്‍ ടയര്‍(Tyre) കുടുങ്ങി കഷ്‍ടമനുഭവിച്ച എല്‍ക്കിന്(Elk -ഏറ്റവും വലിപ്പം കൂടിയ ഇനം മാനുകളാണ് എൽക് എന്ന് വിളിക്കുന്നത്) ഒടുവില്‍ ആശ്വാസം. കഴുത്തിലെ ടയര്‍ നീക്കം ചെയ്‍തതായി വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വ്യക്തമാക്കിയത്. നാലര വയസ് പ്രായമുള്ള 600 പൗണ്ട് (270 കിലോഗ്രാം) തൂക്കം വരുന്ന എല്‍ക്കിനെ ശനിയാഴ്ച വൈകുന്നേരം ഡെൻവറിന്റെ തെക്കുപടിഞ്ഞാറൻ പൈൻ ജംഗ്ഷന് സമീപം കണ്ടെത്തി സ്വതന്ത്രമാക്കിയതായി കൊളറാഡോ പാർക്ക്സ് ആന്‍ഡ് വൈല്‍ഡ്‍ലൈഫ് പറയുന്നു. 

Here is some video of this bull elk over the past two years. pic.twitter.com/R6t9nNPOyb

— CPW NE Region (@CPW_NE)

ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് ടയര്‍ പൂര്‍ണമായും നീക്കം ചെയ്യുന്നതിനായി എല്‍ക്കിന്‍റെ ചില കൊമ്പുകള്‍ മുറിച്ചു മാറ്റേണ്ടി വന്നു. ടയർ നീക്കം ചെയ്യാനും അതിനായി കൊമ്പുകൾ മുറിച്ചു മാറ്റാനും തങ്ങൾ താൽപ്പര്യപ്പെട്ടിരുന്നു. പക്ഷേ, എല്‍ക് ബലം പിടിച്ചിരുന്നു എന്നും പറ്റാവുന്നതുപോലെ തങ്ങള്‍ക്ക് ടയര്‍ നീക്കം ചെയ്യേണ്ടി വന്നു എന്നും ഓഫീസർ സ്കോട്ട് മർഡോക്ക് ബിബിസിയോട് പറഞ്ഞു. 

ടയർ, കൊമ്പുകൾ, ടയറിനുള്ളിലെ അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്തുകൊണ്ട് എൽക്ക് ഏകദേശം 35 പൗണ്ട് (16 കിലോഗ്രാം) കുറഞ്ഞതായി മർഡോക്കും സഹ ഓഫീസർ ഡോസൺ സ്വാൻസണും കണക്കാക്കുന്നു. മൗണ്ട് ഇവാൻസ് വൈൽഡർനെസിലെ  റോക്കി മൗണ്ടൻ ബിഗ്ഹോൺ ആടുകളുടെയും പർവത ആടുകളുടെയും എണ്ണം കണക്കാക്കാന്‍ 2019 ജൂലൈയിൽ ഒരു സർവേ നടത്തിയിരുന്നു. അപ്പോഴാണ് വന്യജീവി ഉദ്യോഗസ്ഥർ ആദ്യം കഴുത്തിൽ ടയറുമായി നടക്കുന്ന എൽക്കിനെ ശ്രദ്ധിക്കുന്നത്. മറ്റ് വന്യജീവികളും ഇതുപോലെ പലതരം വസ്തുക്കളില്‍ കുടുങ്ങുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഏതായാലും രണ്ട് വർഷത്തെ ഭാരം അഴിച്ചുവച്ച് എൽക്ക് ഇപ്പോൾ സ്വതന്ത്രനായിരിക്കുകയാണ്.

click me!