വീട്ടുകാരടക്കം എല്ലാവരും വിശ്വസിച്ചത് ​ഗർഭിണിയാണെന്ന്, 'പ്രസവ'വും നടന്നു, കുഞ്ഞ് കരയുന്നില്ല, കള്ളി വെളിച്ചത്ത്

Published : Oct 22, 2025, 03:50 PM IST
 pregnancy , pregnant woman

Synopsis

താൻ ഒരു പെൺകുഞ്ഞിനെയാണ് പ്രതീക്ഷിക്കുന്നതെന്ന് കിര സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു. കൂടാതെ ജെൻഡർ റിവീൽ പാർട്ടി നടത്തുകയും, ജനിക്കാൻ പോകുന്ന കുഞ്ഞിന് ബോണി-ലീ ജോയ്‌സ് എന്ന് പേരിടുകയും വരെ അവൾ ചെയ്തു.

സ്‌കോട്ട്‌ലൻഡിലെ എയർഡ്രിയിൽ നിന്നുള്ള ഒരു യുവതി താൻ ഗർഭിണിയാണെന്ന് സകലരേയും വിശ്വസിപ്പിച്ച ഒരു കഥയാണ് ഇപ്പോൾ ചർച്ചയാവുന്നത്. താൻ ഒരു കുഞ്ഞിന് ജന്മം നൽകിയെന്നും പിന്നീട് കുഞ്ഞ് മരിച്ചെന്നും കൂടി അവർ മറ്റുള്ളവരെ ബോധ്യപ്പെടുത്തി. കിര കസിൻസ് (22) എന്ന യുവതിയാണ് തന്റെ കഥ വിശ്വസനീയമാക്കാൻ അസാധാരണമായ ശ്രമങ്ങൾ നടത്തിയത്. താൻ ഗർഭിണിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വ്യാജവയർ ധരിക്കുക, വ്യാജ അൾട്രാസൗണ്ട് ചിത്രങ്ങൾ പങ്കുവയ്ക്കുക, ആശുപത്രി സന്ദർശനങ്ങൾ പോലും കെട്ടിച്ചമയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഇവർ ചെയ്തിരുന്നു.

താൻ ഒരു പെൺകുഞ്ഞിനെയാണ് പ്രതീക്ഷിക്കുന്നതെന്ന് കിര സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു. കൂടാതെ ജെൻഡർ റിവീൽ പാർട്ടി നടത്തുകയും, ജനിക്കാൻ പോകുന്ന കുഞ്ഞിന് ബോണി-ലീ ജോയ്‌സ് എന്ന് പേരിടുകയും വരെ അവൾ ചെയ്തു. ഈ വ്യാജനാടകത്തിന് കൂടുതൽ ആധികാരികത നൽകാനായി, കുഞ്ഞിന് ഹൃദയവൈകല്യം കണ്ടെത്തിയെന്നും ഇവർ അവകാശപ്പെട്ടു. അതോടെ എല്ലാവരിൽ നിന്നും ഇവർക്ക് വലിയ സഹതാപവും വൈകാരിക പിന്തുണയും ലഭിച്ചു.

ഒടുവിൽ പ്രസവിച്ചു എന്ന് അവകാശപ്പെട്ട ശേഷം, കിര ഒരു യഥാർത്ഥ കുഞ്ഞിനെപ്പോലെ തോന്നിക്കുന്ന സിലിക്കൺ റീബോൺ (reborn) പാവയെ തന്റെ നവജാതശിശുവായി പരിചയപ്പെടുത്തി. കുഞ്ഞ് ഒരിക്കലും കരയാതിരിക്കുകയും, കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് തൊടാനോ കാണാനോ ആരെയും കിര അനുവദിക്കാതിരിക്കുകയും ചെയ്തതോടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സംശയം തോന്നിത്തുടങ്ങി. ഒടുവിൽ, കിരയുടെ അമ്മ അവളുടെ മുറിയിൽ കയറി പാവയെ കണ്ടെത്തിയതോടെയാണ് ഈ തട്ടിപ്പ് പൂർണ്ണമായും വെളിച്ചത്തു വന്നത്. തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ്, കുഞ്ഞിന്റെ അച്ഛനെന്ന് ഇവർ അവകാശപ്പെട്ടയാളോട് പ്രസവശേഷം കുഞ്ഞ് മരിച്ചെന്നും കിര പറഞ്ഞിരുന്നു.

സംഭവം ഓൺലൈനിൽ വലിയ ശ്രദ്ധ നേടിയതിനെത്തുടർന്ന്, താൻ ഗർഭം പൂർണമായും കെട്ടിച്ചമച്ചതാണെന്ന് കിര പിന്നീട് സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളെയും, സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കള്ളങ്ങളുടെ അപകടങ്ങളെയും എടുത്തു കാണിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം
ഇന്ന് ലോക മനുഷ്യാവകാശ ദിനം, സംരക്ഷിക്കപ്പെടേണ്ടതുണ്ട് ഓരോ അവകാശവും