
"അവസാനത്തെ മരവും വെട്ടിമാറ്റിക്കഴിയുമ്പോൾ, അവസാനത്തെ നദിയും വിഷലിപ്തമാക്കിക്കഴിയുമ്പോൾ, അവസാനത്തെ മീനിനെയും പിടിച്ചു കഴിയുമ്പോൾ മാത്രമായിരിക്കും മനുഷ്യൻ തിരിച്ചറിയുക—പണം തിന്നാൻ കഴിയില്ലെന്ന്!"
ഈ വാക്കുകൾ വികസനത്തിന്‍റെ ലഹരിയിൽ ലോകം പണ്ടേ മറന്നതാണ്. വൻകിട ഫാക്ടറികളും ആകാശമുട്ടുന്ന കെട്ടിടങ്ങളും വിശാലമായ ഹൈവേകളും മാത്രമാണ് പുരോഗതിയുടെ അടയാളമെന്ന് നാം വിശ്വസിച്ചു. അതിനായി കാടുകളെ നമ്മൾ വെട്ടിപ്പിടിച്ചു കൊണ്ടേയിരുന്നു. എന്നാൽ, ഈ വിനാശകരമായ ചിന്താഗതിയെ തിരുത്തിക്കൊണ്ട്, പച്ചപ്പ് നിലനിർത്തിക്കൊണ്ട് തന്നെ ഒരു രാജ്യത്തിന് എങ്ങനെ കോടീശ്വരനാകാമെന്ന് കാട്ടിത്തരികയാണ് മധ്യ അമേരിക്കയിലെ 'കോസ്റ്റാറിക്ക' എന്ന കൊച്ചു രാജ്യം. ഒരുകാലത്ത് വനനശീകരണത്തിന്‍റെ കരിനിഴലിലായിരുന്ന ഈ രാജ്യം ഇന്ന് ലോകത്തിന് മുന്നിൽ ഒരു ഹരിത അത്ഭുതമായി മാറിയത് എങ്ങനെയെന്ന് നോക്കാം.
മധ്യ അമേരിക്കയിലെ ഈ കൊച്ചു രാജ്യം ഇന്ന് ലോക പരിസ്ഥിതി സംരക്ഷണ ചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നാണ്. ഒരുകാലത്ത് വനനശീകരണത്തിന്‍റെ കറുത്ത ദിനങ്ങളിലൂടെ കടന്നുപോയ ഇവർ, ഇന്ന് ലോകം ബഹുമാനത്തോടെ നോക്കിക്കാണുന്ന ഹരിത മാതൃകയായി മാറിയിരിക്കുന്നു. പ്രകൃതിയെ ഹനിക്കാതെ തന്നെ എങ്ങനെ സാമ്പത്തിക വളർച്ചയും വികസനവും കൈവരിക്കാമെന്ന് കോസ്റ്റാറിക്ക ലോകത്തിന് കാട്ടിക്കൊടുത്തു. മറ്റൊരു ലോക പരിസ്ഥിതി ദിനം കൂടി കടന്നുപോകുമ്പോൾ, ഭൂമിയുടെ നിലനിൽപ്പിനായി നാം വായിച്ചിരിക്കേണ്ട പ്രതീക്ഷയുടെ പാഠപുസ്തകമാണ് കോസ്റ്റാറിക്ക.
വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഭാഗത്താണ് കോസ്റ്റാറിക്കയുടെ സ്ഥാനം. ഭൂമിശാസ്ത്രപരമായ വിസ്തൃതിയിൽ നമ്മുടെ കേരളത്തേക്കാൾ അല്പം മാത്രം വലിയൊരു രാജ്യം. എന്നാൽ, പ്രകൃതിസമ്പത്തിന്‍റെ കാര്യത്തിൽ ഇവർ ഒരു ആഗോള 'മഹാശക്തി' തന്നെയാണ്.
