മുകൾഭാ​ഗത്ത് കൊക്കില്ല, തൂവലുകൾ മിനുസപ്പെടുത്തുന്നതിനും, അഴുക്ക് കളയാനും തത്ത കണ്ടെത്തിയ മാർ​ഗം

By Web TeamFirst Published Oct 20, 2021, 2:59 PM IST
Highlights

ഓക്ക്ലാൻഡ് സർവകലാശാലയിലെ ഗവേഷകർ ഈ പഠനം സയന്റിഫിക് റിപ്പോർട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ പഠനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ധാരാളം വിമർശനങ്ങൾ അവർ നേരിട്ടിരുന്നു. 

മനുഷ്യർ മാത്രമല്ല അതിജീവനത്തിനായി കണ്ടുപിടിത്തങ്ങൾ നടത്തുന്നത്, ചിലപ്പോൾ മൃഗങ്ങളും അതിന് മുതിരും. തന്റെ കുറവിനെ അതിജീവിക്കാനായി ഒരു നൂതന മാർ​ഗം സ്വയം കണ്ടെത്തിയ ന്യൂസിലാന്റിലുള്ള ഒരു തത്ത(Parrot)യാണ് ഇപ്പോൾ താരം. ബ്രൂസ്(Bruce) എന്നാണ് അവന്റെ പേര്. പ്രായം ഒമ്പത്. ന്യൂസിലാന്റിൽ(New Zealand) മാത്രം കാണപ്പെടുന്ന കിയ(kea) എന്ന ഇനത്തിൽ പെട്ട തത്തയാണ് ബ്രൂസ്. കാണാൻ നല്ല ഭംഗിയുള്ള അവന് പക്ഷേ മുകളിലത്തെ കൊക്ക് ഇല്ല.  

കുഞ്ഞായിരിക്കുമ്പോഴാണ് ക്രൈസ്റ്റ്ചർച്ചിലെ വില്ലോബാങ്ക് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ അവൻ എത്തുന്നത്. അവനെ കണ്ടെത്തുന്നത് മുതൽ അവന് കൊക്കിന്റെ മുകൾഭാഗം ഇല്ല. മൃഗങ്ങൾക്കുള്ള കെണിയിൽ കുടുങ്ങിപ്പോയിട്ടാകാം അവന്റെ കൊക്ക് ഒടിഞ്ഞുപോയതെന്ന് കരുതുന്നു. അവശനിലയിൽ കണ്ടെത്തിയ അവനെ വന്യജീവി ഗവേഷകർ പരിപാലിച്ച് വീണ്ടും ആരോഗ്യവാനാക്കി. ഇപ്പോൾ അവൻ മറ്റ് തത്തകളോടൊപ്പം അവിടെ കഴിയുന്നു. എന്നാൽ, കിയ തത്തകളെ സംബന്ധിച്ചിടത്തോളം കൊക്കില്ലാത്തത് ഒരു ഗുരുതരമായ പ്രശ്നമാണ്. കീടങ്ങളെ അകറ്റുന്നതിനും, അഴുക്കും പൊടിയും തൂവലിൽ നിന്ന് നീക്കം ചെയ്യുന്നതിനും, തൂവലുകൾ മിനുസപ്പെടുത്തുന്നതിനും വളരെ നീളമുള്ള, വളഞ്ഞ കൊക്ക് അവയ്ക്ക് അനിവാര്യമാണ്.  
 
എന്നാൽ, ബ്രൂസാകട്ടെ അതിനൊരു പരിഹാരം സ്വയം കണ്ടെത്തി. ശരിയായ വലുപ്പത്തിലുള്ള കല്ലുകൾ എടുത്ത് നാവിനും താഴത്തെ കൊക്കിനുമിടയിൽ പിടിച്ച് കല്ലിന്റെ അറ്റം കൊണ്ട് തൂവലുകൾ ചീകാൻ അവൻ സ്വയം പരിശീലിച്ചു. കിയ തത്തകൾ പൊതുവെ ഇത്തരം മാർ​ഗങ്ങൾ സ്വീകരിച്ച് കണ്ടിട്ടില്ല. അതിനാൽ വൈകല്യത്തിന് പരിഹാരമായി അവൻ കണ്ടെത്തിയ ഈ നൂതന മാർ​ഗം അവന്റെ ബുദ്ധിശക്തിയുടെ തെളിവാണെന്ന് ഇതിനെ കുറിച്ച് പഠിച്ച യൂണിവേഴ്സിറ്റി ഓഫ് ഓക്ക്ലാൻഡ് സ്കൂൾ ഓഫ് സൈക്കോളജിയിലെ ഗവേഷകയായ അമലിയ ബാസ്റ്റോസ് പറഞ്ഞു. പുതിയ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ അവയോട് പൊരുത്തപ്പെടാനും, അവ പരിഹരിക്കാനും കിയ തത്തകൾക്ക് കഴിയുമെന്നും അമലിയ കൂട്ടിച്ചേർത്തു.

ഓക്ക്ലാൻഡ് സർവകലാശാലയിലെ ഗവേഷകർ ഈ പഠനം സയന്റിഫിക് റിപ്പോർട്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ പഠനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ധാരാളം വിമർശനങ്ങൾ അവർ നേരിട്ടിരുന്നു. ബ്രൂസ് കല്ല് വായിൽ വച്ചത് യാദൃച്ഛികമാകാമെന്നതായിരുന്നു അതിലൊന്ന്. പക്ഷെ അവൻ പലതവണ ഇത് ആവർത്തിച്ചുവെന്നവർ കണ്ടെത്തി. ചിറകുകൾ കോതിയൊതുക്കാനല്ലാതെ അവൻ കല്ലുകൾ എടുക്കാറില്ലെന്നും ഗവേഷകർ മനസ്സിലാക്കി. ബുദ്ധിശക്തിയ്ക്ക് പൊതുവെ പേരുകേട്ട പക്ഷിയാണ് കിയ. പക്ഷേ ബ്രൂസ് മറ്റ് പക്ഷികളെ അപേക്ഷിച്ച് കൂടുതൽ ബുദ്ധിശാലിയാണെന്നും സ്വന്തം ആശയങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം വളരെ സങ്കീർണ്ണമായ ജോലികൾ എളുപ്പത്തിൽ ചെയ്യാൻ അവന് കഴിയുമെന്നും അമലിയ പറഞ്ഞു. 

click me!