
കുട്ടിക്കാലത്തേല്‍ക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളാണ് ബ്രിട്ടീഷുകാരനായ ജോണ്‍ നീഥം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം മാറ്റിമറിച്ചത്. ആ പീഡനങ്ങള്‍ ഏല്‍പ്പിച്ച മാനസിക ആഘാതങ്ങള്‍ മാറാന്‍ എത്രയോ വര്‍ഷം എടുത്തു. ഇനി അങ്ങനെ ആര്‍ക്കും സംഭവിക്കരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെ, ലൈംഗിക പീഡനം നടത്തുന്ന കുറ്റവാളികള്‍ക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് ഇദ്ദേഹം. സര്‍വൈവേഴ്‌സ് ട്രസ്റ്റ് എന്നൊരു കൂട്ടായ്മ ഉണ്ടാക്കി അ്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
ലണ്ടനിലെ ക്രിമിനല്‍ മാനേജ്മെന്റ് യൂണിറ്റിലാണ് ജോണ്‍ ജോലി ചെയ്യുന്നത്. ഗുരുതരമായ കുറ്റങ്ങള്‍ ചെയ്ത കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന േജാലിയാണ് ചെയ്യുന്നത്.
വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു കൗണ്‍സില്‍ എസ്റ്റേറ്റില്‍ വളര്‍ന്ന ജോണിന്റെ കുട്ടിക്കാലം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ഒരു ദിവസം വീട്ടിലെത്തിയ പൊലീസുകാര്‍ അവന്റെ അച്ഛനെ അറസ്റ്റ് ചെയ്തു, ജയിലിടച്ചു. നിരാലബരായ അഞ്ച് കുട്ടികളും അമ്മയും മാത്രമായി. മക്കളെ നോക്കാന്‍ പണമില്ലാതിരുന്ന അവര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി. ഒടുവില്‍ ഈ പ്രതിസന്ധിയെ അതിജീവിക്കാനാകാതെ അമ്മ കടുത്ത മനോരോഗിയായി. അവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍, കുട്ടികളെ ഒരു ആതുരാലയത്തിലേയ്ക്ക് മാറ്റി.
അന്ന് ജോണിന് വെറും ഏഴ് വയസ്സായിരുന്നു. വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്ന പറയും പോലെയായിരുന്നു അവന്റെ അവസ്ഥ. ജീവിതത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒരു കാലഘട്ടമായിരുന്നു അവന് അത്.
ഒരു ജനാല മാത്രമുള്ള അവന്റെ കിടപ്പുമുറി ചെറുതായിരുന്നു. എന്നാല്‍ മുന്‍വശത്ത് മറ്റൊരു കിടപ്പുമുറി ഉണ്ടായിരുന്നു. അവിടെ വച്ചാണ് അവനെക്കാള്‍ പ്രായമുള്ള ഒരു ആണ്‍കുട്ടി അവനെ നിരന്തരം ബലാത്സംഗം ചെയ്തത്. മിക്കവാറും എല്ലാ ആഴ്ചയും ഇത് തുടര്‍ന്നു. ഏകദേശം ഒരു വര്‍ഷത്തോളം അവന്‍ ഒന്നും മിണ്ടാതെ സഹിച്ചു. അമ്മയോ, അച്ഛനോ ആരും അടുത്തില്ലാതെ, തന്റെ വിഷമം ആരോടും തുറന്ന് പറയാനാകാതെ നാല് ചുവരുകള്‍ക്കുള്ളില്‍ അവന്‍ വീര്‍പ്പ്മുട്ടി.
അവനെ കേള്‍ക്കാന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഇനി പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന് അവന് ഉറപ്പായിരുന്നു. അവനെ ദുരുപയോഗം ചെയ്ത കുറ്റവാളിക്ക് സൈനിക പശ്ചാത്തലമുണ്ടായിരുന്നു. ഗ്യാസ് മാസ്‌ക് ധരിച്ച് കത്തിയുമായി മുറിയിലേക്ക് ഓടിയെത്തുന്ന അവനെ കാണുമ്പോഴേ ജോണ്‍ പേടിച്ച് കിടക്കയില്‍ മൂത്രമൊഴിക്കും.
