ആളുകള്‍ക്കെല്ലാം കയറിൽക്കൂടി നടക്കാനറിയാവുന്ന ഒരു നാട്!

Published : Oct 20, 2021, 03:32 PM IST
ആളുകള്‍ക്കെല്ലാം കയറിൽക്കൂടി നടക്കാനറിയാവുന്ന ഒരു നാട്!

Synopsis

അടുത്തുള്ള ഗ്രാമങ്ങളിലെ കാമുകിമാരെ കാണാൻ പുരുഷന്മാർക്ക് ദിവസങ്ങളോളം ട്രെക്കിംഗ് നടത്തേണ്ടി വന്നിരുന്നു. ഇത് മടുത്ത അവർ കുറുക്കുവഴികൾ അന്വേഷിച്ചു. അങ്ങനെയാണ് കയറിൽ കൂടി നടന്ന് എളുപ്പത്തിൽ കാമുകിമാരുടെ സമീപം എത്താമെന്ന് അവർ കണ്ടെത്തിയത്. 

റഷ്യ(Russia)യുടെ തെക്കൻ പർവതങ്ങളിൽ സോവ്ക്രാ -1(Tsovkra-1) എന്നൊരു ഗ്രാമമുണ്ട്. കാഴ്ചയിൽ മറ്റേതൊരു ഗ്രാമത്തെയും പോലെയാണ് അത്. കഠിനമായ ശൈത്യകാലവും, പട്ടിണിയും, വലിയ സ്വപ്നങ്ങളുമായി നഗരങ്ങളിലേയ്ക്ക് കുടിയേറുന്ന ചെറുപ്പക്കാരും ഒക്കെയുള്ള ഗ്രാമം പക്ഷേ ഒരു കാര്യത്തിൽ തീർത്തും വ്യത്യസ്തമാണ്. സാഹസികതയുടെ ഒരിക്കലും തീരാത്ത വിസ്മയമാണ് ആ മണ്ണ്. അവിടത്തെ ഓരോ ഗ്രാമീണനും കയറിൽ കൂടി നടക്കാനുള്ള അതുല്യമായ കഴിവുണ്ട്.  

പണ്ട് കാലങ്ങളിൽ തെരുവിൽ പ്രകടനം നടത്തുന്ന കലാകാരന്മാർ ചെയ്തിരുന്ന ഇത് ഇപ്പോൾ ഏറെക്കുറെ അന്യമാണ്. കയറിലൂടെ ബാലൻസ് വിടാതെയുള്ള അവരുടെ നടത്തം കാണികൾ പലപ്പോഴും അമ്പരപ്പോടെ നോക്കി നിൽക്കാറുണ്ട്. എന്നാൽ, ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും ഈ കയർ കൊണ്ടുള്ള അഭ്യാസപ്രകടനം സ്വായത്തമാണ് എന്നത് തീർത്തും അതിശയകരമാണ്. ഗ്രാമത്തിൽ എന്ന് മുതലാണ് ഈ പാരമ്പര്യം ആരംഭിച്ചതെന്ന് വ്യക്തമല്ല. എന്നാലും 100 വർഷങ്ങൾക്ക് മുൻപാണ് ഇത് എന്ന് കരുതുന്നു. ഗ്രാമത്തിലുള്ള എല്ലാ ആരോഗ്യമുള്ള സ്ത്രീയും പുരുഷനും ഇത് പഠിച്ചിരുന്നു. പലരും സർക്കസ് കലാകാരന്മാരായിരുന്നു. 1980 -കളിൽ ഗ്രാമത്തിലെ ജനസംഖ്യ മൂവായിരമായിരുന്നു. എന്നാൽ ഇന്ന് 400 -ൽ താഴെ ആളുകൾ മാത്രമേ അവിടെ താമസിക്കുന്നുള്ളൂ. എന്നിട്ടും പക്ഷേ ഇന്നും ഗ്രാമത്തിലെ എല്ലാ സ്കൂൾ കുട്ടികളും ഇത് പഠിക്കുന്നു. കൂടാതെ പ്രായമായവരും ചെറുപ്പക്കാരും എല്ലാ ദിവസവും മുടങ്ങാതെ ഇത് പരിശീലിക്കുകയും ചെയ്യുന്നു.  

വിശ്വാസം അനുസരിച്ച്, അവിടെയുള്ള പുരുഷന്മാർ തങ്ങളുടെ കാമുകിമാരുടെ അടുത്ത് എളുപ്പം എത്തിച്ചേരാനായിട്ടായിരുന്നു ഇത് പരിശീലിച്ചിരുന്നത് എന്നാണ്. അടുത്തുള്ള ഗ്രാമങ്ങളിലെ കാമുകിമാരെ കാണാൻ പുരുഷന്മാർക്ക് ദിവസങ്ങളോളം ട്രെക്കിംഗ് നടത്തേണ്ടി വന്നിരുന്നു. ഇത് മടുത്ത അവർ കുറുക്കുവഴികൾ അന്വേഷിച്ചു. അങ്ങനെയാണ് കയറിൽ കൂടി നടന്ന് എളുപ്പത്തിൽ കാമുകിമാരുടെ സമീപം എത്താമെന്ന് അവർ കണ്ടെത്തിയത്. എന്നാൽ ചില പ്രദേശവാസികൾക്ക് പാലങ്ങൾ തകരുമ്പോൾ നദികളും ആറും മുറിച്ച് കടക്കാനുള്ള ഒരു കാര്യക്ഷമമായ മാർഗ്ഗം കൂടിയാണിത്. ബാക്കിയുള്ളവർക്ക് പണമുണ്ടാക്കാനുള്ള എളുപ്പവഴിയും.  

കാരണം കൃഷിചെയ്യാൻ അനുയോജ്യമായ മണ്ണല്ല അവിടെയുള്ളത്. അതുകൊണ്ട് തന്നെ പട്ടിണി അവരുടെ കൂടെപ്പിറപ്പാണ്. കുടുംബങ്ങളെ പോറ്റാൻ പുരുഷന്മാർക്ക് ഈ കയർ നടത്തം പരിശീലിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ആ കലയുടെ പ്രതാപകാലം കഴിഞ്ഞു പോയി. അതുകൊണ്ട് തന്നെ ഇന്ന് പലരും ഇത് പിന്തുടരുന്നില്ല. മിക്ക യുവാക്കളും റഷ്യൻ പട്ടണങ്ങളിലും നഗരങ്ങളിലും സ്ഥിരമായി ജോലി തേടി പോകുന്നു. ചിലർ മാത്രമാണ് അവരുടെ ഗ്രാമത്തിന്റെ പാരമ്പര്യം ഒരു ഹോബിയായി ഇപ്പോഴും കൊണ്ടുനടക്കുന്നത്. എന്നാലും പക്ഷേ ഗ്രാമത്തിലെ എല്ലാവർക്കും ഇപ്പോഴും കയറിൽ കൂടി നടക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു.  
 

PREV
click me!

Recommended Stories

മൈനസ് 8°C -യിലെ പ‍ർവ്വതാരോഹണം, കാമുകിയെ മരണത്തിന് വിട്ടുനൽകിയെന്ന് ആരോപിച്ച് കാമുകനെതിരെ കേസ്
പുള്ളിപ്പുലികളെ വന്ധ്യംകരിക്കണം; അവ നാട്ടിലിറങ്ങുന്നത് തടയാൻ ആടുകളെ കാട്ടിലേക്ക് വിടണം; മഹാരാഷ്ട്ര വനം മന്ത്രി