
ആകാശത്ത്പറന്നുയരുന്ന പുതിയ കാറുമായി ഇലോൺ മസ്കിന്റെ ടെസ്ല വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. എന്നാൽ, പറക്കാൻ ശേഷിയുള്ള ഒരു കാർ ഉണ്ടാക്കുക എന്നതിലും വലിയ സ്വപ്നങ്ങളാണ് ടെസ്ലയ്ക്കുള്ളത്. മനുഷ്യരെപ്പോലെ ജോലി ചെയ്യുന്ന റോബോട്ടുകളും, ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികളും ഉപയോഗിച്ച് നമ്മുടെ യാത്രാരീതികളും ജീവിതവും തന്നെ മാറ്റിയെഴുതാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഒക്ടോബർ 15 -ന് നടത്തിയ പ്രത്യേക പ്രദർശനത്തിലാണ് അടുത്ത തലമുറ റോഡ്സ്റ്റർ കാർ ടെസ്ല പുറത്തിറക്കിയത്. ഇലോൺ മസ്കിന്റെ തന്നെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ പ്രത്യേക ത്രസ്റ്ററുകൾ ഉപയോഗിച്ചാണ് ഈ ഇലക്ട്രിക് കാർ ചുരുങ്ങിയ സമയത്തേക്ക് അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്ന അഭ്യാസങ്ങൾ കാഴ്ചവെച്ചത്. എന്നാൽ, ഇതൊരു പൂർണ്ണ വിമാനത്തിന് തുല്യമായ പറക്കും കാറല്ലെന്ന് ടെസ്ല വ്യക്തമാക്കുന്നുണ്ട്. സാധാരണ വിമാനങ്ങളെപ്പോലെ തുടർച്ചയായി പറന്നുയരാൻ ഇതിന് കഴിയില്ല. അപ്പോഴും വാഹനം വിപണിയിലെത്താൻ 2028 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് നിലവിലെ വിവരം.
Real life, baby https://t.co/3QEqn18wig
— Tesla (@Tesla) October 16, 2026
Superintelligent Humanoid Robots like Optimus working together with Humans is the most clear path to absolute abundance https://t.co/6ZrpufgY4X
— Optimus (@Optimus_RH) October 15, 2026
റോഡ്സ്റ്ററിന് പുറമെ, ടെസ്ല വലിയ പ്രാധാന്യത്തോടെ വികസിപ്പിച്ചെടുക്കുന്ന ഒന്നാണ് 'ഒപ്റ്റിമസ്' (Optimus) എന്ന് പേരിട്ടിരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട്. മനുഷ്യർക്ക് അപകടകരമായതോ, ആവർത്തനസ്വഭാവമുള്ളതോ, മടുപ്പുളവാക്കുന്നതോ ആയ ജോലികൾ നിർവ്വഹിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. വസ്തുക്കളെ തിരിച്ചറിയാനും, സ്വതന്ത്രമായി ചലിക്കാനും, ചുറ്റുപാടുകളുമായി തത്സമയം സംവദിക്കാനും സഹായിക്കുന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നിരുന്നാലും ഒപ്റ്റിമസ് ഇപ്പോഴും വികസന ഘട്ടത്തിലാണെന്നും പൂർണ്ണതോതിലുള്ള വാണിജ്യ ഉപയോഗത്തിന് ഇനിയും സമയമെടുക്കുമെന്നും കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ടെസ്ലയുടെ മറ്റൊരു വിപ്ലവകരമായ പദ്ധതിയാണ് ഡ്രൈവറില്ലാ ഗതാഗത സംവിധാനമായ 'റോബോടാക്സി' (Robotaxi). രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന, സ്റ്റിയറിംഗ് വീലോ പെഡലുകളോ ഇല്ലാത്ത പൂർണ്ണ സ്വയംഭരണ വാഹനമാണ് ഇതിനായി ടെസ്ല തയ്യാറാക്കിയിരിക്കുന്നത്. യുഎസ്സിലെ ഓസ്റ്റിനിൽ സർവീസ് ആരംഭിച്ച കമ്പനി, തങ്ങളുടെ ഡ്രൈവറില്ലാ റൈഡ് - ഹെയ്ലിംഗ് ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. യാത്രകൾ കൂടുതൽ സുഗമമാക്കാൻ ഇത് സഹായിക്കുമെങ്കിലും, വിവിധ രാജ്യങ്ങളിലെ നിയമപരമായ അനുമതികൾ, സുരക്ഷാ ആശങ്കകൾ, സാങ്കേതിക തടസ്സങ്ങൾ എന്നിവ ഈ പദ്ധതിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ്. ഒരു ഇലക്ട്രിക് കാർ നിർമ്മാതാവ് എന്നതിലുപരിയായി, ലോകത്തിലെ തന്നെ ഏറ്റവും വലിയ എഐ റോബോട്ടിക്സ് കമ്പനിയായി മാറാനാണ് ടെസ്ല ശ്രമിക്കുന്നത്.