
തൊഴിലിടത്ത് നിരവധി ചൂഷണങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും എല്ലാം വിധേയരാകുന്ന നിരവധി പേരുണ്ട്. അത്തരത്തിലെ ഒരു മോശം തൊഴിൽ സാഹചര്യത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ എഴുതിയ ഒരു ജീവനക്കാരന്‍റെ കുറിപ്പ് വൈറല്‍. ശസ്ത്രക്രിയയ്ക്ക് ശേഷം ലീവിലിരിക്കെ കിടക്കയിലിരുന്ന് ജോലി ചെയ്യാൻ മാനേജർ നിർബന്ധിച്ചുവെന്നാണ് ജീവനക്കാരന്‍റെ വെളിപ്പെടുത്തൽ.
ശസ്ത്രക്രിയ കഴിഞ്ഞ് 15 ദിവസത്തെ മെഡിക്കൽ അവധി ലഭിച്ചതിന് ശേഷവും തങ്ങളുടെ മാനേജർ കിടക്കയിലിരുന്ന് ജോലി ചെയ്യണമെന്ന് ആവർത്തിച്ച് നിർബന്ധിച്ചു. സമൂഹ മാധ്യമത്തിൽ തന്‍റെ ദുരനുനുഭവം പങ്കുവെച്ച ജീവനക്കാരൻ ശസ്ത്രക്രിയയ്ക്ക് മുമ്പ് മാസങ്ങളായി താന്‍ കടുത്ത വേദനയിലൂടെ കടന്ന് പോവുകയായിരുന്നെന്നും വെളിപ്പെടുത്തി. എന്നാല്‍, അവധി അംഗീകരിച്ചയുടൻ തന്നെ മാനേജർ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ശസ്ത്രക്രിയ നടന്ന ദിവസം മരുന്നിന്‍റെ മയക്കത്തിൽ ആയിരിക്കുമ്പോൾ പോലും മാനേജർ ഫോൺ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം മുതൽ മാനേജർ ജോലിയിലെ പുരോഗതിയെക്കുറിച്ച് ചോദിച്ച് സന്ദേശങ്ങൾ അയച്ചു തുടങ്ങി. ഏഴാം ദിവസം ആയപ്പോൾ എന്നാണ് മുഴുവൻ സമയ ജോലിയിൽ പ്രവേശിക്കുക എന്ന ചോദ്യമുയർന്നു. അതേസമയം കമ്പനിയുടെ പേരോ മാനേജറുടെ പേരോ കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടില്ല.
ഡിസ്ചാർജ് പേപ്പറുകൾ, ഡോക്ടറുടെ കുറിപ്പടി, വ്യക്തമായ വിശ്രമ നിർദ്ദേശങ്ങൾ എന്നിവയടങ്ങിയ മെഡിക്കൽ രേഖകൾ സമർപ്പിച്ചിട്ടും, മാനേജർ സമ്മർദ്ദം തുടർന്നു എന്നാണ് ജീവനക്കാരൻ പറയുന്നത്. ഇദ്ദേഹത്തിന്‍റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ മാനേജരുടെ അനുകമ്പയില്ലാത്ത പ്രവർത്തിയെ നിരവധി പേർ വിമർശിച്ചു. നിങ്ങൾക്ക് അവധി ലഭിച്ചതാണ്, കൂടുതൽ സമ്മർദ്ദം എടുക്കാതെ ആരോഗ്യം നോക്കുക എന്നതായിരുന്നു ശ്രദ്ധേയമായ ഒരു കുറിപ്പ്. ചില സ്ഥാപനങ്ങളിൽ ജീവനക്കാരുടെ ക്ഷേമത്തിന്‍റെ കാര്യത്തിൽ നിലനിൽക്കുന്ന അനാരോഗ്യകരമായ പ്രവണതകളിലേക്ക് വിരൾ ചൂണ്ടുകയാണ് ഇദ്ദേഹത്തിന്‍റെ തുറന്നു പറച്ചിൽ. തൊഴിലിടത്ത് ഉണ്ടായിരിക്കേണ്ട അടിസ്ഥാന അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഈ സംഭവം വീണ്ടും തിരി കൊളുത്തിയിരിക്കുന്നത്.