സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വിവാഹത്തില്‍ നിന്നും പിന്മാറി വധു. എന്നാൽ, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ കളിയാക്കുമായിരുന്നു എന്നും അതിന്റെ പേരിലാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും വരന്‍.
സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വിവാഹം വേണ്ടെന്ന് വച്ച് വധു. എന്നാൽ, തന്റെ തടി കാരണമാണ് യുവതി വിവാഹം വേണ്ടെന്ന് വച്ചതെന്നും നിരന്തരം തടിയുള്ളതിന്റെ പേരിൽ യുവതിയുടെ വീട്ടുകാർ ശരീരാധിക്ഷേപം (ബോഡി ഷെയ്മിങ്) നടത്തിയിരുന്നു എന്നും വരൻ. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വരനും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ടു എന്നും അതിന്റെ പേരിലാണ് താൻ വിവാഹം വേണ്ടെന്ന് വച്ചത് എന്നുമാണ് വധു പറഞ്ഞത്. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി വരൻ രംഗത്തെത്തുകയായിരുന്നു. വധുവും വീട്ടുകാരും തങ്ങളെ തടഞ്ഞുവച്ചുവെന്നും വിലപ്പെട്ട വസ്തുക്കൾ കവർന്നു എന്നും 29 -കാരനായ യുവാവ് ആരോപിച്ചു.
വരനും കൂട്ടരും ചടങ്ങിന് വേണ്ടി വധുവിന്റെ വീട്ടിൽ എത്തിയിരുന്നു. ആ സമയത്താണ് വധു താൻ വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്. 20 ലക്ഷം രൂപയും കാറും വരന്റെ വീട്ടുകാരും സ്ത്രീധനമായി ചോദിച്ചുവെന്നും വധു ആരോപിച്ചു. സംഭവത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, വരൻ പിന്നീട് വധുവിന്റെ വീട്ടുകാർക്ക് നേരെ ആരോപണങ്ങളുമായി എത്തുകയായിരുന്നു. താൻ തടിച്ചിരിക്കുന്നതിന്റെ പേരിലാണ് വധു വിവാഹം വേണ്ട എന്ന് വച്ചതെന്ന് യുവാവ് പറഞ്ഞു. നിശ്ചയം കഴിഞ്ഞപ്പോൾ തന്നെ ഇതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ കളിയാക്കിയിരുന്നു. എന്നാൽ, വധു അത് കുഴപ്പമില്ല എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, വിവാഹത്തിന്റെ ചടങ്ങുകൾക്കായി എത്തിയപ്പോൾ വിവാഹത്തിൽ നിന്നും പിന്മാറിയതായി അറിയിക്കുകയായിരുന്നു എന്നാണ് യുവാവിന്റെ ആരോപണം.
ഫാഷൻ ഡിസൈനർ കൂടിയായ യുവാവ് പറയുന്നത്, വിവാഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി ചെലവാക്കിയ പണം കിട്ടാനായി വധുവിന്റെ വീട്ടുകാർ സ്ത്രീധനം എന്ന നാടകം ഇറക്കുകയാണ് എന്നാണ്. 50 ലക്ഷം രൂപയാണ് വധുവും കുടുംബവും ആവശ്യപ്പെട്ടത് എന്നും യുവാവ് പറഞ്ഞു. അതേസമയം, വധുവിന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് യുവാവിനെതിരെ പരാതി നൽകുകയും സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തതായും പൊലീസ് പറയുന്നുണ്ട്. എന്നാൽ, സ്ത്രീധനം ആവശ്യപ്പെട്ടതിന് തെളിവുകൾ ഇല്ല എന്നും പൊലീസ് പറയുന്നു.


