എൻജിനീയർമാർ ജോലി ഉപേക്ഷിച്ച് ബിരിയാണിക്കട തുടങ്ങിയ കഥ! കൂടുതൽ സമ്പാദിക്കുന്നു എന്നും യുവാക്കൾ

Published : Mar 11, 2022, 09:39 AM IST
എൻജിനീയർമാർ ജോലി ഉപേക്ഷിച്ച് ബിരിയാണിക്കട തുടങ്ങിയ കഥ! കൂടുതൽ സമ്പാദിക്കുന്നു എന്നും യുവാക്കൾ

Synopsis

എണ്ണയില്ലാത്ത ഹെൽത്തിയായ ബിരിയാണിയാണ് തങ്ങളുടേതെന്ന് അവർ അവകാശപ്പെടുന്നു. ഡയറ്റ് ചെയ്യുന്ന ജിം പ്രേമികൾ പോലും ഇവിടെ വന്ന് ഈ എണ്ണയില്ലാത്ത ബിരിയാണി കഴിക്കുന്നു. എപ്പോഴും നല്ല തിരക്കാണ് കടയിൽ എന്നും അവർ പറഞ്ഞു.

എല്ലാ ദിവസവും ഓഫീസിന്റെ നാലുചുവരുകൾക്കുള്ളിൽ മനംമടുപ്പിക്കുന്ന ജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അനേകം പേരുണ്ടാകും. ജോലിയിൽ അവർ അതൃപ്‌തരാണെങ്കിലും, ജീവിതച്ചെലവുകൾ ഓർക്കുമ്പോൾ അത് ഉപേക്ഷിക്കാൻ പലർക്കും ഭയമാണ്. എന്നാൽ, ഹരിയാനയിൽ നിന്നുള്ള രണ്ട് എഞ്ചിനീയർ(Engineers) സുഹൃത്തുക്കൾ ആ റിസ്ക് ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു. അവർ ഏറെ ആലോചിച്ച ശേഷം തങ്ങളുടെ സ്വപ്ന ജോലി ഉപേക്ഷിച്ചു. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിച്ച അവർ ഒടുവിൽ ഒരു വെജ് ബിരിയാണി(Vegetable Biryani) സ്റ്റാൾ തുടങ്ങി. അതിന് എഞ്ചിനീയേഴ്സ് വെജ് ബിരിയാണി എന്ന് പേരും ഇട്ടു. ഇപ്പോൾ അവർ എൻജിനീയർമാരായി ജോലി ചെയ്തിരുന്നതിനേക്കാൾ കൂടുതൽ സമ്പാദിക്കുന്നു.  

എഞ്ചിനീയർമാരായ രോഹിത്, സച്ചിൻ(Rohit and Sachin) എന്നിവരാണ് തങ്ങളുടെ ജോലിയിലും, ശമ്പളത്തിലും അതൃപ്തരായതിനെ തുടർന്ന് ജോലി ഉപേക്ഷിച്ച് ഒരു ബിരിയാണിക്കട തുടങ്ങിയത്. രണ്ടുപേരും അഞ്ചുവർഷത്തിലേറെ എൻജിനീയറിങ് പഠിച്ചവരാണ്. രോഹിത് പോളിടെക്‌നിക് പഠിച്ചപ്പോൾ, സച്ചിൻ ബിടെകിൽ ബിരുദം നേടി. രണ്ടുപേർക്കും ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. എന്നാൽ, രണ്ട് യുവാക്കളും അവരുടെ ജോലിയിൽ തൃപ്തരായിരുന്നില്ല. അതിനാൽ അവർ ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് ആരംഭിച്ചു. ഇപ്പോൾ അതിൽ നിന്ന് കൂടുതൽ വരുമാനം കിട്ടുന്നുവെന്നും അതിൽ തങ്ങൾ  സംതൃപ്തനാണെന്നും അവർ അവകാശപ്പെട്ടു. സോനിപട്ട് പോലുള്ള പോഷ് ഏരിയകളിലാണ് അവർ സ്റ്റാൾ ഇട്ടിരിക്കുന്നത്. ബിരിയാണി ഹാഫ് പ്ലേറ്റിന് 50 രൂപയും ഫുൾ 70 രൂപയുമാണ് വില.

എണ്ണയില്ലാത്ത ഹെൽത്തിയായ ബിരിയാണിയാണ് തങ്ങളുടേതെന്ന് അവർ അവകാശപ്പെടുന്നു. ഡയറ്റ് ചെയ്യുന്ന ജിം പ്രേമികൾ പോലും ഇവിടെ വന്ന് ഈ എണ്ണയില്ലാത്ത ബിരിയാണി കഴിക്കുന്നു. എപ്പോഴും നല്ല തിരക്കാണ് കടയിൽ എന്നും അവർ പറഞ്ഞു. എന്നാൽ, വർഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച എൻജിനീയർ ജോലി തങ്ങൾ ഉപേക്ഷിക്കുകയാണ് എന്ന് ആദ്യം പറഞ്ഞപ്പോൾ എല്ലാവരും അതിശയിച്ചു പോയി. വീട്ടുകാർ പോലും ഈ തീരുമാനം അംഗീകരിച്ചില്ല. പക്ഷേ, അവർക്ക് തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് ശരിയായ ബോധ്യമുണ്ടായിരുന്നു. രോഹിതിന്റെ വാക്കുകളിൽ, “ജോലി ഉപേക്ഷിച്ച് ബിരിയാണി കട തുടങ്ങാൻ ആദ്യം അല്പം ഭയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളുടെ ബിരിയാണി എല്ലാവർക്കും ഇഷ്ടമാണ്. ഞങ്ങളുടെ ബിരിയാണി കഴിക്കാൻ ആളുകൾ ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നു. ഗുണനിലവാരത്തിൽ ഞങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ല” അവർ പറഞ്ഞു.  

"ഓഫീസ് സമയം മുതൽ രാത്രി വൈകും വരെ കട തുറന്നിരിക്കുന്നതിനാൽ, ദിവസം മുഴുവൻ നൂറുകണക്കിന് പ്ലേറ്റ് ബിരിയാണിയാണ് വിൽക്കുന്നത്" രോഹിത് പറഞ്ഞു. ആളുകൾ തങ്ങളുടെ ബിരിയാണി ഇഷ്ടപ്പെടുന്നുവെന്നും അതുമൂലം തങ്ങൾക്ക് വലിയ ലാഭം നേടാനായെന്നും രോഹിതും സച്ചിനും അവകാശപ്പെടുന്നു. 

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്