ഈ അനുഭവങ്ങള്‍ ജോണിനെ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറുള്ള (PTSD) ഒരു രോഗിയാക്കി മാറ്റി. സംഭവം കഴിഞ്ഞും വര്‍ഷങ്ങളോളം ഗ്യാസ് മാസ്‌കും കത്തിയുമായി ഒരാള്‍ വന്ന് തന്റെ തൊണ്ടയില്‍ വിരലുകള്‍ അമര്‍ത്തുന്നത് അവന്‍ സ്വപ്നം കണ്ടു.
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ ജയിലില്‍ നിന്ന് മോചിതനായി. അവനെ അദ്ദേഹം ആതുരാലയത്തില്‍ നിന്ന് കൂട്ടികൊണ്ടുവന്നു. ''അവിടെ ആ ഇടിഞ്ഞ മുറിയില്‍ ആകെ ഒരു മെത്തയും, ടോസ്റ്ററും, കെറ്റിലും, വാഷിംഗ് മെഷീനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് സ്വര്‍ഗ്ഗമായിരുന്നു,'അദ്ദേഹം പറഞ്ഞു. അവന്‍ പതുക്കെ ഗിറ്റാര്‍ പഠിക്കാന്‍ തുടങ്ങി. സംഗീത ക്ലാസ്സുകളില്‍ പങ്കെടുത്തു. പഠനം ഉപേക്ഷിച്ച് ബാന്‍ഡുകളില്‍ വായിക്കാന്‍ പോയി. ഒരു കാര്യത്തിലും ഉറച്ചുനില്‍ക്കാതെ, പല പല ജോലികള്‍ ചെയ്തു.
അപ്പോഴെല്ലാം ആത്മവിശ്വാസം ചോര്‍ന്നു പോയ്‌ക്കൊണ്ടിരുന്നു. സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം ഇല്ലാതായി. ഒരിക്കല്‍, ഒരു പോലീസ് ഓഫീസറാകാന്‍ ശ്രമിച്ചുകൂടേ എന്ന് ഒരു സുഹൃത്ത് നിര്‍ദ്ദേശിച്ചപ്പോള്‍, അത് അസാധ്യമാണെന്ന് അദ്ദേഹം ആദ്യം കരുതി. പഴയ പീഡനം ഉണ്ടാക്കിയ മാനസിക മുറിവുകളായിരുന്നു കാരണം. ഒപ്പം പഠന വൈകല്യവുമുണ്ടായിരുന്നു,
എങ്കിലും അദ്ദേഹം അപേക്ഷിച്ചു. പൊലീസ് ടെസ്റ്റില്‍ അവന്‍ പരാജയപ്പെട്ടു. എന്നിട്ടും അദ്ദേഹം പിന്മാറിയില്ല. ഒടുവില്‍ 2009-ല്‍ ജോണ്‍ പൊലിസ് സേനയില്‍ ചേര്‍ന്നു.
പൊലിസില്‍ ചേരുമ്പോഴും കുട്ടിക്കാലത്ത് തനിക്കുണ്ടായ അനുഭവം അദ്ദേഹം ആരോടും പറഞ്ഞില്ല. എന്നാല്‍ തന്നെ ഉപദ്രവിച്ച കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അദ്ദേഹം പിന്നീട് തീരുമാനിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ജോണിനെ പലതവണ വിളിപ്പിച്ചു. വിചാരണയ്ക്ക് പോകണോ എന്ന് അദ്ദേഹം ചോദിച്ചു, ഉറപ്പുണ്ട് എന്നദ്ദേഹം മറുപടി പറഞ്ഞു.