ലോകത്തിലെ മൊത്തം ജൈവവൈവിധ്യത്തിന്‍റെ ഏകദേശം 5 ശതമാനത്തോളം ഈ ചെറിയ രാജ്യത്തിനുള്ളിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
നിബിഡമായ മഴക്കാടുകൾ, മഞ്ഞുപുതച്ച മേഘക്കാടുകൾ (Cloud forests), സജീവമായ അഗ്നിപർവതങ്ങൾ, കാട്ടുചോലകൾ, നദികൾ, മനംമയക്കുന്ന സമുദ്രതീരങ്ങൾ, മറ്റെങ്ങും കാണാത്ത അപൂർവ ജീവജാലങ്ങൾ... അങ്ങനെ പ്രകൃതിയുടെ അത്ഭുതങ്ങളുടെ ഒരു വലിയ ശേഖരം തന്നെയാണ് ഈ മണ്ണിലുള്ളത്. എന്നാൽ, ഇന്ന് കാണുന്ന ഈ പച്ചപ്പ് അത്ര എളുപ്പത്തിൽ നിലനിർത്തിയ ഒന്നായിരുന്നില്ല.
1950 -കളിലും '60 -കളിലും സാമ്പത്തിക വളർച്ചയുടെ പുതിയ പാതകളിലായിരുന്നു കോസ്റ്റാറിക്ക. എന്നാൽ, അതിനായി അവർ തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നു. കൃഷിയും കന്നുകാലി വളർത്തലും വ്യാപിപ്പിക്കുന്നതിനായി രാജ്യത്തെ വനങ്ങൾ വൻതോതിൽ വെട്ടിമാറ്റപ്പെട്ടു. കാടുകൾ കൃഷിയിടങ്ങളായപ്പോൾ പച്ചപ്പുനിറഞ്ഞ മരങ്ങൾ കേവലം കച്ചവട വസ്തുക്കളായി മാറി.
അടുത്ത അഞ്ച് പതിറ്റാണ്ടുകൾ കൊണ്ട് രാജ്യം നേരിട്ടത് സമാനതകളില്ലാത്ത പ്രകൃതിചൂഷണം. ഇതിന്‍റെ ഫലമായി 1980 -കളോടെ രാജ്യത്തിന്‍റെ വന ഭൂമി വെറും 25 ശതമാനത്തോളമായി ചുരുങ്ങി. കാടുകൾ ഒഴിഞ്ഞതോടെ മണ്ണൊലിപ്പും കടുത്ത ജലക്ഷാമവും നേരിട്ടു. ജൈവവൈവിധ്യം വംശനാശത്തിന്‍റെ വക്കിലെത്തി. പ്രകൃതിയെ മറന്നുള്ള വികസനത്തിന്‍റെ കയ്പേറിയ വില രാജ്യം തിരിച്ചറിയാൻ തുടങ്ങിയത് അപ്പോഴാണ്.
1980 -കളുടെ അവസാനത്തിൽ കോസ്റ്റാറിക്കയിലെ ഭരണാധികാരികളും നയരൂപകർത്താക്കളും ഒരു അടിസ്ഥാന ചോദ്യം സ്വയം ചോദിച്ചു. "ഒരു കാട് വെട്ടുമ്പോൾ കിട്ടുന്ന മരത്തടിയുടെ വില മാത്രമാണോ ആ വനത്തിന്‍റെ യഥാർത്ഥ മൂല്യം?"
ഉത്തരം വളരെ വ്യക്തമായിരുന്നു 'അല്ല!' ഒരു വനം എന്നത് കേവലം മരക്കൂട്ടങ്ങളല്ല. അത് മഴയെ സ്വാധീനിക്കുന്നു, നദികളെ കാക്കുന്നു, വായു ശുദ്ധീകരിക്കുന്നു, അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യുന്നു. ഒപ്പം കോടിക്കണക്കിന് ജീവജാലങ്ങൾക്ക് ആവാസവ്യവസ്ഥയൊരുക്കുന്നു. ഈ പ്രകൃതിദത്ത സേവനങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ അമൂല്യമാണ്. എന്നാൽ, അതുവരെ ഇത്തരം സേവനങ്ങൾക്ക് ആരും സാമ്പത്തിക മൂല്യം കണക്കാക്കിയിരുന്നില്ല. ഈ സുപ്രധാന തിരിച്ചറിവാണ് ലോകത്തിലെ തന്നെ ഏറ്റവും വിപ്ലവാത്മകമായ ഒരു പരിസ്ഥിതി നയത്തിന് ജന്മം നൽകിയത്.
