
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് അസാധാരണമായ വിവരങ്ങളായിരുന്നു. ജൊനാഥന്റെ കൈകളില്‍ ഇഞ്ചക്ഷന്‍ ചെയ്തതിന്റെ നിരവധി മുറിവുകള്‍ കണ്ടെത്തി. ശരീരാസകലം മറ്റനേകം മുറിവുകളും അയാളിലുണ്ടായിരുന്നു. ഇവയില്‍ പലതും മല്‍പ്പിടുത്തത്തിനിടയില്‍ ഉണ്ടായതാണ് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചന.
വധശിക്ഷയ്ക്ക് വിധേയനായ ജൊനാഥന്‍, അയാള്‍ വധിച്ച ഫെയിത്ത് ഹാള്‍
മാരക വിഷം കുത്തിവെച്ചിട്ടും മരിച്ചില്ല. മൂന്ന് മണിക്കൂര്‍ മരണവെപ്രാളം. അതിനു ശേഷം മരണം. ഇത് അമേരിക്കന്‍ തടവുകാരനായ ജൊനാഥന്‍ ജെയിംസ് ജൂനിയറിന്റെ കഥ. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വധശിക്ഷയായിരുന്നു ജൊനാഥന്‍േറത്.
കഴിഞ്ഞ ജൂലൈ 28 -നായിരുന്നു അലബാമയില്‍നിന്നുള്ള തടവുകാരനായ ജൊനാഥന്‍ ജെയിംസ് ജൂനിയറിന്റെ വധശിക്ഷ സൗത്ത് അലബാമ ജയിലില്‍ നടപ്പിലാക്കിയത്. മുന്‍ കാമുകിയെ കൊന്ന കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാളെ, ഇരയുടെ കുടുംബത്തിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ജൂലൈ 28-ന് വൈകിട്ട് ആറുമണിക്ക് ശരീരത്തില്‍ വിഷം കുത്തിവെച്ചാണ് ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയത്. മാരകമായ മൂന്നു മരുന്നുകള്‍ ശരീരത്തില്‍ കുത്തിവെച്ചാണ് ഇങ്ങനെ വധശിക്ഷ നടപ്പിലാക്കുന്നത്. കുത്തിവെച്ച് രണ്ടു മിനിറ്റിനുള്ളില്‍ തന്നെ മരണം സംഭവിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
എന്നാല്‍ ജൊനാഥന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. മരുന്നുകള്‍ കുത്തിവെച്ച ശേഷം മണിക്കൂര്‍ പിന്നിട്ടിട്ടും ഇയാളുടെ മരണം സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ആയില്ല. പിന്നീട് മൂന്ന് മണിക്കൂറിനു ശേഷം, രാത്രി 9.27നാണ് ഇയാളുടെ മരണം ഡോക്ടര്‍മാര്‍ സ്ഥിരുകരിച്ചത്. മൂന്നു മണിക്കൂറില്‍ കൂടുതലാണ് ഇയാള്‍ മരണ വെപ്രാളത്തില്‍ കഴിഞ്ഞത്. ഒടുവില്‍, യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വധശിക്ഷ അനുഭവിച്ച് ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജൊനാഥന്റെ മരണത്തിലെ അസ്വാഭാവികതകള്‍ വലിയ ചര്‍ച്ചയായി. പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് ഒരു മനുഷ്യാവകാശ സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന് ജൊനാഥന്റെ ശരീരത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് അസാധാരണമായ വിവരങ്ങളായിരുന്നു. ജൊനാഥന്റെ കൈകളില്‍ ഇഞ്ചക്ഷന്‍ ചെയ്തതിന്റെ നിരവധി മുറിവുകള്‍ കണ്ടെത്തി. ശരീരാസകലം മറ്റനേകം മുറിവുകളും അയാളിലുണ്ടായിരുന്നു. ഇവയില്‍ പലതും മല്‍പ്പിടുത്തത്തിനിടയില്‍ ഉണ്ടായതാണ് എന്നാണ് റിപ്പോര്‍ട്ടില്‍ സൂചന.
