
ലോകപ്രശസ്തമായ ന്യൂയോർക്ക് എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ ഏറ്റവും അറ്റത്തുള്ള ആന്റിനയ്ക്ക് മുകളിൽ കയറി 'പ്രണയത്തിന്റെ ശക്തി'യെക്കുറിച്ചുള്ള ബാനർ ഉയർത്തി പ്രണയികൾ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഈ സാഹസിക പ്രകടനം. ആന്റിനയ്ക്ക് മുകളിൽ കയറി ബാനർ കെട്ടിയ ശേഷം ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും സെൽഫിയെടുക്കുകയും ചെയ്തു. പിന്നീട് താഴേക്കിറങ്ങിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കറുത്ത വസ്ത്രവും മാസ്കും ധരിച്ചായിരുന്നു ഇരുവരും എത്തിയത്. സുരക്ഷാ മുൻകരുതലുകളൊന്നും ഇല്ലാതെയാണ് മാൻഹട്ടന് മുകളിൽ 1,454 അടി ഉയരത്തിലുള്ള ഇടുങ്ങിയ അഗ്രത്തിൽ ഇവർ നിലയുറപ്പിച്ചതെന്ന് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
'അധികാരത്തോടുള്ള മോഹത്തെ പ്രണയത്തിന്റെ ശക്തി കീഴടക്കുമ്പോൾ ലോകത്ത് സമാധാനമുണ്ടാകും' (when the power of love beats the love of power the world knows peace) എന്ന വാചകങ്ങളെഴുതിയ വലിയൊരു ബാനറാണ് ഇവർ ഉയർത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവർ താഴേക്ക് ഇറങ്ങാൻ ആരംഭിച്ചു. താഴേക്കിറങ്ങിയ ഇരുവരും കുറച്ചുകൂടി വീതിയുള്ള ഭാഗത്ത് നിലയുറപ്പിച്ചു. അവിടെ വെച്ച് പങ്കാളികളിൽ ഒരാൾ ഇലക്ട്രോണിക് ഉപകരണങ്ങൾ മാറ്റിവെച്ച ശേഷം പ്രണയാഭ്യർത്ഥന നടത്തി. തുടർന്ന് ഇരുവരും വീണ്ടും കെട്ടിപ്പിടിക്കുകയും കൈ നീട്ടിപ്പിടിച്ച് സെൽഫികൾ എടുക്കുകയും ചെയ്തു.
നെറ്റ്ഫ്ലിക്സിന്റെ പ്രശസ്തമായ 'Skywalkers: A Love Story' (2024) എന്ന ഡോക്യുമെന്ററിയിലൂടെ ലോകമെമ്പാടും പരിചിതരായ റഷ്യൻ ദമ്പതികളായ ആഞ്ചല നിക്കോളാവും ഇവാൻ ബീർകസുമാണ് ഇവർ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. മലേഷ്യയിലെ മെർദേക്ക 118, ചൈനയിലെ ഗോൾഡിൻ ഫിനാൻസ് തുടങ്ങിയ വമ്പൻ കെട്ടിടങ്ങൾക്ക് മുകളിൽ അനുമതിയില്ലാതെ കയറി ഇവർ മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
ആന്റിനയ്ക്ക് മുകളിൽ വെച്ച് ഇവാൻ മുട്ടുകുത്തി നിന്ന് ആഞ്ചലയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. തുടർന്ന് ആഞ്ചല തന്റെ ഇൻസ്റ്റഗ്രാം പേജിൽ മാൻഹട്ടൻ നഗരത്തിന്റെ പശ്ചാത്തലത്തിൽ മോതിരം ധരിച്ച ചിത്രം പങ്കുവെക്കുകയും ചെയ്തു. ഇവരെ പിടികൂടാൻ ആന്റിനയിലേക്ക് കയറിയ ന്യൂയോർക്ക് പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളിൽ, 'നിങ്ങൾക്ക് ഇവിടെ കയറാൻ അനുമതിയില്ല' എന്ന് പൊലീസ് പറയുമ്പോൾ, 'ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു' എന്ന് ഇരുവരും സന്തോഷത്തോടെ മറുപടി നൽകുന്നത് വ്യക്തമാണ്.
കനത്ത സുരക്ഷ വെട്ടിച്ച് എങ്ങനെ കയറി?
അതേസമയം, നഗരത്തിലെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള കെട്ടിടങ്ങളിലൊന്നിൽ, സന്ദർശകരെ കർശനമായി പരിശോധിക്കുന്ന സംവിധാനങ്ങൾ നിലനിൽക്കെ ഇവർ എങ്ങനെ ആന്റിനയ്ക്ക് മുകളിൽ എത്തി എന്നത് നിഗൂഢമാണ്. വലിയ പാക്കേജുകൾ, കായിക ഉപകരണങ്ങൾ, മാസ്കുകൾ, പ്രത്യേക വസ്ത്രങ്ങൾ എന്നിവയൊന്നും ഈ 102 നില കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കാറില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ താഴെയിറങ്ങിയ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.