1997 -ൽ കോസ്റ്റാറിക്ക "പേയ്മെന്‍റ് ഫോർ ഇക്കോസിസ്റ്റം സർവീസസ്" (Payment for Ecosystem Services - PES) എന്ന പദ്ധതിക്ക് തുടക്കമിട്ടു. ഈ പദ്ധതിയുടെ ആശയം വളരെ ലളിതവും എന്നാൽ, ശക്തവുമായിരുന്നു.
പരിസ്ഥിതി സംരക്ഷണം എന്നത് വെറുമൊരു ഉപദേശമോ സാമൂഹിക ഉത്തരവാദിത്തമോ മാത്രമല്ല, മറിച്ച് അത് സാമ്പത്തികമായി ലാഭമുള്ള ഒരു തൊഴിൽ കൂടിയാണെന്ന് കോസ്റ്റാറിക്ക പ്രഖ്യാപിച്ചു. ലോകരാജ്യങ്ങൾക്ക് ഇത് തികച്ചും പുത്തൻ അനുഭവമായിരുന്നു.
സർക്കാർ പ്രഖ്യാപനങ്ങൾക്കപ്പുറം ഈ പദ്ധതി ജനകീയമായതായിരുന്നു കോസ്റ്റാറിക്കയുടെ വിജയം. ഗ്രാമീണ ജനതയും കർഷകരും പരിസ്ഥിതി സംഘടനകളും ഗവേഷകരും ഒരേ മനസ്സോടെ പദ്ധതിയുടെ ഭാഗമായി. മരങ്ങൾ വെട്ടിവിറ്റാൽ മാത്രമേ പണം കിട്ടൂ എന്ന പരമ്പരാഗത ചിന്താഗതി മാറി. കാട് നിലനിർത്തിയാലും അന്തസ്സായി ജീവിക്കാനുള്ള വരുമാനം ലഭിക്കുമെന്ന് ജനങ്ങൾ മനസ്സിലാക്കി.
ഇതിന്‍റെ ഫലമായി രാജ്യത്ത് വൻതോതിലുള്ള വനവൽക്കരണം നടന്നു. ഇന്ന് കോസ്റ്റാറിക്കയുടെ പകുതിയിലേറെ ഭൂഭാഗവും (50 % മുകളിൽ) വീണ്ടും വനങ്ങളാൽ സമൃദ്ധമാണ്. വനങ്ങൾ തിരിച്ചെത്തിയതോടെ കാട്ടുജീവികളും നദികളും ജലസ്രോതസ്സുകളും പുനർജനിച്ചു. ലോകമെമ്പാടും വനനശീകരണം രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ, വനാവരണം ഇരട്ടിയാക്കി വർദ്ധിപ്പിച്ച അപൂർവ്വം രാജ്യങ്ങളിലൊന്നായി കോസ്റ്റാറിക്ക മാറി.
പരിസ്ഥിതി സംരക്ഷിച്ചാൽ വികസനം മുരടിക്കുമെന്ന വാദങ്ങളുടെ മുനയൊടിക്കുന്നതാണ് കോസ്റ്റാറിക്കയുടെ സാമ്പത്തിക വളർച്ച. വനങ്ങളും ദേശീയോദ്യാനങ്ങളും സംരക്ഷിക്കപ്പെട്ടതോടെ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികൾ ഈ കൊച്ചു രാജ്യത്തേക്ക് ഒഴുകിയെത്തി. 'ഇക്കോ ടൂറിസം' (Eco-tourism) രാജ്യത്തിന്‍റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായി മാറി.
