
പോലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ട് പൊലീസുകാർ ഉൾപ്പെടെ അമ്പരന്നു. പോലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി. സംഭവം നടന്നത് ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ബേതാൽഘട്ടിൽ. പുള്ളിപ്പുലി പതിയെ നടന്ന് പോലീസ് സ്റ്റേഷനിലേക്ക് കടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അതിനുശേഷം സ്റ്റേഷനിൽ ഉണ്ടായിരുന്ന ഒരു നായയെ കടിച്ചെടുത്ത് കാട്ടിലേക്ക് പോകാൻ ശ്രമിക്കുന്നു.
ഈമാസം 17 നാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അർദ്ധരാത്രിയാണ് വന്യമൃഗം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് കടന്നത്. ആ സമയത്ത് സ്റ്റേഷനിൽ എത്രപേർ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. തുറന്നു കിടന്ന ഗെയ്റ്റിലൂടെ ശാന്തനായി കടന്നുവന്ന പുള്ളിപ്പുലിയാണ് ആദ്യ ദൃശ്യങ്ങളിലുള്ളത്. പിന്നീടാണ് പുള്ളിപ്പുലി പോലീസ് സ്റ്റേഷനിലെ വളർത്ത് നായയെ കണ്ടത്. സ്റ്റേഷനിലേക്ക് കയറാനെത്തിയ പുലിയെ നായ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ആക്രമിച്ച് കീഴടക്കിയ ശേഷം നായയെ കഴുത്തിൽ കടിച്ചു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
നൈനിറ്റാൾ ജില്ലയിലെ ബേതാൽഘട്ട് ജനവാസ മേഖലയാണ്. സുരക്ഷിതമെന്ന് കരുതുന്ന ജനവാസ മേഖലയിൽ പോലും ഇത്തരം വന്യമൃഗങ്ങൾ എത്തുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളിലും ജനങ്ങൾക്കിടയിലും സംഭവം, വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് പുള്ളിപ്പുലി ജനങ്ങളെ ഉപദ്രവിക്കാതിരുന്നത്. അത്തരം ഒരു സാഹചര്യം ഉണ്ടായാൽ രംഗം കൂടുതൽ വഷളാകുമായിരുന്നു. ഇനിയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായേക്കാമെന്നും അതിനാൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ശക്തമായ മുൻകരുതൽ നടപടികൾ വേണമെന്ന് നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ എഴുതി.