ആത്മാവിന് ശാന്തി കിട്ടണം, മരിച്ചുപോയവരുടെ വിവാഹം നടത്തി കുടുംബം

Published : Jul 02, 2026, 11:45 AM IST
Traditional marriage of spirits

Synopsis

ദക്ഷിണ കന്നഡയിൽ, മരിച്ചുപോയ ആനന്ദ്, സരോജ എന്നിവരുടെ ആത്മാക്കളെ വിവാഹം കഴിപ്പിച്ച് കുടുംബം. 'കുലേത മദിമേ' എന്നറിയപ്പെടുന്ന ഈ ആചാരം, കുടുംബത്തിലെ ദോഷങ്ങൾ മാറ്റാനാണെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ പരമ്പരാഗത ചടങ്ങുകളോടും കൂടിയാണ് ഈ വിവാഹം നടത്തിയത്.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ മുണ്ടൂർ ബാരികെ ഗ്രാമത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തികച്ചും വ്യത്യസ്തമായ ഒരു വിവാഹം നടന്നു. മരിച്ചുപോയ ആനന്ദ്, സരോജ എന്നിവരുടെ ആത്മാക്കൾ തമ്മിലുള്ള വിവാഹമാണ് (പ്രേത കല്യാണം) കുടുംബാംഗങ്ങൾ നടത്തിയത്. ഇവിടെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണത്രെ ഈ ചടങ്ങ് സംഘടിപ്പിച്ചത്. അന്തരിച്ച ആത്മാക്കൾക്ക് ശാന്തി നൽകുന്നതിനും, 'ദോഷങ്ങൾ' കാരണം കുടുംബത്തിനുണ്ടാകുന്ന തുടർച്ചയായ നിർഭാഗ്യങ്ങളിൽ നിന്ന് മുക്തി നേടാനും വേണ്ടിയാണ് ഈ ആചാരം നടത്തിയതെന്നാണ് പറയുന്നത്.

കുടുംബാംഗങ്ങൾ പറയുന്നതനുസരിച്ച്, അനുയോജ്യമായ വിവാഹാലോചനകൾ വരാതിരിക്കുക, കുട്ടികളുണ്ടാകുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിങ്ങനെ ആനന്ദിന്റെ കുടുംബം വർഷങ്ങളായി നിരന്തരമായ പല പ്രശ്നങ്ങളും നേരിടുകയായിരുന്നു. ഇതിന് പിന്നിലെ കാരണം കണ്ടെത്താനായി അവർ ഒരു ജ്യോത്സ്യനെ സമീപിച്ചു. തുടർന്ന് നടത്തിയ 'പ്രശ്ന ചിന്തന'യിലാണ്, ആനന്ദ് അവിവാഹിതനായി മരിച്ചതിനാൽ അദ്ദേഹത്തിന്റെ ആത്മാവ് ശാന്തി കിട്ടാതെ അലയുകയാണെന്ന് പറഞ്ഞത്. കുടുംബത്തിന്റെ തുടർച്ചയായ കഷ്ടപ്പാടുകൾക്ക് കാരണം ഇതാണെന്ന് ജ്യോത്സ്യൻ വിലയിരുത്തി. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും മൺമറഞ്ഞ ആത്മാക്കൾക്ക് ശാന്തി കിട്ടാനുമായി കുടുംബം 'ആത്മാക്കളുടെ വിവാഹം' നടത്താൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ, ആനന്ദിന്റെ ആത്മാവിനെ അദ്ദേഹത്തിന്റെ അമ്മാവന്റെ മകളായ സരോജയുടെ ആത്മാവുമായി പ്രതീകാത്മകമായി വിവാഹം കഴിപ്പിച്ചു.

'ആത്മാക്കളുടെ വിവാഹം' നടത്തുന്നതിൽ പരിചയസമ്പന്നനായ ധർമ്മപാല ഷേണി എന്ന പുരോഹിതനാണ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്. മൺമറഞ്ഞുപോയ രണ്ട് പേരുടെയും കുടുംബാംഗങ്ങളാണ് ചടങ്ങുകളിൽ വധൂവരന്മാരെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

'കുലേത മദിമേ'

പ്രാദേശികമായി 'കുലേത മദിമേ' എന്നറിയപ്പെടുന്ന ആത്മാക്കളുടെ വിവാഹം തുളുനാടിന്റെ ചില ഭാഗങ്ങളിൽ നിലനിൽക്കുന്ന ഒരു പരമ്പരാഗത ആചാരമാണ്. സാധാരണ ഹിന്ദു വിവാഹങ്ങളോട് ഏറെ സാമ്യമുള്ളതാണ് ഈ ചടങ്ങ്, കൂടാതെ എല്ലാ പരമ്പരാഗത ആചാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. പെണ്ണുകാണൽ ചടങ്ങോടെയാണ് ആരംഭിക്കുന്നത്, തുടർന്ന് നിശ്ചയവും വിവാഹത്തിന് തലേന്ന് മൈലാഞ്ചി ഇടീൽ ചടങ്ങും നടക്കുന്നു. വിവാഹദിവസം വധൂവരന്മാർക്ക് പുതിയ വസ്ത്രങ്ങൾ സമർപ്പിക്കുകയും, തുടർന്ന് പൂക്കൾ കൊണ്ടുള്ള സാരി കൈമാറുകയും ചെയ്യുന്നു.

ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് പകരം, മനുഷ്യന്റെ തലയുടെ വലിപ്പമുള്ള രണ്ട് മൺകുടങ്ങളാണ് വധൂവരന്മാരെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നത്. രണ്ട് ആത്മാക്കളെ പ്രതീകവൽക്കരിക്കുന്നതിനായി ഈ കുടങ്ങളിൽ കണ്ണുകളും മറ്റും വരച്ചുചേർക്കും. പെൺകുട്ടിയെ ധാരയോട് കൂടി കന്യകാദാനം ചെയ്യുന്ന 'ധാരെ', താലിചാർത്തുന്ന 'മാംഗല്യ ധാരണെ' ഉൾപ്പെടെയുള്ള എല്ലാ പ്രധാന വിവാഹ ചടങ്ങുകളും ഈ പ്രതീകാത്മക രൂപങ്ങളെ സാക്ഷിനിർത്തിയാണ് നിർവ്വഹിക്കുന്നത്. ചടങ്ങുകൾ പൂർത്തിയായ ശേഷം ഈ കുടങ്ങൾ വീടിനുള്ളിലേക്ക് മാറ്റുകയും, അതിനുശേഷം ബന്ധുക്കൾക്കും അതിഥികൾക്കുമായി സദ്യ നൽകുകയും ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

'രക്ഷാപ്രവർത്തന'ത്തിനിടെ വിവാഹം കഴിക്കാമോ എന്ന് ഫയര്‍ ഫൈറ്റര്‍, സർപ്രൈസിൽ അമ്പരന്ന് കാമുകി!
മെക്സിക്കോയിൽ 'ബാറ്റ്മാൻ'? ബൈക്ക് കള്ളന്മാരെ തൂണിൽ കെട്ടിയിടുന്ന അജ്ഞാതനാര്?