കോടതിയിലെ ആദ്യ ദിവസം അദ്ദേഹം തന്റെ അക്രമിയെ വീണ്ടും കണ്ടു. ഒരു സ്‌ക്രീന്‍ ഉപയോഗിക്കാനോ വീഡിയോ ലിങ്ക് വഴി തെളിവ് നല്‍കാനോ അദ്ദേഹം വിസമ്മതിച്ചു. ''എനിക്ക് അയാളുടെ കണ്ണിലേക്ക് നോക്കി എന്നോട് എന്താണ് ചെയ്തതെന്ന് ചോദിക്കണം'' ജോണ്‍ മേലുദ്യോഗസ്ഥനോട് പറഞ്ഞു.
വിചാരണ വേള ഒട്ടും എളുപ്പമായിരുന്നില്ല. അദ്ദേഹം മാനസികമായി ആകെ തകര്‍ന്നു. കോടതിയില്‍ തെളിവ് നല്‍കിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനാണ് താന്‍ എന്നത് മറന്ന് അദ്ദേഹം ഒരു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു. മാനസികമായും വൈകാരികമായും ശാരീരികമായും അദ്ദേഹം തളര്‍ന്നു പോയെങ്കിലും, അവസാന നിമിഷം വരെ അദ്ദേഹം തന്നാല്‍ കഴിയുന്നതെല്ലാം കേസിന് വേണ്ടി ചെയ്തു.
എന്നാല്‍ എല്ലാം വെറുതെയായി. അദ്ദേഹത്തെ ആക്രമിച്ചെന്ന് പറഞ്ഞയാള്‍ സ്വതന്ത്രനായി. അദ്ദേഹം ആകെ തകര്‍ന്നു പോയി.
''ഞാന്‍ വീട്ടില്‍ പോയി മൂന്ന് മാസം പുറത്തിറങ്ങാതെ എന്റെ കിടപ്പുമുറിയില്‍ കഴിച്ചുകൂട്ടി. ഞാന്‍ ഭക്ഷണം കഴിച്ചില്ല. രാവും, പകലും ഉറങ്ങി കൊണ്ടിരുന്നു. ആറ് മാസമെടുത്തു എനിക്ക് അതില്‍ നിന്ന് പുറത്ത് വരാന്‍,' അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം തന്റെ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമമായിരുന്നു.
2014-ല്‍ അദ്ദേഹം വിവാഹിതനായി. ജര്‍മ്മന്‍കാരിയായ അവള്‍ എഞ്ചിനീയറായിരുന്നു. അവള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ''ഞാന്‍ ചെയ്യുന്ന ജോലിയെ അവള്‍ പിന്തുണയ്ക്കുകയും, എന്റെ ഭൂതകാലത്തെക്കുറിച്ച് തുറന്നുപറയുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു,' അദ്ദേഹം പറഞ്ഞു.
ഒടുവില്‍ അദ്ദേഹത്തിന്റെ ജീവിതം വീണ്ടും തളിരിട്ടു. 'ഇപ്പോള്‍ എനിക്ക് വിഷാദമില്ല. കുറ്റബോധവും നാണക്കേടുമില്ല, അങ്ങേയറ്റം അഭിമാനമാണ്. കാരണം ഞാന്‍ എത്രത്തോളം മുന്നോട്ട് പോയി എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു,' അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍, ലൈംഗിക പീഡന കേസുകളിലെ ഇരകളെ സഹായിക്കുകയാണ് ജോണിന്റെ പ്രധാന ചുമതല. സര്‍വൈവേഴ്‌സ് ട്രസ,റ്റ് എന്നൊരു കൂട്ടായ്മ ഉണ്ടാക്കി അതിലൂടെ കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയാവുന്നവരെ സഹായിക്കുകയാണ് ഇദ്ദേഹം. അക്രമികളെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള സഹായം നല്‍കുക. ഇരകള്‍ക്ക് എല്ലാ വിധത്തിലുള്ള സഹായവും നല്‍കുക. അതാണ് അദ്ദേഹം മറ്റെല്ലാറ്റിനേക്കാളും വലുതായി കാണുന്നത്.