എന്നാല്‍, വധശിക്ഷ നടപ്പാക്കിയതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും വധശിക്ഷ ആരംഭിച്ചപ്പോള്‍ തന്നെ ജൊനാഥന്‍ മയക്കത്തിലായി എന്നും അലബാമ കറക്ഷന്‍സ് കമ്മീഷണര്‍ ജോണ്‍ ഹാം തറപ്പിച്ചു പറഞ്ഞു. മൂന്ന് മണിക്കൂര്‍ നീണ്ട നടപടിക്രമത്തിനിടെ ജൊനാഥന്‍ പൂര്‍ണ്ണമായും നിശബ്ദനായിരുന്നുവെന്നും വധശിക്ഷയ്ക്കിടെ ഒരു സമയത്തും കണ്ണുതുറക്കാനോ അവസാന വാക്കുകള്‍ ഉച്ചരിക്കാനോ വാര്‍ഡനോട് അന്തിമ മൊഴി നല്‍കാനോ ഇയാള്‍ തയ്യാറായില്ല എന്നും നിരീക്ഷകര്‍ പറഞ്ഞു.
എന്നാല്‍ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചു എന്ന് തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ കുറിച്ച് പഠിച്ച വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ മരുന്ന് കുത്തിവെക്കുന്നതില്‍ ഉണ്ടായ പിഴവാകാം ഇയാളുടെ മരണം മണിക്കൂറുകളോളം വൈകാന്‍ ഇടയാക്കിയത് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ കയ്യിലെ ഇഞ്ചക്ഷന്‍ മുറിപ്പാടുകളും ഇതിന്റെ തെളിവാണ്. മാരകമായ മയക്കുമരുന്ന് നല്‍കുന്നതിന് ജൊനാഥന്റെ ഞരമ്പുകള്‍ കിട്ടാത്തതിനെ തുടര്‍ന്ന് അധികൃതര്‍ നടപടിക്രമങ്ങള്‍ അട്ടിമറിച്ചതായാണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എത്തിയ നിഗമനം.
1994 -ലാണ് ബക്കിംഗ്ഹാം നഗരത്തില്‍ 26 കാരിയായ ഫെയ്ത്ത് ഹാളിന് നേരെ ജൊനാഥന്‍ വെടിയുതിര്‍ക്കുന്നത്. ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ഹാള്‍ ആ സമയം. അവിടെയെത്തിയ ജൊനാഥന്‍ വാതില്‍ തകര്‍ത്ത് വീടിനകത്ത് കയറി യുവതിക്ക് നേരെ മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഹാള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് അറസ്റ്റിലായ ജൊനാഥനെ കോടതി കൊലക്കുറ്റത്തിന് ശിക്ഷിക്കുകയും വധശിക്ഷക്ക് വിധിയ്ക്കുകയും ചെയ്തു. പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ഇത്തരമൊരു ഹീനകൃത്യം ചെയ്തതെന്നായിരുന്നു കേസ്.
പിന്നീട്, കൊല്ലപ്പെട്ട ഫെയ്ത്ത് ഹാളിന്റെ കുടുംബം ജൊനാഥന് മാപ്പുനല്‍കി. പ്രതിയോട് ക്ഷമിച്ചതായും വധശിക്ഷയില്‍ നിന്ന് ഇയാളെ ഒഴിവാക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു.
ഇരയുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വികാരങ്ങള്‍ ആഴത്തില്‍ പരിഗണിക്കുന്നുവെന്നും എന്നാല്‍ നിയമത്തോടും പൊതു സുരക്ഷയോടും നീതിയോടും ഉള്ള ഉത്തരവാദിത്തം നിറവേറ്റണം എന്നായിരുന്നു ഈ അപേക്ഷയോട് അലബാമ ഗവര്‍ണറുടെ മറുപടി. വധശിക്ഷ നടക്കുമ്പോള്‍ ഹാളിന്റെ കുടുംബം ഹാജര്‍ ആയിരുന്നില്ല.