കോസ്റ്റാറിക്കൻ മാതൃകയുടെ പ്രധാന വരുമാന മാർഗ്ഗങ്ങൾ
പ്രകൃതിയെ തൊട്ടുറിഞ്ഞുള്ള ഈ വിനോദസഞ്ചാരം ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തിന്‍റെ ജിഡിപി ഉയർത്തുകയും ചെയ്തു.
വനം വച്ചുപിടിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല കോസ്റ്റാറിക്കയുടെ പരിസ്ഥിതി പ്രേമം. തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി അവർ ഫോസിൽ ഇന്ധനങ്ങളെ (പെട്രോളിയം, കൽക്കരി) ആശ്രയിക്കുന്നത് പരമാവധി കുറച്ചു. പകരം ജലവൈദ്യുതി, കാറ്റ്, സൗരോർജ്ജം, ഭൂതാപ ഊർജ്ജം (Geothermal energy) എന്നിവയിലൂടെ ഹരിത ഊർജ്ജ ഉൽപ്പാദനത്തിൽ അവർ സ്വയംപര്യാപ്തത നേടി.
കോസ്റ്റാറിക്കയുടെ ഈ ഹരിതവിപ്ലവം ഇന്ത്യയ്ക്കും, പ്രത്യേകിച്ച് ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടത്തെ കാത്തുസൂക്ഷിക്കുന്ന കേരളത്തിനും വലിയൊരു പാഠമാണ്.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം ലോകം ഇന്ന് ഉരുകുകയാണ്. താപനില ഉയരുന്നു, പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നു, ഋതുചക്രങ്ങൾ മാറുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കോസ്റ്റാറിക്ക ലോകത്തിന് നൽകുന്നത് വെറുമൊരു വിജയകഥ മാത്രമല്ല; മറിച്ച് അതിജീവനത്തിന്‍റെ വലിയൊരു സന്ദേശമാണ്. ഒരു രാജ്യം തങ്ങളുടെ കാടുകളെ നെഞ്ചോട് ചേർക്കാൻ തീരുമാനിച്ചപ്പോൾ അവിടെ പ്രകൃതി മാത്രമല്ല രക്ഷപ്പെട്ടത്. ആ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയും ജനങ്ങളുടെ ആരോഗ്യവും വരുംതലമുറയുടെ ഭാവിയുമാണ് സുരക്ഷിതമായത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മരണച്ചരടുകൾ അതിവേഗം വീണുകൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. വേനലിൽ ഉരുകിയും വർഷത്തിൽ മുങ്ങിയുമുള്ള കേരളത്തിന്‍റെ സമകാലിക അവസ്ഥകൾ പ്രകൃതിയോട് നാം ചെയ്യുന്ന യുദ്ധത്തിന്‍റെ തിരിച്ചടികളാണ്. ഇവിടെയാണ് കോസ്റ്റാറിക്ക നമുക്ക് വഴികാട്ടിയാവുന്നത്.
കോസ്റ്റാറിക്കയിലെ മരങ്ങൾ ഇന്ന് വെറുമൊരു തടിയല്ല, അത് ആ രാജ്യത്തിന്‍റെ ജീവശ്വാസവും സമ്പത്തുമാണ്. വികസനവും പരിസ്ഥിതിയും രണ്ട് ധ്രുവങ്ങളിലല്ല, മറിച്ച് പരസ്പരം കൈകോർത്ത് പോകേണ്ടവയാണെന്ന് അവർ തെളിയിച്ചു കഴിഞ്ഞു. ഈ പരിസ്ഥിതി ദിനത്തിൽ കോസ്റ്റാറിക്കൻ മാതൃകയിലേക്ക് നമ്മൾ നോക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. നമ്മൾ ഭൂമിയെ കാത്താൽ, ഭൂമി നമ്മെയും കാക്കും. വരുംതലമുറയ്ക്കായി നമുക്ക് കാത്തുവെക്കാൻ പണയപ്പെടുത്താത്ത ഒരു നല്ല നാളെ വേണമെന്ന തിരിച്ചറിവാണ് കോസ്റ്റാറിക്കൻ അത്ഭുതം ലോകത്തിന് നൽകുന്ന ഏറ്റവും വലിയ പാഠം.