ജീവനക്കാർക്ക് മുതലാളിയുടെ വക 40 ലക്ഷം രൂപയുടെ 'ഗോൾഡ് കീ', അതും തുടർച്ചയായ നാലാം വർഷം!

Published : Nov 09, 2025, 02:26 PM IST
Golden Key

Synopsis

ഷെൻ‌ഷെൻ ആസ്ഥാനമായുള്ള Insta360 എന്ന ടെക് കമ്പനി, തങ്ങളുടെ ജീവനക്കാർക്ക് തുടർച്ചയായി നാലാം വർഷവും സ്വർണ്ണ താക്കോലുകൾ സമ്മാനിച്ചു.  "സ്വർണ്ണ ഫാക്ടറി" എന്ന് വിളിപ്പേരുള്ള ഈ സ്ഥാപനം, 39 ലക്ഷം രൂപ വരെ വിലയുള്ള സ്വർണ്ണ കീകളാണ് സമ്മാനിക്കുന്നത്. 

 

ചൈനയിലെ ഷെൻ‌ഷെൻ ആസ്ഥാനമായുള്ള ഒരു ടെക്‌നോളജി കമ്പനി തങ്ങളുടെ ജീവനക്കാർക്ക് തുടർച്ചയായി നാല് വർഷവും 'ഗോൾഡ് കീ'കൾ സമ്മാനമായി നല്‍കി. ഈ സമ്മാനദാനം ചൈനയിലെ കോർപ്പറേറ്റ് ലോകത്ത് വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചത്. ഇന്‍സ്റ്റാ 360 ഡിഗ്രി ക്യാമറകൾക്ക് ആഗോളതലത്തിൽ പേരുകേട്ട 'Insta360' എന്ന സ്ഥാപനമാണ് തങ്ങളുടെ ജീവക്കാര്‍ക്ക് ഇത്തരത്തില്‍ അസാധാരണമായ പ്രതിഫലം നല്‍കിയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സ്വർണ്ണ ഫാക്ടറി

ചൈനീസ് ടെക് മേഖലയിൽ, Insta360 ഇതിനകം "സ്വർണ്ണ ഫാക്ടറി" എന്ന വിളിപ്പേര് സ്വന്തമാക്കി. ഒക്ടോബർ 24 -ന് പ്രോഗ്രാമർ ദിനം ആഘോഷിക്കുന്ന വേളയിലാണ് തങ്ങളുടെ ജീവനക്കാര്‍ക്കുള്ള 'ഗോൾഡ് കീ'കൾ വിതരണം ചെയ്തത്. മികച്ച പ്രകടനം കാഴ്ചവച്ച നിരവധി ജീവനക്കാർക്കും പുതിയ ബാച്ച് 'ഗോൾഡ് കീ'കൾ നൽകി ആദരിച്ചു. ഈ വർഷം മാത്രം കമ്പനി ഇരുപത്തിയൊന്ന് 'ഗോൾഡ് കീ'കളാണ് ഇതിനകം സമ്മാനമായി നൽകിയത്. 'ഗോൾഡ് കീ' എന്നാല്‍ കമ്പ്യൂട്ടറിന്‍റെ കീ ബോർഡിലെ 'കീ'കൾക്ക് അനുസരിച്ചുള്ള സ്വർണ്ണ 'കീ'കളാണ്. ഇതില്‍ ഏറ്റവും വലിയ കീ സ്‌പേസ് ബാർ കീയാണ്.

 

 

ശുദ്ധ സ്വർണം

ഏറ്റവും ശ്രദ്ധേയമായ ഇനമായ സ്‌പേസ് ബാർ കീയുടെ ഭാരം 35.02 ഗ്രാം ആണ്, നിലവിൽ അതിന്‍റെ മൂല്യം ഏകദേശം 3,20,000 യുവാൻ ആണ് (അതായത് ഏകദേശം 39 ലക്ഷം ഇന്ത്യന്‍ രൂപ). കഴിഞ്ഞ നാല് വർഷത്തിനിടെ കമ്പനി ആകെ അമ്പത്തിയഞ്ച് സ്വർണ താക്കോലുകളാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് സമ്മാനിച്ചത്. ഇതിനിടെ സ്വർണ്ണ വിലയിലെ വർദ്ധനവ് കാരണം ഈ ബോണസുകളുടെ മൂല്യംവും ഇരട്ടിയിലധികമായി. "തിളങ്ങുന്നതെല്ലാം സ്വർണ്ണം മാത്രമല്ല, നിങ്ങളും കൂടിയാണ്" എന്ന കുറിപ്പോടൊപ്പമാണ് ജീവനക്കാര്‍ക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പുതുതായി വിവാഹിതരായ ജീവനക്കാർക്കും അടുത്തിടെ കുട്ടികൾ ജനിച്ച ജീവനക്കാര്‍ക്കും ഒരു ഗ്രാം തൂക്കമുള്ള ശുദ്ധമായ സ്വർണ്ണ നാണയവും സമ്മാനിച്ചു. ഏറ്റവും പുതിയ വർഷാവസാന ഒത്തുചേരലിൽ, ഗ്രാൻഡ് സമ്മാനമായി അമ്പത് ഗ്രാമിന്‍റെ 999 സ്വർണ്ണ ബാറുകൾ വാഗ്ദാനം ചെയ്തതിന് പിന്നാലെ കമ്പനി ഓഹരികൾ കൂടുതൽ ഉയർന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. Insta360 -യുടെ സ്ഥാപകനായ ലിയു ജിങ്‌കാങ്, കമ്പനി ജീവനക്കാർക്ക് സ്വർണ സമ്മാനം നല്‍കുന്ന അതിന്‍റെ പണമൂല്യത്തിനല്ല, മറിച്ച് "സ്ഥിരതയ്ക്കാണ്" എന്ന് വിശദീകരിച്ചു. ഒരു സ്ഥാപനത്തിന്‍റെ സ്ഥിരത കഴിവുള്ള ആളുകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?